മരണ ശേഷം തന്റെ ശരീരത്തില്‍ ഒരു പൂവും വെക്കരുത്, സഞ്ചയനവും പതിനാറും വേണ്ടെന്ന് സുഗത കുമാരി

തിരുവനന്തപുരം: മരണ ശേഷം തന്റെ ശരീരത്തില്‍ ഒരു പൂവും വെക്കരുതെന്ന് പ്രമുഖ എഴുത്തുകാരി സുഗതകുമാരി. ഔദ്യോഗിക ബഹുമതികള്‍ ഇല്ലാതെ ആരെയും കാത്തുനില്‍ക്കാതെ എത്രയുംവേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണമെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സുഗതകുമാരി വ്യക്തമാക്കി.

സുഗതകുമാരിയുടെ വാക്കുകള്‍ ഇങ്ങനെ- ”മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനില്‍ക്കാതെ എത്രയുംവേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം. ഒരാള്‍ മരിച്ചാല്‍ റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിനു രൂപയുടെ പൂക്കളാണ് മൃതദേഹത്തില്‍ മൂടുന്നത്. ശവപുഷ്പങ്ങള്‍. എനിക്കവ വേണ്ട. മരിച്ചവര്‍ക്ക് പൂക്കള്‍ വേണ്ട. ജീവിച്ചിരിക്കുമ്പോള്‍ ഇത്തിരി സ്‌നേഹം തരിക. അതുമാത്രംമതി. ശാന്തികവാടത്തില്‍നിന്ന് കിട്ടുന്ന ഭസ്മം ശംഖുംമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും വേണ്ട. പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ചു പാവപ്പെട്ടവര്‍ക്ക് ആഹാരം കൊടുക്കാന്‍ ഞാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അതുമതി. അനുശോചനയോഗമോ സ്മാരക പ്രഭാഷണങ്ങളോ ഒന്നും വേണ്ട ‘

ഹൃദയാഘാതം രണ്ടാമതും വന്നതോടെ സുഗത കുമാരി അവശനിലയിലാണ്. പേസ്മേക്കറിന്റെ സഹായത്തോടെയാണ് ഹൃദയമിടിപ്പ്. ഇപ്പോള്‍ നന്ദാവനത്തെ വീട്ടില്‍ വിശ്രമത്തിലാണ്. മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് സുഗതകുമാരി ഒസ്യത്തില്‍ എഴുതിവെച്ചിട്ടുണ്ട്.

You must be logged in to post a comment Login