മലയാളികളുടെ സ്വന്തം ‘ഹ്യൂമേട്ടന്‍’ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിലേക്ക്; മുന്‍ ബാഴ്‌സ താരം പുണെയിലും കളിക്കും

ഡല്‍ഹി : ഇന്ത്യയുടെ ഏറ്റവും മികച്ച പ്രതിരോധക്കാരന്‍ അനസ് എടത്തൊടികയെ കിട്ടാത്തതിന്റെ നിരാശ ഇതുവരെ ബ്ലാസ്റ്റേഴ്സിന് മാറിയിട്ടില്ല. എന്നാല്‍ ഇതാ മലയാളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ആവേശവുമായി പുതിയ വാര്‍ത്തയെത്തി. മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍ മഞ്ഞയില്‍ കളിച്ചാടാന്‍ വരുന്നു. ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളിന്റെ അടുത്ത സീസണില്‍ കാനഡക്കാരന്‍ ഇയാന്‍ ഹ്യൂം ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കുമെന്ന് ഔദ്യാഗികമായി ബ്ലാസ്റ്റേഴ്സ് അധികൃതര്‍ സ്ഥിരീകരിച്ചു.

അര്‍ദ്ധാവസരങ്ങള്‍ പോലും ഗോളാക്കാന്‍ കഴിയുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കണ്ട ഏറ്റവും മികച്ച മദ്ധ്യനിരക്കാരില്‍ ഒരാളായ ഹ്യൂം ആദ്യ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലേക്ക് നയിച്ച് മലയാളികളുടെ നെഞ്ചില്‍ കുടിയേറിയ താരമാണ്. മുന്‍ ഇംഗ്ലീഷ് താരം ഡേവിഡ് ജെയിംസ് പരിശീലിപ്പിച്ച ടീമിന്റെ കുന്തമുന ആയിരുന്നു മലയാളികളുടെ ഹ്യൂമേട്ടന്‍ പിന്നീട് രണ്ടു സീസണില്‍ കൊല്‍ക്കത്തയിലേക്ക് ചേക്കേറി. കഴിഞ്ഞ തവണ ബ്ലാസ്‌റ്റേഴ്‌സിന് എതിരേ ഫൈനലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത കളിച്ചപ്പോഴും ഹ്യൂം കൊല്‍ക്കത്തയ്ക്ക് ഒപ്പമായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു സീസണില്‍ എതിരാളികളായിട്ടും ഹ്യൂമിനോടുള്ള മലയാളി ആരാധകരുടെ പ്രേമം ഒട്ടും കുറഞ്ഞില്ലായിരുന്നു.

ഇയാന്‍ ഹ്യൂം വെറുമൊരു കളിക്കാരന്‍ മാത്രമായിരുന്നില്ല കേരളത്തിന്. ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ആരാധകര്‍ നെഞ്ചേറ്റിയപ്പോള്‍ ഏറ്റവും കൂടുതല്‍ സ്‌നേഹം ലഭിച്ചത് ഈ മൊട്ടത്തലയനായിരുന്നു. അന്നു ഹ്യൂമിന്റെ വീരകഥകളാണ് ഏറ്റവും കൂടുതല്‍ ആരാധകര്‍ പങ്കുവച്ചത്. ഹ്യൂം അവര്‍ക്കു ഹ്യൂമേട്ടനായിരുന്നു. തിരിച്ചു ഹ്യൂമും കേരളത്തെ സ്‌നേഹിച്ചു. ഒരു ചിത്രമെടുക്കാന്‍ ആരാധകര്‍ ഹ്യൂമിനു പിന്നാലെ നടന്നു. പറ്റുമ്പോഴൊക്കെ ആരാധകര്‍ക്ക് അരികിലേക്ക് എത്താന്‍ ഹ്യൂമും സമയം കണ്ടെത്തി.

രണ്ടാം സീസണില്‍ കൊല്‍ക്കത്തയിലേക്കു കൂടുമാറിയെങ്കിലും കേരളത്തിലേക്കു തിരിച്ചെത്താനുള്ള തന്റെ ആഗ്രഹം ഹ്യൂം എപ്പോഴും പ്രകടിപ്പിച്ചുകൊണ്ടിരുന്നു. കിട്ടുന്ന സമയത്തൊക്കെ ഹ്യൂം കൊച്ചിയിലേക്ക് എത്തിയിരുന്നു. ലീഗ് ഘട്ടത്തില്‍ കൊല്‍ക്കത്തയില്‍ കളിക്കാനെത്തിയ കേരള ടീമിന്റെ അടുത്തേക്ക് ഓടിയെത്തി സ്‌നേഹം പങ്കുവച്ചതു മത്സരത്തിന്റെ രണ്ടുദിവസം മുന്‍പു മാത്രം. വേറൊരു കളിക്കാരനും ചെയ്യാത്ത സാഹസം. രണ്ടാം സീസണില്‍ മറ്റൊന്നു കൂടി ചെയ്തു ഹ്യൂമേട്ടന്‍. കൊച്ചിയില്‍ നടന്ന കേരളത്തിന്റെ അവസാന ലീഗ് മത്സരം കാണാന്‍ ഹ്യൂം പറന്നെത്തി. കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പോലും ഞെട്ടിപ്പോയിട്ടുണ്ടാകും മുന്നേറ്റനിരക്കാരനായ ഹ്യൂമിന്റെ അപ്രതീക്ഷിത നീക്കത്തില്‍.

