മലയാള ഭാഷയിലെ പ്രഥമ വൈയാകരണന്‍

  • കിടങ്ങന്നൂര്‍ പ്രസാദ്

പത്തനംതിട്ട ജില്ലയിലെ കിടങ്ങന്നൂര്‍ ദേശം ചരിത്രത്തില്‍ ഇടം നേടുന്നത് മലയാള ഭാഷയുടെ വ്യാകരണ പിതാവിന്റെ ജന്‍മനാടെന്ന നിലയിലാണ്. ചരിത്രപ്രസിദ്ധമായ ആറന്‍മുളയ്ക്കടുത്തുള്ള ഈ ഗ്രാമത്തില്‍ പുളിയേലില്‍ മാത്തന്‍ തരകന്റെയും അന്നമ്മയുടേയും രണ്ടാമത്തെ മകനായി 1819 സെപ്തംബര്‍ 25 ന് ജനിച്ച റവ. ജോര്‍ജ് മാത്തന്‍ തന്റെ നാല്‍പത്തിനാലാം വയസില്‍ എഴുതി പ്രസിദ്ധീകരിച്ച കൃതിയാണ് മലയാളത്തിന്റെ ആദിമ വ്യാകരണ ഗ്രന്ഥം. ‘മലയാഴ്മയുടെ വ്യാകരണം’ എന്ന കൃതി രചിക്കുന്നത് ഏറെ കാലത്തെ പഠനങ്ങളുടെ നിരീക്ഷണങ്ങളുടേയും ശ്രമഫലമായാണ്.ആഗ്ലിക്കന്‍ സഭയില്‍ പാതിരിയായിരുന്ന റവ. ജോര്‍ജ്ജ് മാത്തന്‍ കിടങ്ങന്നൂരിന്റെ വീര പുത്രനായിരുന്നു. സംസ്‌കൃതത്തിന്റെയും തമിഴിന്റേയും സ്വാധീനത്തില്‍ വലഞ്ഞിരുന്ന മലയാളത്തിന് വ്യാകരണത്തിന്റെ നട്ടെല്ലു പണിതു നല്‍കിയ യുഗ പ്രഭാവനായിരുന്നു അദ്ദേഹം. സംസ്‌കൃതത്തിന്റെ കുടുമ വെച്ച ഭാഷാ തമ്പുരാക്കന്‍മാരില്‍ ചിലര്‍ ആ ഗ്രന്ഥത്തെ ഇകഴ്ത്തികാണാന്‍ ശ്രമിച്ചെങ്കിലും പത്തുവര്‍ഷത്തിനുശേഷം ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ ഗ്രന്ഥരചനയ്ക്ക് വഴിയായത് പ്രസ്തുത മലയാഴ്മയുടെ വ്യാകരണമായിരുന്നുവെന്നത് ചരിത്രം.

കൊള്ളേണ്ടത് കൊള്ളുകയും തള്ളേണ്ടത് തള്ളുകയും ചെയ്തുകൊണ്ട് ഏറെപ്പേരുടെ എതിര്‍പ്പിനെ അവഗണിച്ച് മലയാളത്തിനു നട്ടെല്ലു പണിത ചരിത്ര നായകനായിരുന്നു റവ. ജോര്‍ജ് മാത്തന്‍. ഭാഷയെ സൂര്യലിഖിതങ്ങളാക്കി ഊതീക്കാച്ചിയെടുത്ത യുഗപ്രഭാവനായിരുന്നു എഴുത്തുകാരുടെ തമ്പുരാനായിരുന്ന ‘മല്ലപ്പള്ളീലച്ചന്‍’ എന്നറിയപ്പെട്ടിരുന്ന കിടങ്ങന്നൂര്‍ക്കാരന്‍. അഴിമതിയിലും ആര്‍ഭാടങ്ങൡലും ആടിയുലഞ്ഞു ശുഷ്‌കമായി മാറിയ തിരുവിതാംകൂര്‍ രാജ ഭണ്ഡാരത്തിനു വന്‍തുകകള്‍ നല്‍കി സഹായിച്ചതിനാല്‍ അന്നത്തെ രാജാധികാരികള്‍ ‘തരകന്‍’ സ്ഥാനം നല്‍കി ആദരിച്ച കുടുംബത്തിലായിരുന്നു ചരിത്ര നായകന്റെ ജനനം. പിതാവിന്റെ മരണശേഷം പുത്തന്‍കാവ് പള്ളിയിലെ വികാരിയായിരുന്ന പിതൃസഹോദരന്‍ കുര്യന്‍ കത്തനാരുടെ സംരക്ഷണയിലായിരുന്നു ജോര്‍ജ് മാത്തന്‍ പഠിച്ചതും വളര്‍ന്നതും. പഠനത്തില്‍ ഏറെ മികവു പുലര്‍ത്തിയ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം. വലുതായാല്‍ തനിക്കും പട്ടക്കാരനായി മാറണമെന്ന് വളരെ ചെറുപ്പത്തില്‍ തന്നെ ചരിത്ര നായകന്‍ പറഞ്ഞിരുന്നു. അതിനാല്‍ പഠനഭാഷകളോടൊപ്പം കുര്യന്‍ കത്തനാരില്‍ നിന്നും സുറിയാനി ഭാഷയും അദ്ദേഹം ഹൃദിസ്ഥമാക്കി. പിന്നീട് ഇംഗ്ലീഷ്, എബ്രായ,ലത്തീന്‍, സംസ്‌കൃതം, തമിഴ് എന്നിവയിലും വ്യൂല്‍പ്പത്തി നേടി. ഒപ്പം തത്വശാസ്ത്രം, ഗണിത ശാസ്ത്രം, ഗദ്യ രചന, ജ്യോതി ശാസ്ത്രം, മനഃശാസ്ത്രം, സദാചാര ശാസ്ത്രം എന്നീ അറിവുകൡലും ഒന്നാമനായി.

