മറ്റന്നാൾ റീ പോളിംഗ് നടക്കുന്ന കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും

മറ്റന്നാൾ റീ പോളിംഗ് നടക്കുന്ന കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലേക്കുള്ള പരസ്യപ്രചരണം ഇന്ന് അവസാനിക്കും.കാസർകോട് മണ്ഡലത്തിലെ പിലാത്തറയിലെ 19ാം ബൂത്തിലും പുതിയങ്ങാടിയിലെ 69,70 ബൂത്തുകളിലും കണ്ണൂർ മണ്ഡലത്തിലെ പാമ്പുരുത്തിയിലെ 166 -ആം ബൂത്തിലുമാണ് റീപോളിംഗ് നടക്കുക.

ഇന്നലെയാണ് കള്ളവോട്ട് നടന്നതായി കണ്ടെത്തിയ നാലു ബൂത്തുകളിൽ റീപോളിംഗ് നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകുന്നത്. കാസർഗോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പർ 19, പിലാത്തറ ബൂത്ത് നമ്പർ 69, പുതിയങ്ങാടി ജുമാഅത്ത് എച്ച് എസ് നോർത്ത് ബ്‌ളോക്ക് ബൂത്ത് നമ്പർ 70, ജുമാഅത്ത് എച്ച് എസ് സൗത്ത് ബ്‌ളോക്ക് എന്നിവടങ്ങളിലും കണ്ണൂർ തളിപ്പറമ്പ് ബൂത്ത് നമ്പർ 166, പാമ്പുരുത്തി മാപ്പിള എ. യു. പി. എസ് എന്നിവടങ്ങളിലുമാണ് റീ പോളിംഗ് നടത്തുന്നത്. 19 ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.

നാലു ബൂത്തുകളിലും ഏപ്രിൽ 23ന് നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയിട്ടുണ്ട്. റിട്ടേണിംഗ് ഓഫീസർമാരുടെ റിപ്പോർട്ടുകളും ചീഫ് ഇലക്ട്രൽ ഓഫീസറുടെയും ജനറൽ ഒബ്‌സർവറുടെയും റിപ്പോർട്ടുകളും മറ്റു തെളിവുകളും വിശകലനം ചെയ്താണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തത്. ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷൻ 58 ഉപയോഗിച്ചാണ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പിന് ആവശ്യമായ ഒരുക്കങ്ങൾ നടത്താനും വിവരം രാഷ്ട്രീയ കക്ഷികളെ അറിയിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ റിട്ടേണിംഗ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി. ജനറൽ ഒബ്‌സർവർമാരെയും വിവരം ധരിപ്പിക്കും.

You must be logged in to post a comment Login