‘മരണാനന്തര ജീവിതം’ സത്യമെന്ന് ശാസ്ത്രജ്ഞര്‍

Walk into the light
ഏതൊരാളുടേയും മരണം ഉറപ്പിക്കാന്‍ ഡോക്ടര്‍മാരും അല്ലാത്തവരും ആദ്യം ചെയ്യുക ഹൃദയമിടിപ്പ് പരിശോധിക്കലാണ്. ഹൃദയം നിലച്ചാല്‍ മനുഷ്യന്‍ മരിച്ചെന്ന ധാരണ തെറ്റാണെന്നും ആ മരണത്തിന് ശേഷവും ജീവിതമുണ്ടെന്നുമാണ് ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. വിശ്വസിച്ചാലും ഇല്ലെങ്കിലും മരണാനന്തര ജീവിതം സത്യമാണെന്നാണ് ഇവര്‍ വിളിച്ചു പറയുന്നത്. നേരത്തെയും ഇത്തരം ശാസ്ത്ര പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ഹൃദയം പ്രവര്‍ത്തനം നിലച്ചശേഷവും മനുഷ്യന്റെ ബോധം മറയുന്നില്ലെന്ന കണ്ടെത്തലാണ് പുതിയ വാദങ്ങള്‍ക്ക് പിന്നില്‍. ഹൃദയം നിലച്ച് 30 സെക്കന്റിനുള്ളില്‍ മസ്തിഷ്‌കം പ്രവര്‍ത്തനം നിര്‍ത്തുമെന്നും പിന്നീട് തിരിച്ചു വരില്ലെന്നുമാണ് നമ്മുടെ ഇതുവരെയുള്ള ധാരണ. മസ്തിഷ്‌കം പ്രവര്‍ത്തനം നിര്‍ത്തിയാല്‍ ബോധം മറയുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും ശരിയല്ലെന്നതാണ് പുതിയ കണ്ടെത്തല്‍.

സൗത്താംടണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനമാണ് മരണാനന്തര ജീവിതത്തിന് തെളിവുകള്‍ നിരത്തുന്നത്. ഹൃദയം നിലച്ച ശേഷം മൂന്ന് മിനിറ്റുവരെ മനുഷ്യന്റെ ബോധം മറയുന്നില്ലെന്നതാണ് ഇവരുടെ കണ്ടെത്തല്‍. ഒരു നിമിഷം കൊണ്ട് സംഭവിക്കുന്നതല്ല മരണം എന്നതാണ് ഈ ഗവേഷകര്‍ ഉയര്‍ത്തുന്ന പ്രധാന വാദം. മരണം എന്നത് ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിയാലും സാവധാനത്തില്‍ സംഭവിക്കുന്ന ഒന്നാണെന്ന് ഇവര്‍ പറയുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം മുന്നില്‍ കണ്ട 2060 മനുഷ്യര്‍ക്കിടയിലാണ് പഠനം നടത്തിയത്. അമേരിക്ക, ബ്രിട്ടന്‍, ഓസ്ട്രിയ തുടങ്ങി രാജ്യങ്ങളില്‍ നിന്നുള്ളവരെയായിരുന്നു പഠനവിധേയരായത്.

വൈദ്യശാസ്ത്രം മരിച്ചെന്ന് വ്യക്തമാക്കിക്കഴിഞ്ഞ ശേഷവും ഏതെങ്കിലും തരത്തിലുള്ള ബോധം ഇവരില്‍ 40 ശതമാനത്തിനും ഉണ്ടായിരുന്നു. ഹൃദയം നിലച്ചശേഷവും എല്ലാവരിലും ബോധം ഉണ്ടായിരുന്നിരിക്കണമെന്നും പിന്നീട് ജീവിതത്തിലേക്ക് മടങ്ങി വന്നതിന് ശേഷം പലരും ഈ സമയത്തെ സംഭവങ്ങള്‍ മറന്നതാകാമെന്നും ഗവേഷക സംഘത്തിലെ ഡോ. പാര്‍നിയ പറയുന്നു. ചികിത്സക്കിടെ കഴിക്കുന്ന ശക്തിയേറിയ മരുന്നുകളും മറവിക്ക് കാരണമായേക്കാം.

ഇതില്‍ രണ്ട് ശതമാനം പേര്‍ മാത്രമാണ് ശരീരം വിട്ടു പോകുന്നതുപോലുള്ള അനുഭവം തങ്ങള്‍ക്കുണ്ടായതായി പറയുന്നത്. അതേസമയം, ചുറ്റും നടക്കുന്നതെന്തെന്ന് ഇവര്‍ക്കും വ്യക്തമായ ധാരണയുണ്ടായിരുന്നു. പഠനത്തില്‍ പങ്കെടുത്ത പകുതിയോളം പേരും ആ സമയത്തെ പേടിയോടെയാണ് ഓര്‍ക്കുന്നത് തന്നെ. ഇതില്‍ 57കാരനായ ഒരാള്‍ മാത്രമാണ് തനിക്ക് ശരീരം വിട്ടു പോയതു പോലുള്ള അനുഭവമുണ്ടായെന്ന് വ്യക്തമാക്കുന്നത്. മൂന്ന് മിനിറ്റോളം നിലച്ച ശേഷമാണ് ഇയാളുടെ ഹൃദയം വീണ്ടും പ്രവര്‍ത്തിച്ചത്.

ഹൃദയം പ്രവര്‍ത്തനം നിലച്ചശേഷം 2030 നിമിഷങ്ങള്‍ക്കുള്ളില്‍ മസ്തിഷ്‌കം പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് കരുതുന്നത്. ഒരിക്കല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ മസ്തിഷ്‌കം തിരിച്ചുവരില്ലെന്നും കരുതിയിരുന്നു. അങ്ങനെയെങ്കില്‍ മൂന്ന് മിനിറ്റോളം ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും പിന്നീട് ഹൃദയം മിടിച്ചു തുടങ്ങുകയും ചെയ്തയാള്‍ക്ക് എങ്ങനെ ബോധം നിലനിന്നു എന്നതാണ് ചോദ്യം. മരണത്തെക്കുറിച്ച് നമുക്കുള്ള ധാരണകള്‍ പലതിനും തിരുത്തലുകള്‍ ആവശ്യമാണെന്നാണ് ഈ പഠനഫലം നല്‍കുന്ന സൂചന.

You must be logged in to post a comment Login