മലയാളസിനിമയില്‍ ‘രണ്ടാമൂഴ’ത്തിനൊരുങ്ങി എ.ആര്‍.റഹ്മാന്‍

മലയാളസിനിമയില്‍ ‘രണ്ടാമൂഴ’ത്തിനൊരുങ്ങി എ.ആര്‍.റഹ്മാന്‍. യോദ്ധയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് രണ്ടാം വരവിനുള്ള തയ്യാറെടുപ്പിലാണ് റഹ്മാന്‍ എന്നാണ് റിപ്പോര്‍ട്ട്. എംടിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന രണ്ടാമൂഴം എന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് റഹ്മാനായിരിക്കുമെന്നാണ് വിവരം. ഒരു തമിഴ് ചാനലുമായുള്ള അഭിമുഖത്തില്‍ റഹ്മാന്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. രണ്ടാമൂഴം തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്ന ചിത്രമായിരിക്കുമെന്നാണ് റഹ്മാന്റെ വെളിപ്പെടുത്തല്‍.

”ഇത്തരമൊരു പ്രൊജക്ടുമായി സഹകരിക്കുമ്പോള്‍ ഒരുപാട് ഗൃഹപാഠം ആവശ്യമാണ്. ഭീമനെ കുറിച്ചും, അതില്‍ പ്രതിപാദിക്കുന്ന കാലഘട്ടത്തെ കുറിച്ചും വ്യക്തമായി പഠിച്ചതിന് ശേഷം മാത്രമേ അനുയോജ്യമായ സംഗീതം നല്കാന്‍ കഴിയൂ”, എ.ആര്‍ റഹ്മാന്‍ പറഞ്ഞു. എന്നാല്‍ സിനിമയെ കുറിച്ച് ഏറെയൊന്നും വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യറായില്ല.

1000 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് രണ്ടാമൂഴം. ചിത്രം 2019 ജൂലൈയില്‍ തുടങ്ങുമെന്നാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടിയും പറഞ്ഞത്. ഇന്ത്യന്‍ സിനിമയിലും വിദേശത്തുമുള്ള പ്രമുഖതാരങ്ങളെല്ലാം ചിത്രത്തില്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്. പാലക്കാട് കോയമ്പത്തൂര്‍ റൂട്ടില്‍ 100 ഏക്കറില്‍ ചിത്രത്തിനായി ബ്രഹ്മാണ്ഡ സെറ്റൊരുങ്ങുന്നതായും വിവരമുണ്ട്. ചിത്രീകരണത്തിന് ശേഷം ഈ സ്ഥലം ‘മഹാഭാരത സിറ്റി’ എന്ന പേരില്‍ മ്യൂസിയമാക്കും.

You must be logged in to post a comment Login