മരണശേഷം എന്റെ സ്വത്തുക്കള്‍ ഇവര്‍ക്ക് നല്‍കണം: അമിതാഭ് ബച്ചന്‍

തന്റെ മരണശേഷം സ്വത്തുക്കള്‍ ഭാഗംവെയ്ക്കുമ്പോള്‍ അത് ആര്‍ക്കായിരിക്കണം എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അമിതാഭ് ബച്ചന്‍. പ്ലക്കാര്‍ഡ് കൈയില്‍ പിടിച്ച ചിത്രം സമൂഹമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്തുകൊണ്ടാണ് ബിഗ്ബി ആ വിവരം പുറംലോകത്തോടു വിളിച്ചു പറഞ്ഞത്.

നമ്മളെല്ലാവരും തുല്യരാണ്. അതുകൊണ്ട് ലിംഗസമത്വത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആയതിനാല്‍ ഞാന്‍ മരിക്കുമ്പോള്‍ എന്റെ സ്വത്തുക്കള്‍ എന്റെ രണ്ടുമക്കള്‍ക്കുമായി വീതിച്ചു നല്‍കണം. എനിക്കു രണ്ടു മക്കളാണുള്ളത് ശ്വേതയും അഭിഷേകും. അതുകൊണ്ട് മരണശേഷം എന്റെ സ്വത്തുക്കള്‍ ഇരുവര്‍ക്കും തുല്യമായി പങ്കുവെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ലിംഗസമത്വത്തിനു വേണ്ടിയും സ്ത്രീ സുരക്ഷയ്ക്കുവേണ്ടിയും എന്നും ശക്തമായി വാദിക്കുന്നയാളാണ് അമിതാഭ് ബച്ചന്‍. സ്വന്തം തീരുമാനത്തിലുറച്ചു നില്‍ക്കുന്ന നല്ല വ്യക്തികളായി എങ്ങനെ വളരണം എന്ന സന്ദേശം ഒരു തുറന്ന കത്തിന്റെ രൂപത്തില്‍ കൊച്ചുമക്കളായ നവ്യനവേലിയ്ക്കും ആരാധ്യബച്ചനും വായിക്കുവാന്‍ വേണ്ടി ബിഗ്ബി എഴുതിയിരുന്നു. കഴിഞ്ഞവര്‍ഷമെഴുതിയ കത്ത് ഏറെ മാധ്യമശ്രദ്ധ നേടുകയും ചെയ്തിരുന്നു.

സ്വത്തുക്കള്‍ ഭാഗം വയ്ക്കുന്നതിലെ തന്റെ നിലപാടു വ്യക്തമാക്കിയതോടെ സമൂഹമാധ്യമങ്ങളിലെ ലക്ഷക്കണക്കിന് ആരാധകരുടെ മനസ്സിനെയും പ്രചോദിപ്പിച്ചിരിക്കുകയാണ് ബിഗ്ബി. കുടുംബത്തില്‍ സ്ത്രീകള്‍ക്കുള്ള പരിഗണനയും കരുതലും അവകാശങ്ങളും ഈ തുറന്നു പറച്ചിലിലൂടെ വ്യക്തമാക്കുകയാണ് അമിതാഭ് ബച്ചന്‍ എന്ന അച്ഛന്‍.