മലയാളികളെ ഐ എസില്‍ എത്തിക്കുന്നതാര്

isകുറേ നാളുകള്‍ക്ക് മുന്‍പാണ് കേരളത്തിലെ ഒരു മാധ്യമപ്രവര്‍ത്തകനും ഐ.എസുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇപ്പോഴിതാ ഒന്നല്ല പതിനെട്ട് പേര്‍ കേരളത്തില്‍ നിന്ന് ഐ.എസില്‍ എത്തിയതായിയാണ് പുതിയ വാര്‍ത്ത. ആളുകള്‍ ഐ.എസ് എന്ന ഭീകരസംഘനയിലെത്തിയെന്ന് സംശയിച്ച് ചര്‍ച്ചകള്‍ നയിക്കാതെ എങ്ങനെയാണ് മലയാളികള്‍ക്ക് ഐ.എസ് ബന്ധമുണ്ടായത് എന്ന് അന്വേഷിക്കുകയാണ് വേണ്ടത്.
ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ ബന്ധത്തിന് സമൂഹ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ് എന്ന് നിരീക്ഷകര്‍ പറയുന്നു. മലയാളികള്‍ സജീവമായി ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയകളാണ് ഐ.എസ് ആശയപ്രചാരണം നടത്താനായി കണ്ടെത്തിയിരുന്ന പ്രധാന ഉപാധി. ഫേസ്ബുക്കിലൂടെ നടത്തിയിരുന്ന പ്രചാരണങ്ങള്‍ക്ക് വളരെ പെട്ടെന്ന് കൂടുതല്‍ ആളുകളിലേക്ക് ചെന്നെത്താന്‍ സാധിക്കുമെന്നത് തന്നെയാണ് ഇത് കൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം.
ഇതിനായി ഇവര്‍ ഒരു ഫേസ്ബുക്ക് പേജും തുടങ്ങിയിരുന്നു. അന്‍സാറുല ഖലീഫ എന്നായിരുന്നു അതിന്റെ പേര്. എന്നാല്‍ ഇപ്പോള്‍ ഈ പേജും അപ്രത്യക്ഷമായി കഴിഞ്ഞു. മലയാളത്തില്‍ പോസ്റ്റുകള്‍ വന്ന് കൊണ്ടിരുന്ന ഈ പേജിന്റെയൊക്കെ പിന്നിലാരാണെന്ന് കണ്ടുപിടിച്ചില്ലെങ്കില്‍ കേരളം വലിയ പ്രത്യാഖാതങ്ങളായിരിക്കും നേരിടേണ്ടി വരികയെന്നതാണ് യാഥാര്‍ത്ഥ്യം. എഴുത്തുകാരി തസ്‌ലിമ നസ്‌റിനെ വധിക്കാന്‍ വരെ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ വരെയുണ്ടായിരുന്നു ഈ പേജില്‍. അന്‍സാറുള്‍ ഖിലാഫ എന്നാല്‍ ഖലീഫയുടെ അനുയായികള്‍ എന്നര്‍ത്ഥം. അന്‍സാറുള്‍ ഖലീഫ എന്ന പേജ് ആഴ്ചകള്‍ക്ക് മുന്‍പ് വരെ സജീവമായിരുന്നു. അക്ബര്‍, അബു മുയാദ് തുടങ്ങിയ വ്യാജ പേരുകളിലാണ് ഈ പേജില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഇത്തരം പേജുകളില്‍ ഐ.എസിനെ സംബന്ധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ ഇതിനെ അനുകൂലിക്കുന്നവരെയൊക്കെ തിരഞ്ഞ് പിടിച്ചാണ് ഐ.എസിലേക്ക് ആകര്‍ഷിക്കുന്നത്.
തൊഴില്‍ രഹിതരെ മുതല്‍ ടെക്കികളെ വരെ ഇവര്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്.