മദിരാശിയിലായിരുന്നു പഠനം. 1844 -ല്‍ അദ്ദേഹം വൈദീകനായി. ആംഗ്ലിക്കന്‍ സഭയിലെ പ്രഥമ നാട്ടുപട്ടക്കാരനും റവ. ജോര്‍ജ്ജ് മാത്തനായിരുന്നു. മല്ലപ്പള്ളിയിലായിരുന്നു അദ്ദേഹത്തിന് വൈദീകനായി ആദ്യ നിയമനം കിട്ടിയത്. അത് ഏറെ വഴിത്തിരിവുകള്‍ ദേശത്തിന് നല്‍കാന്‍ സാധിച്ചു. ഏതാണ്ട് പതിനാറു വര്‍ഷക്കാലം മല്ലപ്പള്ളിയിലെ സഭയെ നയിച്ചു. അങ്ങനെ ‘മല്ലപ്പള്ളിയിലച്ചന്‍ എന്നറിയപ്പെട്ടു അദ്ദേഹം. സഭയുടെ ഇടയന്‍ എന്നതിലുപരി മറ്റു പാതിരിമാരില്‍ നിന്നും അദ്ദേഹം ചരിത്രത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത് ഇരുളടഞ്ഞ ആദിമകേരളത്തിന് വിപ്ലവകരമായ പല നേട്ടങ്ങളും പകര്‍ന്നു നല്‍കിയെന്നുള്ളത് കൊണ്ടാണ്. സാഹിത്യത്തിലും ഭാഷയിലും സാമൂഹിക ജീവിതത്തിലും അദ്ദേഹം ഇടപെട്ടത് ചരിത്ര നിയോഗം പോലെയായിരുന്നു. തേഞ്ഞു പഴകിയ മധുമൊഴികളില്‍ ആ കര്‍മ്മധീരന്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. കര്‍മ്മ മണ്ഡലത്തിലെ ഏകാന്ത സൂര്യനായിരുന്നു അദ്ദേഹം. മാനുഷിക മൂല്യങ്ങള്‍ക്കെതിരെയുള്ള ഗൂഢപദ്ധതികളെ അദ്ദേഹം എന്നും എതിര്‍ത്തിരുന്നു. ജാതിമേല്‍ക്കോയ്മകള്‍ അധ്വാനവര്‍ഗ്ഗത്തെ ചവിട്ടി താഴ്ത്തിയമര്‍ത്തിയിരുന്ന കാലഘട്ടമായിരുന്നു. സവര്‍ണ്ണ കോട്ടകളില്‍ ഇടിനാദമായി പെയ്തിറങ്ങാന്‍ അദ്ദേഹം മുന്നില്‍ നിന്നു. ദളിതര്‍ ഉള്‍പ്പെടെയുള്ള സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് അക്ഷരം പഠിക്കാന്‍ വിലക്കുള്ള കാലം. പഠിച്ചാല്‍ പരസ്യമായി മര്‍ദ്ദിക്കുകയും കണ്ണുകുത്തിപ്പൊട്ടിക്കാനും നായര്‍ പ്രമാണിമാര്‍ തിരുവിതാംകൂറിലാകെ ഭ്രാന്തു കയറി ഓടി നടന്ന കാലം.അങ്ങനെയുള്ളവര്‍ക്ക് ബോധമുണ്ടാവാനും ദളിതര്‍ക്ക് വിദ്യ നേടുവാനും ‘മല്ലപ്പള്ളിലച്ചന്‍’ മല്ലപ്പള്ളീലെ ഈഴാം മുറിയിലുള്ള പുരയിടത്തില്‍ കുടില്‍ കെട്ടി ചമ്പക്കര മുതലുള്ള സ്ഥലങ്ങളിലുള്ള പാവങ്ങളെ വിദ്യാഭ്യാസത്തിലേക്ക് നയിച്ചു. കൊമ്പന്‍ മീശ പിരിച്ചു നടന്ന നായര്‍ പ്രമാണികള്‍ക്കതു പിടിച്ചില്ല.

