മലയാളി വൈദികന്റെ കൊലപാതകം; രണ്ടു വൈദികര്‍ അറസ്റ്റില്‍

ബംഗളുരു: മലയാളി വൈദികന്‍ കോട്ടയം  സ്വദേശി ഫാ.കെ.ജെ തോമസ് പഴേമ്പള്ളില്‍ ബംഗളുരുവില്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടു വൈദികരെയും ഒരു വൈദികവിദ്യാര്‍ഥിയെയും പൊലീസ്് അറസ്റ്റു ചെയ്തു. വൈദികരായ ഫാ. ഇല്യാസ്, ഫാ. പീറ്റര്‍, വൈദിക വിദ്യാര്‍ത്ഥി വില്യം എന്നിവരാണ് അറസ്്റ്റിലായത്.
മല്ലേശ്വരം സെന്റ് പീറ്റേഴ്‌സ് സെമിനാരി റെക്ടറായിരുന്ന ഫാ. തോമസിനെ 2013  മാര്‍ച്ച് 31നാണു സെമിനാരിയിലെ മുറിക്കു സമീപം തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാംഗളൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ജ്യോതി പ്രകാശ് മിര്‍ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ്്്്് ചെയ്തത്. സെമിനാരിയില്‍നിന്നു രേഖകള്‍ മോഷ്ടിക്കുന്നതിനിടെ മൂവരെയും റെക്ടര്‍ കയ്യോടെ പിടികൂടിയതാണ് കൊലയ്ക്ക് കാരണമെന്നാണു പൊലീസ് നിഗമനം. പ്രതികള്‍ മൂവരെയും നുണപരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് കേസിനു തുമ്പുണ്ടായത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നാം തീയതിയായിരുന്നു വൈദികന്റെ ജഡം സെമിനാരിയിലെ മുറിയില്‍ കണ്ടെത്തിയത്.  കൊലപാതകത്തിനു പിന്നില്‍ അവിടത്തെ വൈദികരാണെന്ന സംശയം നേരത്തെതന്നെ ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ സി.ബി.സി.ഐ. അധ്യക്ഷന്‍ അടക്കം സഭയിലെ ഉന്നതര്‍ക്കു പരാതി നല്കിയിരുന്നു. പാലായില്‍ സി.ബി.സിഐ. സമ്മേളനം നടന്നപ്പോഴും വീട്ടുകാര്‍ എത്തി സങ്കടം അറിയിച്ചിരുന്നു.
എട്ടു വര്‍ഷത്തോളം സെമിനാരിയിലെ പ്രൊക്യുറേറ്റര്‍ ആയിരുന്ന ഫാ. പഴേമ്പള്ളി അവിടെ നടന്നിരുന്ന പല ക്രമക്കേടുകളും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഒരു വിഭാഗം വൈദികര്‍ ഫാ.പഴേമ്പള്ളിക്കെതിരെ തിരിഞ്ഞിരുന്നു.
കൂടാതെ സെമിനാരി വിഭജിക്കണമെന്ന് തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും സഭാ അധികൃതര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനെ സെമിനാരിയുടെ റെക്ടര്‍കൂടിയായിരുന്ന ഫാ.പഴേമ്പള്ളി എതിര്‍ത്തിരുന്നു. ഇതോടെ സെമിനാരിക്കുള്ളില്‍ തന്നെ അച്ചനോട് വിരോധം കൂടിയെന്ന് ഫാ.പഴേമ്പള്ളിയുടെ സഹോദരന്‍ മാത്യു നേരത്തെ വ്യക്തമാക്കിയിരുന്നു.
ഫാ.തോമസ് പഴേമ്പള്ളിയുടെ കൊലപാതകത്തില്‍ സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് സഭാ അധികാരികള്‍ നാലു വൈദികരെ മാറ്റിയിരുന്നു. ബാംഗ്ലൂര്‍ പൊലീസിന്റെ അന്വേഷണം ശക്തമായതിനെ തുടര്‍ന്നായിരുന്നു ഇവരെ സെമിനാരിയില്‍ നിന്നും മാറ്റിയത്. പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം ഒരു വൈദികനെ നാര്‍ക്കോ അനാലിസിസിനു വിധേയമാക്കിയിരുന്നു. കൂടാതെ ബ്രെയിന്‍മാപ്പിംഗ്, നുണപരിശോധന എന്നിവയ്ക്കും വിധേയമാക്കി. മറ്റു രണ്ടു വൈദികരെ നുണപരിശോധനയ്ക്കും വിധേയമാക്കിയിരുന്നു. കൂടാതെ സെമിനാരിയിലെ ജീവനക്കാരെയും കര്‍ണാടക പൊലീസ് ചോദ്യം ചെയ്തിരുന്നു.
പരിശോധനാ റിപ്പോര്‍ട്ടിന്റെയും ചില തെളിവുകളുടെയും അടിസ്ഥാനത്തില്‍ വൈദികരുടെ പങ്ക് വ്യക്തമായിരുന്നെങ്കിലും അറസ്റ്റ് വൈകുകയായിരുന്നു. ഫാ.തോമസ് പഴേമ്പള്ളിയുടെ മൃതദേഹം  ഏറ്റുമാനൂരില്‍ കൊണ്ടുവന്നാണ് സംസ്കരിച്ചത്.

You must be logged in to post a comment Login