അതേസമയം മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.  . ഇവര്‍ വിദേശത്തേക്ക് പോയെന്നല്ലാതെ മറ്റു കാര്യങ്ങള്‍ അറിയില്ല. കാണാതായവരുടെ ബന്ധുക്കളില്‍ നിന്ന് പൊലീസിന് നേരിട്ട് പരാതി ലഭിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു.
ബിസിനസ് ആവശ്യാര്‍ഥം ശ്രീലങ്കയിലേക്ക് പോകുകയായിരുന്നുവത്രേ. മൂന്നു മാസത്തിനു ശേഷം തിരികെ എത്തിയ യുവാവ് മറ്റുള്ളവരെ കൂടി കൊണ്ടുപോയി. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കും യുവാക്കള്‍ പോയിരുന്നു. ബിസിനസ് ആവശ്യം എന്നാണ് വീടുകളില്‍ പറഞ്ഞിരുന്നത്. ഇവരില്‍ നിന്ന് വീട്ടിലേക്ക് വല്ലപ്പോഴും സന്ദേശം വന്നിരുന്നതായി സൂചയുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് സന്ദേശം ലഭിച്ചിരുന്നത്. ടെലിഗ്രാം എന്ന ആപ്പ് വഴിയാണ് അവസാനം കുടുംബത്തിന് സന്ദേശം ലഭിക്കുന്നത്. പിന്നീട് ഒരു വിവരവുമില്ല.ഒന്നര വര്‍ഷം മുമ്പാണ് യുവാക്കളില്‍ സ്വഭാവമാറ്റം ശ്രദ്ധയില്‍ പെട്ടതെന്നു പറയുന്നു. ധാര്‍മിക പഠനം നടത്താനാണെന്നു പറഞ്ഞു വീട്ടില്‍ നിന്ന് മാറി നില്‍ക്കാറുണ്ടത്രേ.
നിഷ്ഠയില്ലാതെ ജീവിച്ചിരുന്ന ചെറുപ്പക്കാര്‍ ചിട്ടയായ ജീവിതത്തിലേക്ക് വരുന്നതില്‍ വീട്ടുകാര്‍ തുടക്കത്തില്‍ ആശ്വാസം കണ്ടിരുന്നു. പിന്നീടാണ് ഇവര്‍ അകപ്പെട്ട വിപത്തിന്റെ വ്യാപ്തി ബന്ധുക്കള്‍ മനസിലാക്കുന്നത്.ഹഫീസ് അടുത്തിടെയാണ് വിവാഹം ചെയ്തത്. ഇയാളുടെ ഭാര്യ പക്ഷേ, നാടുവിട്ടുപോകാനുള്ള പരിപാടിയും ആശയവും നിരാകരിക്കുകയായിരുന്നു. അവസാനം ലഭിച്ച സന്ദേശത്തില്‍ ഞങ്ങളെ കുറിച്ച് അന്വേഷിക്കരുതെന്നു പറഞ്ഞതായി സൂചനയുണ്ട്. ഇതിനു ശേഷമാണ് പി. കരുണാകരന്‍ എം.പിയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച മുഖ്യമന്ത്രിയെ കണ്ട് ഇവരുടെ തീവ്രവാദബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം കാസര്‍ക്കോടുള്ള ഒരു മലയാളിയെ വാട്‌സ്ഗ്രൂപ്പില്‍ അംഗമാക്കുകയും ഷാമിയെന്നയാള്‍ സന്ദേശം അയയ്ക്കുകയും ചെയ്തത് വലിയ വാര്‍ത്തായായിരുന്നു. ദവ്അത്തുല്‍ ഇസ്ലാം ദഅ്‌വ എന്ന ഗ്രൂപ്പിലാണ് ആ യുവാവിന്റെ ഫോണ്‍ നമ്പര്‍ ചേര്‍ത്തത്. വാട്‌സാപ്പിലെ ഗ്രൂപ്പുകളില്‍ ആരെങ്കിലും ചേര്‍ക്കപ്പെടുന്നത് യുവാക്കള്‍ അത്ര വലിയ കാര്യമാക്കാറില്ല. ഈ ഗ്രൂപ്പിന്റെ ഐക്കണായി