മൂന്നാം സീസണിലും ഹ്യൂം കൊച്ചിയിലെത്തി. കേരളത്തോടുള്ള സ്‌നേഹം പങ്കുവച്ചു. ഇത്രയേറെ സ്‌നേഹിക്കുന്ന ടീമായതു കൊണ്ടാണോയെന്നറിയില്ല, ഐഎസ്എല്ലിന്റെ ഈ ഗോള്‍വേട്ടക്കാരനു മുന്നില്‍ കേരളത്തിന്റെ പോസ്റ്റ് അടഞ്ഞുതന്നെ കിടക്കുന്നു. ഒരു ഗോള്‍ പോലും കേരളത്തിന്റെ വലയിലെത്തിക്കാന്‍ ഹ്യൂം എന്ന ഗോളടിക്കാരനു കഴിഞ്ഞിട്ടില്ല. ആദ്യ സീസണില്‍ കേരളത്തിനു വേണ്ടി 16 മത്സരങ്ങളിലിറങ്ങിയ ഹ്യൂം അഞ്ചു ഗോളുകള്‍ സ്വന്തം പേരിലാക്കി. ഇതില്‍ കൊല്‍ക്കത്തയ്ക്ക് എതിരെ നേടിയ രണ്ടു ഗോളുകളുമുണ്ട്. രണ്ടാം സീസണില്‍ കൊല്‍ക്കത്തയ്ക്കു വേണ്ടിയിറങ്ങി എതിരാളികളുടെ ഗോള്‍വല 11 പ്രാവശ്യം ചലിപ്പിച്ചു. അപ്പോഴും കേരളത്തിനെതിരെ ഹ്യൂമിന്റെ ബൂട്ടുകള്‍ നിശ്ശബ്ദമായിരുന്നു. മൂന്നാം സീസണിലും തന്റെ മികവ് ആവര്‍ത്തിച്ച ഹ്യൂം ഏഴു ഗോളുകളാണു നേടിയത്. ഇതിനിടയില്‍ ഐഎസ്എല്ലിലെ ടോപ്‌സ്‌കോററുമായി. ലീഗ് ഘട്ടത്തില്‍ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും ഹ്യൂം ബ്ലാസ്റ്റേഴ്‌സിനെതിരെ ഗോള്‍ അടിച്ചില്ല. ഫൈനല്‍ പോരാട്ടത്തിലും ഹ്യൂമിനു സ്‌കോര്‍ ചെയ്യാനായില്ല.

നാലാം സീസണിനായി കേരള ബ്ലാസ്റ്റേഴ്‌സ് ടീം തയാറെടുക്കുമ്പോള്‍ ആരാധകര്‍ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നത് ഈ കനേഡിയന്‍ താരത്തെ കേരളത്തിലേക്ക് എത്തിക്കണമെന്നാണ്.

അതേസമയം ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ദ്രോണാചാര്യര്‍ അലക്‌സ് ഫെര്‍ഗൂസന്റെ സഹായിയായിരുന്ന റെനെ മെവുലെന്‍സ്റ്റീന്‍ ആണ് ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിപ്പിക്കാനായി എത്തുന്നത്. ഈ സാഹചര്യത്തിലാണ് താരവുമായി ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് സംസാരിച്ചത്.

അതിനിടയില്‍ ഈ സീസണില്‍ കളിക്കാന്‍ ചെല്‍സിയുടെയും ബാഴ്‌സലോണയുടെയും മുന്‍ താരം എയ്ദര്‍ ഗുഡ്‌ജോണ്‍സണ്‍ ഐഎസ്എല്ലില്‍ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എഫ്.സി പുണെയ്ക്കായി താരം കളത്തില്‍ എത്തുമെന്നാണ് സൂചനകള്‍. ഇതിന് മുന്നോടിയായി താരം സ്‌പെയിനില്‍ പരിശീലനത്തിലാണത്രേ. ഈ കഴിഞ്ഞ യൂറോ 2016 ല്‍ മികച്ച പ്രകടനം നടത്തിയ ടീമുകളില്‍ ഒന്നായ ഐസ് ലന്റ് ടീമില്‍ ഗുഡ്‌ജോണ്‍സണ്‍ കളിച്ചിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ കളിക്കാരനും ഇംഗ്ലണ്ടിന്റെ സ്‌ട്രൈക്കറുമായിരുന്ന ടെഡി ഷെറിങ്ങാം അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ പരിശീലിപ്പിക്കാന്‍ എത്തുന്നു എന്നതാണ് മറ്റൊരു പ്രധാന വിശേഷം. ആസ്റ്റണ്‍ വില്ല മുന്‍ ബോസ് ജോണ്‍ ഗ്രിഗറിയാണ് ചെന്നൈ ബോസ്.

അതേസമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കളിക്കാരുടെ ഡ്രാഫ്റ്റ് ഇന്നലെയോടെ പൂര്‍ത്തിയായി. പതിനൊന്ന് മലയാളി താരങ്ങളാണ് ഡ്രാഫ്റ്റിലുണ്ടായിരുന്നത്. ഇതില്‍ നിന്ന് അഞ്ചുപേരെ വിവിധ ടീമുകള്‍ തെരഞ്ഞെടുത്തു. പതിനാറ് അംഗ ടീമിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഡ്രാഫ്റ്റിന് ശേഷം പ്രഖ്യാപിച്ചത്.

കെ.പ്രശാന്ത് (ഫോര്‍വേഡ്), സികെ വിനീത് (മിഡ് ഫീല്‍ഡര്‍), റിനോ ആന്റോ (മിഡ് ഫീല്‍ഡര്‍), ലാല്‍റുത്തര (മിഡ്ഫീല്‍ഡര്‍), മിലാന്‍ സിങ് (മിഡ്ഫീല്‍ഡര്‍), അരാത്ത ഇസുമി (മിഡ്ഫീല്‍ഡര്‍), സുഭാഷിഷ് റോയ് ചൗധരി (ഗോള്‍ കീപ്പര്‍), ജാക്കി ചന്ദ് സിങ് (മിഡ്ഫീല്‍ഡര്‍), സിയാം ഹാങ്കല്‍ (മിഡ്ഫീല്‍ഡര്‍), ലാല്‍ത്തകിമ (ഡിഫന്‍ഡര്‍), പ്രീതംകുമാര്‍ സിങ് (ഡിഫന്‍ഡര്‍), സാമുവല്‍ ഷദപ് (ഡിഫന്‍ഡര്‍), ലോകെന്‍ മിയെത്തി (മിഡ് ഫീല്‍ഡര്‍), കരുണ അതുല്‍ സവെനി (ഫോര്‍വേഡ്), അജിത് ശിവന്‍ (മിഡ്ഫീല്‍ഡര്‍), സന്ദേശ് ജിങ്കന്‍ (ഡിഫന്‍ഡര്‍) എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സ് തെരഞ്ഞെടുത്ത നിലവിലെ ടീം അംഗങ്ങള്‍.

ഐഎസ്എല്‍ നാലാം സീസണില്‍ മലയാളി താരം അനസ് എടത്തൊടിക ജംഷഡ്പുര്‍ എഫ്.സിയില്‍ കളിക്കും. ഒരു കോടി പത്ത് ലക്ഷം രൂപയ്ക്കാണ് ടാറ്റ ടീം അനസിനെ ടീമിലെടുത്തത്. ഡ്രാഫിറ്റിലെ വിലയേറിയ താരമായ യൂജിന്‍സണ്‍ ലിങ്‌ദോ കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കും. ബ്ലാസ്‌റ്റേഴ്‌സ് ലിങ്‌ദോയ്ക്ക് വേണ്ടി ശ്രമിച്ചെങ്കിലും കൊല്‍ക്കത്ത സ്വന്തമാക്കുകയായിരുന്നു.

ആല്‍ബിനോ ഗോമസിനെയും പ്രീതം കോട്ടലിനെയും ഡല്‍ഹി ഡൈനാമോസ് സ്വന്തമാക്കിയപ്പോള്‍ സുുബ്രതാ പാലിനെയും മെഹ്താബ് ഹുസൈനെയും ജംഷഡ്പൂര്‍ സ്വന്തമാക്കി. അതേസമയം 45 ലക്ഷം രൂപയ്ക്ക് ജയേഷ് റാണ കൊല്‍ക്കത്തയില്‍ ഇടം പിടിച്ചിട്ടുണ്ട്.ലാല്‍ റിണ്ടിക റാള്‍ട്ടെയെ നോര്‍ത്തെ ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കിയപ്പോള്‍ രാജു ഗെയ്ക്ക്വാദിനെ 47 ലക്ഷം രൂപയ്ക്ക് മുംബൈയാണ് നേടിയത്.

You must be logged in to post a comment Login