മലപ്പുറത്തെ വിദേശഭാഷാ പഠനകേന്ദ്രത്തില്‍ പ്രൊഫിഷ്യന്‍സി കോഴ്‌സിന് അനുമതി : ഡോ.ശശിതരൂര്‍

മലപ്പുറം:   ഇംഗ്ലീഷ് വിദേശഭാഷായൂണിവേഴ്‌സിറ്റിയുടെ മലപ്പുറം സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രൊഫിഷ്യന്‍സി പ്രോഗ്രാമുകള്‍ (cop) തുടങ്ങുന്നതിന് അനുമതി നല്‍കിയതായി കേന്ദ്രമാനവശേഷി വിഭവവികസന വകുപ്പു സഹമന്ത്രി    ഡോ. ശശിതരൂര്‍ പ്രഖ്യാപിച്ചു. തല്‍ക്കാലം ഇത് വാടകക്കെടുത്ത കെട്ടിടത്തിലാവും  പ്രവര്‍ത്തിക്കുക. ഈ മാസം ഒന്‍പതിന് ഈ തീരുമാനം ‘എഫ്‌ളു’ (eflu) വിന്റെ വൈസ് ചാന്‍സലറെ അറിയിച്ചിട്ടുണ്ടെന്നും ഡോ. തരൂര്‍ പറഞ്ഞു.

എഫ്‌ളുവിന്റെ ഹൈദരാബാദിലുളള ആസ്ഥാന ഓഫീസിനു പുറത്തുളള മൂന്നാമത്തെ കേന്ദ്രമാണ് മലപ്പുറത്തേത്. മറ്റുളളവ ലക്‌നൗവിലും            ഷില്ലോംഗിലുമാണ്. യൂണിവേഴ്‌സിറ്റിയുടെ ഒരു സെന്റര്‍ മലപ്പുറത്ത് കൊണ്ടുവരുന്നതിനെ പരക്കെ അംഗീകരിക്കപ്പെടുകയും സംസ്ഥാനത്തിന് ഒരു വലിയ നേട്ടമായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.

 

ദേശീയാംഗീകാരമുളള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ കേരളത്തിലേക്കു കൊണ്ടുവരുന്നതിനുളള ശ്രമങ്ങളുടെ ഭാഗമായുളള ഒരു പൊന്‍തൂവല്‍കൂടിയാണിതെന്ന് ഡോ. ശശിതരൂര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുളള മനുഷ്യ വിഭവശേഷി വികസന വകുപ്പാണിതിന് ചുക്കാന്‍ പിടിക്കുന്നത്.

മലപ്പുറം സെന്ററിന്റെ സമഗ്രമായ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുളള സ്ഥലത്ത് കെട്ടിടങ്ങളും മറ്റടിസ്ഥാന സൗകര്യങ്ങലും പൂര്‍ത്തായാകുന്നതുവരെ വാടകയ്‌ക്കെടുത്ത കെട്ടിടങ്ങളില്‍ ഇപ്പോള്‍ തുടങ്ങുന്ന പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ഒരു തുടക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login