അന്നുരാത്രിയില്‍ ദളിത്‌വിദ്യാലയത്തിനു അവര്‍ തീയിട്ടു. ചിലരെ മര്‍ദ്ദിക്കുകയും ചെയ്തു. മനുഷ്യ സ്‌നേഹിയായ റവ. ജോര്‍ജ്ജ് മാത്തന്റെ നന്‍മ നിറഞ്ഞ കര്‍മ്മങ്ങള്‍ക്കെതിരെ സഭയുടെ അധികാരികള്‍ക്ക് പ്രമാണിമാര്‍ പരാതി നല്‍കിയെങ്കിലും സഭ മല്ലപ്പള്ളിലച്ചന് അകമഴിഞ്ഞ പിന്തുണ നല്‍കുകയാണ് ചെയ്തത്. ആയില്യം തിരുനാള്‍ തിരുവിതാംകൂറിലെ മഹാരാജാവായിരുന്ന കാലത്താണ് തന്റെ ആദ്യഗ്രന്ഥമായ സത്യവേദപട്ടം 1861 -ല്‍ പ്രസിദ്ധീകരിച്ചത്. ആ ഗ്രന്ഥം റവ. ജോര്‍ജ് മാത്തനെ ഏറെ പ്രശസ്തനാക്കി. 1863 -ല്‍ മലയാഴ്മയുടെ വ്യാകരണം പുറത്ത് വന്നു. ഭാഷാ തമ്പുരാക്കള്‍ ഞെട്ടിത്തരിച്ചുപോയി. ഇതുവഴി ഭാഷയ്ക്കു കൈ വന്ന വ്യാകരണ നട്ടെല്ല് കൊണ്ട് മലയാളം മറ്റു ഭാഷകള്‍ക്കിടയില്‍ സിംഹാസനസ്ഥനായി മാറി. ചിന്നിച്ചിതറി കിടന്ന വ്യാകരണ നിയമങ്ങള്‍ സ്വരൂക്കൂട്ടി പുതിയവ കൂട്ടി ചേര്‍ക്കാന്‍ നവലോകത്തിന് ഉതകുന്ന രീതിയില്‍ എല്ലാം പുതുക്കി പണിത് മലയാളത്തിനെ കൂടുതല്‍ ഉയര്‍ത്തി നിര്‍ത്തി.പ്രമാണി വര്‍ഗ്ഗത്തെ കുറച്ചൊന്നുമല്ല പ്രസ്തുത ഗ്രന്ഥം ഉറക്കം കെടുത്തിയത്. ആ ഗ്രന്ഥത്തെ ഏറെ ഇകഴ്ത്തി കാട്ടാന്‍ അന്നത്തെ വരേണ്യവര്‍ഗ്ഗം അന്നു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ക്രിസ്ത്യാനിയായിരുന്ന അദ്ദേഹം ഗ്രന്ഥരചന നടത്തിയത് പലര്‍ക്കും ദഹിച്ചില്ല എന്നതായിരുന്നു കാരണം.