ഐഎസിന്റെ പതാകയാണ് നല്‍കിയിരുന്നത്. കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഈ യുവാവിന് പിന്നീട് ഐഎസ് സംഘടനയുമായി ബന്ധപ്പെട്ട നിരവധി സന്ദേശങ്ങളാണ് ലഭിച്ചിരുന്നത്. ഇന്ത്യയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഐഎസ് സംഘടന തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ തന്നെ ഐബിയും സൈബര്‍ ക്രൈം വിഭാഗവും സോഷ്യല്‍ മീഡിയാ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ മത സ്പര്‍ധ വളര്‍ത്തുന്നതും തീവ്രവാദം വളര്‍ത്തുന്നത് പോലുള്ളതുമായ ഗ്രൂപ്പുകളെയും അത്തരത്തില്‍ ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നവരെയും വിലക്കുന്ന നടപടികള്‍ സൈബര്‍ പൊലിസ് രണ്ട് വര്‍ഷം മുമ്പ് തന്നെ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയിലെ നിരവധി മലയാളി ഗ്രൂപ്പുകളെ നിരോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ക്രമാതീതമായി ഈ നിരീക്ഷണങ്ങള്‍ ഇല്ലാതാകുകയായിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയിലെ ദുഷ്പ്രവര്‍ത്തനങ്ങള്‍ വീണ്ടും കൂടുതല്‍ സജീവമായി. സോഷ്യല്‍ മീഡിയയിലെ പൊതുയിടങ്ങളില്‍ ഫോണ്‍ നമ്പര്‍, വിലാസം, മെയില്‍ ഐഡി പോലുള്ള സ്വകാര്യ വിവരങ്ങള്‍ നല്‍കുന്നത് ഒഴിവാക്കിയാല്‍ തന്നെ ഒരു പരിധിവരെ ഇത്തരം പ്രശ്‌നങ്ങളില്‍ അകപ്പെടുന്നത് ഒഴിവാക്കാന്‍ കഴിയും. തങ്ങള്‍ക്ക് വ്യക്തമായി അറിയാവുന്നവരുമായി സൗഹൃദം പങ്കിടുകയും സ്വകാര്യ വിവരങ്ങള്‍ കൈമാറുകയും ചെയ്യുക. സംശയാസ്പദമായ ഗ്രൂപ്പുകളില്‍ അംഗമാകാതിരിക്കുക. അത്തരത്തില്‍ ഏതെങ്കിലും ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കപ്പെടുന്നതിന് മറ്റുള്ളവരെ അനുവദിക്കുന്ന തരത്തിലാണ് നിങ്ങളുടെ സോഷ്യല്‍ മീഡിയ സജ്ജീകരണങ്ങള്‍ എങ്കില്‍ അതിനുള്ള അവകാശം നിങ്ങള്‍ക്ക് മാത്രമാക്കി നിജപ്പെടുത്തുക. അജ്ഞാതരായവര്‍ ചിത്രങ്ങളും വിഡിയോകളും മറ്റും നിങ്ങള്‍ക്ക് ടാഗ് ചെയ്യുന്ന ഓപ്ഷനുകള്‍ പ്രൈവറ്റ് ആക്കുക. അതല്ലെങ്കില്‍ നിങ്ങള്‍ അംഗീകരിച്ചാല്‍ മാത്രം ടാഗ് ചെയ്യാന്‍ ഓപ്ഷന്‍ നല്‍കുക. ഇത്തരത്തില്‍ നിരവധി നടപടികളിലൂടെ നമ്മള്‍ ജാഗരൂകരായാല്‍ മാത്രമേ ഇത്തരം അപകടങ്ങളില്‍ നിന്നും അകന്നുനില്‍ക്കാന്‍ കഴിയൂ.

You must be logged in to post a comment Login