മലയാളി നഴ്‌സിന്റെ ആത്മഹത്യ; സാഹചര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാളിന് പിണറായിയുടെ കത്ത്

തിരുവനന്തപുരം: ഡല്‍ഹിയിലെ നഴ്‌സുമാരുടെ സമരത്തില്‍ ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിന് കത്തയച്ചു. മലയാളി നഴ്‌സിനെ ആത്മഹത്യക്ക് നയിച്ച സാഹചര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഴ്‌സുമാരുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ഡല്‍ഹി ഐഎല്‍ബിഎസ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഉടന്‍ ഒത്തുതീര്‍ക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്ന് യുഎന്‍എ ആവശ്യപ്പെട്ടിരുന്നു . സമരം ഒത്തുതീര്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും യുഎന്‍എ അറിയിച്ചു. യുഎന്‍എയുടെ ഡല്‍ഹി ഘടകം നാളെ ഔദ്യോഗികമായി രൂപീകരിക്കും.

അപ്രതീക്ഷിത പിരിച്ചുവിട്ടലിനെ തുടര്‍ന്ന് മലയാളി നഴ്‌സ് ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടര്‍ന്നാണ് ഐഎല്‍ബിഎസ് ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം ആരംഭിച്ചത്. അപകടനില തരണം ചെയ്ത നഴ്‌സ് ഇപ്പോള്‍ എയിംസ് ആശുപത്രിയില്‍ ചികില്‍സയിലാണ്. തൊഴില്‍ സംബന്ധമായി ആശുപത്രിയില്‍നിന്നു നേരിടുന്ന പീഡനത്തെക്കുറിച്ച് നഴ്‌സുമാര്‍ നേരത്തേതന്നെ ഡല്‍ഹി സര്‍ക്കാരിനു പരാതി നല്‍കിയിരുന്നു.

നഴ്‌സുമാരില്‍ ചിലരെ ആശുപത്രി അധികൃതര്‍ അകത്തു പൂട്ടിയിട്ടതായി സമരം നടത്തുന്ന നഴ്‌സുമാര്‍ അറിയിച്ചിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങേണ്ട നഴ്‌സുമാരെയാണു പൂട്ടിയിട്ടത്. സമരത്തില്‍ പങ്കെടുക്കാതിരിക്കാനാണു പൂട്ടിയിട്ടിതെന്നു നഴ്‌സുമാര്‍ പറയുന്നു. ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരം സെക്യൂരിറ്റി ജീവനക്കാരാണ് ഇവരെ പൂട്ടിയിട്ടത്. രാവിലെ എട്ടുമണിക്ക് കന്റീനില്‍ ഭക്ഷണം കഴിക്കാന്‍ പോയശേഷം തിരികെ ആശുപത്രിക്കു പുറത്തേക്കിറങ്ങാന്‍ ഒരുങ്ങിയപ്പോഴാണു പൂട്ടിയിട്ടതായി വ്യക്തമായത്. ഇവരെ ഡബിള്‍ ഡ്യൂട്ടി എടുക്കാന്‍ നിര്‍ബന്ധിക്കുന്നതായും നഴ്‌സുമാര്‍ പറഞ്ഞിരുന്നു.

You must be logged in to post a comment Login