1863 -ല്‍ പുറത്തിറങ്ങിയ ഗ്രന്ഥത്തോടെ റവ. ജോര്‍ജ് മാത്തന്‍ ഭാഷയിലെ വ്യാകരണ പിതാവ് എന്നറിയപ്പെട്ടു തുടങ്ങി. ഒന്നിനു പുറകെ ഒന്നായി നാടിനുതകുന്ന ഗ്രന്ഥങ്ങള്‍ മഹാമാനുഷിയുടെ തൂലികയില്‍ നിന്നും പുറത്തു വന്നു. ഒരു സംവാദം, മറുജ•ം, സ്ത്രീകളുടെ യോഗ്യമായ സ്ഥിതി,മരുമക്കത്തായ ദോഷങ്ങള്‍, നാനാര്‍ത്ഥം, ഭൂമി ഉരുണ്ടതാണ്, അദ്വൈതം, വേദചരിത്രം, ലോകചരിത്രം, ഇന്ത്യ ചരിത്രം, ബാലമിത്രം, പണക്കാര്യ വര്‍ണ്ണന, പരോപകാരം, ദേഹസൗഖം,തുടങ്ങി അനേകം രചനകള്‍ അദ്ദേഹം നടത്തി. തികഞ്ഞ സാത്വികനായിരുന്ന കര്‍മ്മ സൂര്യനായിരുന്ന അദ്ദേഹത്തെ അന്നത്തെ ദിവാനായിരുന്ന സര്‍ ടി. മാധവരായര്‍ ഗവണ്‍മെന്റ്ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് ക്ഷണിച്ചെങ്കിലും സന്തോഷപൂര്‍വ്വം അദ്ദേഹം അത് നിരസിക്കുകയാണ് ഉണ്ടായത്. സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലത്ത് കഥാനായകന്റെ ശ്രമഫലമായി 1866- ല്‍ തിരുവനന്തപുരത്ത് ഒരു മലയാളം സ്‌കൂള്‍ നിലവില്‍ വന്നു.

വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളാല്‍ റവ. ജോര്‍ജ് മാത്തന്‍ രോഗങ്ങളുടെ പിടിയിലായി. ഏറെക്കാലം ശയ്യാവലംബനായിരുന്നിട്ടും ഗ്രന്ഥ രചനയില്‍ നിന്നും പരിഷ്‌ക്കാര കര്‍മ്മങ്ങളില്‍ നിന്നും അദ്ദേഹത്തെ ആര്‍ക്കും പിന്തിരിപ്പിക്കാനായില്ല. 1870 മാര്‍ച്ച് നാലാം തിയതി വെള്ളിയാഴ്ച ആ കര്‍മ്മ സൂര്യന്‍ ഭൂമി ജീവിതത്തോട് യാത്ര പറഞ്ഞു. ആഗ്ലിക്കന്‍ സഭയ്ക്കുപരി തിരുവിതംകൂറിലാകെ അത് വേദനപടര്‍ത്തി.സാമൂഹിക ജീവിതത്തിന് ഏറെനാള്‍ പ്രകാശം പകര്‍ന്ന് സൂര്യഗോപുരമായി മാറിയ മല്ലപ്പള്ളിലച്ചന്റെ വേര്‍പാട് ഭാഷയ്ക്കും സാഹിത്യത്തിനും സഭയ്ക്കും ഏറെ നഷ്ടമായിരുന്നു വരുത്തിവച്ചത്.

