മലപ്പുറം, കൊല്ലം കലക്ടറേറ്റ് സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ തമിഴ്‌നാട്ടില്‍ നിന്നും പിടിയിലായവരെന്ന് എന്‍ഐഎ

malappuram-collectorate

മലപ്പുറം, കൊല്ലം കലക്ട്രേറ്റിലെ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ തമിഴ്‌നാട്ടില്‍ നിന്നും പിടിയിലായവരാണെന്ന് എന്‍ഐഎ. ബേസ് മൂവ്‌മെന്റ് സംഘടന ഉണ്ടാക്കിയവരാണ് സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെന്ന് എന്‍ഐഎ അറിയിച്ചു. അറസ്റ്റിലായ അബാസും ദാവൂദും മുഖ്യസൂത്രധാരന്‍മാര്‍, ബോംബ് സ്ഥാപിച്ചത് ദാവൂദും സംസം കരീമും ചേര്‍ന്ന്, ബോംബ് നിര്‍മിച്ചത് അബാസും ഷംസുദീനും ചേര്‍ന്ന് . ഉപേക്ഷിച്ച പെന്‍ഡ്രൈവിലെ സന്ദേശങ്ങള്‍ തയാറാക്കിയത് ദാവൂദ്. കലക്ടറേറ്റ് പരിസരത്തെ പോസ്റ്ററ്റുകള്‍ അച്ചടിച്ചത് കരീമിന്റെ പ്രസില്‍. സംഘടനയുണ്ടാക്കിയത് 2015 ജനുവരിയില്‍. കേസില്‍ 5 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും എന്‍ഐഎ വിശദമാക്കി.

തിങ്കളാഴ്ചയാണ് തമിഴ്‌നാട് സ്വദേശികളായ അഞ്ചുപേരെ എന്‍ഐഎ കസ്റ്റഡിയില്‍ എടുക്കുന്നത്. മധുര പൂതുര്‍ ഉസ്മാന്‍ നഗര്‍ സ്വദേശി മുഹമ്മദ് കരീം, അബ്ബാസ് അലി, അയൂബ്, ചെന്നൈ തിരുവാണ്‍മയൂര്‍ ഐടി കമ്പനി ജീവനക്കാരനായ ദാവൂദ്, ഷംസുദ്ദീന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും സ്‌ഫോടനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചെന്നുമാണ് എന്‍ഐഎ ഇപ്പോള്‍ വ്യക്തമാക്കുന്നത്.
മൂന്നുപേരെ ചെന്നൈയില്‍ നിന്നും രണ്ടുപേരെ മധുരയില്‍ നിന്നുമായിരുന്നു പിടികൂടിയത്.

ഇക്കഴിഞ്ഞ ജൂണിലാണ് കൊല്ലം കലക്ടറേറ്റ് വളപ്പില്‍ സ്‌ഫോടനം ഉണ്ടാകുന്നത്. നിര്‍ത്തിയിട്ടിരുന്ന ജീപ്പിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റിരുന്നു.സമാനമായ സ്‌ഫോടനമായിരുന്നു മലപ്പുറം കലക്ടറേറ്റിലും അടുത്തിടെ ഉണ്ടായത്. കളക്ട്രേറ്റ് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലായിരുന്നു സ്‌ഫോടനം ഉണ്ടായത്. സംഭവസ്ഥലത്ത് നിന്നും ബേസ് മൂവ്‌മെന്റ് എന്ന് രേഖപ്പെടുത്തിയ പെട്ടി ലഭിച്ചിരുന്നു. തുടര്‍ന്നാണ് എന്‍ഐഎ കേസ് അന്വേഷിക്കാന്‍ എത്തുന്നത്. ആന്ധ്രയിലെ ചിറ്റൂരിലും കര്‍ണാടകത്തിലെ മൈസൂരുവിലും നടന്ന സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ബേസ് മൂവ്‌മെന്റ് എന്ന സംഘടനയാണെന്ന് സംശയിക്കുന്നതായും നേരത്തെ എന്‍ഐഎ അറിയിച്ചിരുന്നു.

You must be logged in to post a comment Login