‘മര്യാദയ്ക്കല്ലെങ്കിൽ സർക്കാർ ഭക്ഷണം കഴിക്കേണ്ടി വരും’; ഇബ്രാഹിം കുഞ്ഞിനെതിരെ പിണറായിയുടെ ഒളിയമ്പ്

പാലാ: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ മുൻ പൊതു മരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നൊരാളുടെ കഥ പുറത്തുവന്നിട്ടുണ്ട്. അയാൾ അനുഭവിക്കാൻ പോവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മര്യാദയ്ക്കല്ലെങ്കിൽ സർക്കാർ ഭക്ഷണം കഴിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പാലായിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞു.

അഴിമതി കാണിക്കാൻ പ്രവണതയുള്ളവരോട് ഒരു കാര്യമേ പറയാനുള്ളൂ. മര്യാദയ്ക്ക് ജീവിച്ചാൽ സർക്കാർ ഭക്ഷണം കഴിക്കാതെ വീട്ടിലെ ഭക്ഷണം കഴിച്ച് ജീവിക്കാം. അല്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു പഞ്ചവടിപ്പാലം ഉണ്ടാക്കാൻ സർക്കാർ തയ്യാറല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അഴിമതിയോട് വിട്ടുവീഴ്ചയില്ല. ഇന്ന് ഒരാളുടെ കഥ പുറത്തുവന്നിട്ടുണ്ട്. അയാൾ അനുഭവിക്കാൻ പോവുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാലവുമായി ബന്ധപ്പെട്ടുള്ള ഫയലുകൾ ഇബ്രാഹിം കുഞ്ഞ് കണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

അതേസമയം, കേസിൽ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ഉടൻ ഉണ്ടായേക്കില്ലെന്നാണ് സൂചന. കേസിൽ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യും. കരാറുകാരന് മുൻകൂർ പണം നൽകാൻ ഇബ്രാഹിം കുഞ്ഞ് രേഖാമൂലം നിർദ്ദേശം നൽകിയിട്ടുണ്ടോയെന്ന് വിജിലൻസ് പരിശോധിക്കും. ചോദ്യംചെയ്യിലിന് ശേഷം മാത്രമായിരിക്കും അറസ്റ്റ്.

You must be logged in to post a comment Login