മലപ്പുറത്ത് ബീഫ് നിരോധിക്കാന്‍ ബിജെപിക്ക് ധൈര്യമുണ്ടോയെന്ന് ശിവസേന; ബീഫില്‍ ബിജെപിക്ക് ഇരട്ടത്താപ്പെന്ന് വിമര്‍ശനം

മുംബൈ: ബീഫ് നിരോധനം സംബന്ധിച്ച് ബിജെപിയുടെ നിലപാടിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി ശിവസേനയുടെ മുഖപത്രം സാമ്‌ന. മലപ്പുറത്ത് ബീഫ് നിരോധിക്കാന്‍ ബിജെപിക്ക് ധൈര്യമുണ്ടോയെന്നും ശിവസേന മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗം വെല്ലുവിളിക്കുന്നു.

മലപ്പുറം ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, താന്‍ വിജയിച്ചാല്‍ മണ്ഡലത്തില്‍ നല്ല ബീഫ് ലഭ്യമാക്കുമെന്ന ബിജെപി സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ഓരോ സംസ്ഥാനങ്ങളിലും ബിജെപിക്ക് ഓരോ നിലപാടാണെന്ന് ശിവസേന വിമര്‍ശിക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ ഗോവധത്തിന് വധശിക്ഷ നല്‍കുമ്പോള്‍ അവിടങ്ങളില്‍ ആത്മഹത്യ ചെയ്യുന്ന കര്‍ഷകരെക്കുറിച്ച് ബിജെപിയുടെ നിലപാടെന്താണെന്നും ശിവസേന ചോദിക്കുന്നു.

രാജ്യത്തെമ്പാടും ഗോവധ നിരോധനത്തില്‍ ഓരേ നിയമം നടപ്പാക്കാന്‍ ബിജെപിക്ക് ധൈര്യമില്ല. ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ് പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കുമെന്ന് പ്രഖ്യാപിക്കുന്നു. എന്നാല്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഇക്കാര്യത്തില്‍ ഒരക്ഷരം മിണ്ടുന്നില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവധം നിരോധിക്കാന്‍ ബിജെപിക്ക് ഇച്ഛാശക്തിയില്ല. ഗുജറാത്തിലും ഗോവധത്തിന് ജീവപര്യന്തം ശിക്ഷ നല്‍കാനുള്ള നീക്കത്തിനു പിന്നിലും രാഷ്ട്രീയ നേട്ടം മാത്രമാണുള്ളതെന്നും ശിവസേന വിമര്‍ശിക്കുന്നു.

ഗോവധം ഒരു കുറ്റകൃത്യമാണെന്ന നിലപാടിനെ അഭിനന്ദിക്കുന്നു. എന്നാല്‍ കര്‍ഷക ആത്മഹത്യകളും കുറ്റകരമായ കൊലപാതകം തന്നെയാണ്. ഇതില്‍ ആരാണ് പ്രതിസ്ഥാനത്തുള്ളതെന്നും അവര്‍ക്കെന്താണ് ശിക്ഷയെന്നും വ്യക്തമാക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ബീഫ് നിരോധനമുള്ള സംസ്ഥാനങ്ങളില്‍ പശുക്കളെ കൊല്ലുന്നതാണ് നിയമലംഘനമെന്നും മലപ്പുറത്ത് നല്ല ബീഫ് ലഭ്യമാക്കുന്ന കടകള്‍ ആരംഭിക്കാന്‍ മുന്‍കൈയെടുക്കുമെന്നുമാണ് ശ്രീപ്രകാശ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. ഗോവധത്തെ എതിര്‍ക്കുന്ന ബിജെപിയുടെ സ്ഥാനാര്‍ഥിതന്നെ തിരഞ്ഞെടുപ്പ് വേളയില്‍ ഗോവധത്തെ അനുകൂലിക്കുന്ന വിധത്തില്‍ പ്രസ്താവന നടത്തിയത് ചര്‍ച്ചചെയ്യപ്പെടുന്നതിനിടയിലാണ് ശിവസേന വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

You must be logged in to post a comment Login