മല്ലപ്പള്ളി സ്വദേശിയായിരുന്ന മറിയാമ്മയായിരുന്നു അദ്ദേഹത്തിന്റെ സഹധര്‍മ്മിണി.അവര്‍ നല്‍കിയ പിന്തുണയായിരുന്നു എല്ലാത്തിനും മുന്നോട്ടിറങ്ങാനായി അദ്ദേഹത്തെ സഹായിച്ചിരുന്നത്. മൂത്തമകന്‍ എം.ജി മാത്തന്‍ മജിസ്‌ട്രേറ്റായിരുന്നു.മറ്റൊരു പുത്രന്‍ ജോര്‍ജജ് ഈപ്പന്‍ എഞ്ചിനീയറും മൂന്നാമത്തെ മകന്‍ ജോര്‍ജ് സ്റ്റീഫാനോസ് ഡോക്ടറുമായിരുന്നു. ഏകമകള്‍ അന്നമ്മയെ വിവാഹം ചെയ്ത് മനോരമ കുടുംബാംഗമായിരുന്നു.
മലയാളഭാഷയ്ക്കും സാമൂഹിക ജീവിതത്തിനും മഹത്തായ കര്‍മ്മം കൊണ്ട് നേട്ടങ്ങള്‍ നല്‍കിയ റവ. ജോര്‍ജ്ജ് മാത്തനെ മലയാളം അര്‍ഹമായ രീതിയില്‍ അംഗീകരിച്ചുവോ എന്ന പിന്‍ചോദ്യം ബാക്കിയാവുകയാണ്. അദ്ദേഹത്തിന്റെ കര്‍മ്മസ്മരണകള്‍ നിലനില്‍ക്കുന്നതിനും വരും തലമുറകള്‍ക്ക് കണ്ടറിയുവാനും ഉതകുന്ന രീതിയില്‍ മാതൃകാപരമായ സ്മാരകങ്ങള്‍ കേരളത്തില്‍ എവിടെയും ഉണ്ടായിട്ടില്ല എന്നുള്ളത് അക്ഷന്തവ്യമായ തെറ്റാണ്. ഇരുളടഞ്ഞ കേരളത്തെ മുന്നോട്ടു നയിക്കുന്നതില്‍ മുന്നില്‍ നിന്ന വ്യക്തിയായിരുന്നു അദ്ദേഹം. നിരന്തര പഠനങ്ങളാലും അധ്വാനത്താലും വിരചിതമായ ആദ്യവ്യാകരണ ഗ്രന്ഥം ‘മലയാഴ്മയുടെ വ്യാകരണം’ കോപ്പി അടിച്ചവരെ മലയാളം തലയിലേറ്റി നടക്കുമ്പോഴാണ് സ്വദേശിയായ വ്യാകരണ പിതാവിനു നേരെ ആധുനിക കേരളം മുഖം തിരിക്കുന്നത്.

മലയാള ഭാഷ ഉള്ളിടത്തോളം റവ. ജോര്‍ജ്ജ് മാത്തന്‍ എന്ന വ്യാകരണ പിതാവ് നിലനില്‍ക്കണം.ജന്‍മനാടായ കിടങ്ങന്നൂരില്‍ അദ്ദേഹത്തിന്റെ ഇരുപത്തഞ്ചാം ജന്‍മദിനമായ 2019 സെപ്തംബര്‍ 25 ന്സ്ഥാപിക്കാനും ഭാഷയ്ക്കും സാമൂഹിക ഉന്നമനത്തിനും വിലയേറിയ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെയ്ക്കുന്നവര്‍ക്ക് വ്യാകരണ പിതാവിന്റെനാമധേയത്തില്‍ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താനുമായി തയ്യാറെടുത്തിരിക്കുകയാണ് കിടങ്ങന്നൂര്‍ ആര്‍ട്‌സ് മിഡീയ(കര്‍മ) എന്ന സാംസ്‌കാരിക കൂട്ടായ്മ. റവ. ജോര്‍ജ് മാത്തന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ അതിനായി രൂപീകരിച്ചിട്ടുണ്ട്. ചരിത്ര നായകന്റെ കുടുബാംഗമായ റ്റോജി. ടി. തടിശ്ശേരില്‍ ചാന്‍സലറായ കമ്മിറ്റിയില്‍ കിടങ്ങന്നൂര്‍ പ്രസാദ് (രക്ഷാധികാരി) അജയന്‍. കെ. ആര്‍ (പ്രസിഡന്റ്) അരുണ്‍ ശ്രീധര്‍ (സെക്രട്ടറി) അനില്‍കുമാര്‍ പി.കെ (ഖജാന്‍ജി)പ്രകാശ്റ്റി.ബി, സുമേഷ് സുകുമാര്‍,അനുരാജ്, രതീഷ് രവി, (കമ്മറ്റി അംഗങ്ങള്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

(വിവങ്ങള്‍ക്ക് കടപ്പാട്- സരസ്സകവി കെ.എം. മാത്തന്‍ തരകന്‍ എഴുതിയ റവ. ജോര്‍ജ്ജ് മാത്തന്‍ ജീവചരിത്ര സംക്ഷേപം, തരകന്‍ കുടുംബചരിത്രം- 2017, എന്നീ ഗ്രന്ഥങ്ങളും ചരിത്രകാരനും എഴുത്തുകാരനുമായ ജോണ്‍ മാത്യൂസ് സി, ആറന്‍മുള പഞ്ചായത്തംഗമായ ഷീജാ. റ്റി. റ്റോജി.)

 

 

 

You must be logged in to post a comment Login