‘മറ്റുള്ളവര്‍ വാഗ്ദാനങ്ങള്‍ നല്‍കുക മാത്രം ചെയ്യുമ്പോള്‍ പ്രധാനമന്ത്രി മോദി ചില കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നു; നോട്ട് നിരോധനവും സ്വച്ഛ് ഭാരതും നല്ല ആശയങ്ങള്‍’; രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുന്നതിനിടെ മോദിയെ പുകഴ്ത്തി കമല്‍ഹാസന്‍ (വീഡിയോ)

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് വ്യക്തമായ സൂചന നല്‍കുന്നതാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള നടന്‍ കമല്‍ഹാസന്റെ നീക്കങ്ങള്‍. ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ രാഷ്ട്രീയപ്രവേശനം ഒന്നുകൂടി ഉറപ്പിച്ചു. അടുത്ത നൂറ് ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കാന്‍ തയ്യാറാണെന്നായിരുന്നു അഭിമുഖത്തില്‍ കമല്‍ഹാസന്‍ വ്യക്തമാക്കിയത്.

തന്റെ നിറം കാവിയല്ല എന്ന് പറഞ്ഞ കമല്‍ തന്റേത് എല്ലാ നിറങ്ങളെയും ഉള്‍ക്കൊള്ളുന്ന കറുപ്പാണെന്നും വ്യക്തമാക്കി. ഇതില്‍ കാവിയുമുണ്ട് എന്നായിരുന്നു അവതാരകന്റെ ചോദ്യത്തോടുള്ള കമലിന്റെ മറുപടി. താന്‍ ഇടതുപക്ഷത്തോ വലതുപക്ഷത്തോ അല്ലെന്നും മധ്യപക്ഷത്താണെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഇടതുപക്ഷത്താണ് എന്ന് ആര്‍ക്കെങ്കിലും തോന്നുകയാണെങ്കില്‍ അല്‍പ്പം വലത്തോട്ട് വരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സ്വച്ഛ് ഭാരതും നോട്ട് അസാധുവാക്കലും എല്ലാം നല്ല ആശയങ്ങളാണ്. മറ്റുള്ളവര്‍ വാഗ്ദാനങ്ങള്‍ നല്‍കുക മാത്രം ചെയ്യുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചില കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും കമല്‍ഹാസന്‍ അഭിപ്രയപ്പെട്ടു.സ്വച്ഛ് ഭാരത് നല്ല ആശയമാണ്. നോട്ട് നിരോധനം നല്ല ആശയമാണ്. താന്‍ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനല്ലാത്തതു കൊണ്ട് തന്നെ വിമര്‍ശനങ്ങളെക്കുറിച്ച് ആധികാരികമായി പറയാന്‍ അറിയില്ല. പെട്ടെന്ന് നിഗമനങ്ങളിലെത്തേണ്ടതില്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

മുള്‍ക്കിരീടമായിരിക്കുമെങ്കിലും ആരെങ്കിലും നേതാവിന്റെ തൊപ്പി അണിഞ്ഞേ പറ്റൂ. ആരെങ്കിലും ചളിക്കുണ്ട് പോലെയായിരിക്കുന്ന ഇവിടം വൃത്തിയാക്കി ആളുകള്‍ക്ക് വാസയോഗ്യമാക്കി കൊടുത്തേ പറ്റൂ. എനിക്ക് അധികാരത്തോട് ആര്‍ത്തിയില്ല. പക്ഷെ സാഹചര്യങ്ങളും ജനങ്ങളും ആവശ്യപ്പെട്ടാല്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കും. രാഷ്ട്രീയക്കാര്‍ തമിഴ്‌നാടിനെ വലിയ അധപതനത്തിലാണ് എത്തിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ സംഭവിക്കുന്നത് രാഷ്ട്രീയ അപചയമാണ്. ഇതിന് പരിഹാരമുണ്ടാകണം. 5000 രൂപ കൊടുത്താണ് ജനങ്ങളില്‍ നിന്ന് വോട്ട് നേടുന്നത്. അവര്‍ അതിലും എത്രയോ മുകളില്‍ അര്‍ഹിക്കുന്നവരാണ്. നിത്യേന 5000 രൂപ ലഭിക്കേണ്ടവരാണ് അവര്‍. പക്ഷേ അഞ്ച് വര്‍ഷത്തേക്ക് 5000 രൂപ കൊടുത്ത് ജനങ്ങളെ രാഷ്ട്രീയ പാര്‍ട്ടികള്‍ പറ്റിക്കുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു.

അടുത്ത 100 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ താന്‍ മത്സരിക്കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. അണ്ണാ ഡിഎംകെയുടെ നിലവിലെ സ്ഥിതിഗതികളില്‍ താല്‍പര്യമില്ല. നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ച പെണ്‍കുട്ടിയുടെ അവസ്ഥയിലാണു തമിഴ്‌നാട്ടിലെ ജനങ്ങള്‍. അവര്‍ക്ക് അതില്‍നിന്നു പുറത്തുകടക്കണമെന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ അടുത്ത 100 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ താന്‍ മല്‍സരിക്കുമെന്നുമാണ് കമല്‍ ഹാസന്‍ പറഞ്ഞത്.

You must be logged in to post a comment Login