മലയാള സിനിമയുടെ താരരാജാവിന് ഇന്ന് 59-ാം ജന്മദിനം

 

മലയാളസിനിമയിൽ കോടികിലുക്കത്തിന്‍റെ താരരാജാവായി ഇരിപ്പിടം ഉറപ്പിച്ച മോഹൻലാലിന് ഇന്ന് 59-ാം പിറന്നാള്‍. ദൃശ്യം, ഒപ്പം, പുലിമുരുകൻ, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ 50 കോടിയും 100 കോടിയും 200 കോടിയും ബോക്സോഫീസ് ഹിറ്റുകള്‍ സ്വന്തമാക്കിയ നടൻ മലയാള സിനിമയിൽ നാലുപതിറ്റാണ്ടായി തന്‍റെ അഭിനയജീവിതത്തിലെ ജൈത്രയാത്ര തുടരുകയാണ്.

1960 മെയ് 21നാണ് വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും മകനായി പത്തനംതിട്ടയിലെ ഇലന്തൂരിൽ അദ്ദേഹത്തിന്‍റെ ജനനം. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ മലയാള സിനിമാലോകത്തിലേക്കെത്തിയ താരം പിന്നീട് സിനിമ ലോകം തന്നെ കീഴടക്കുന്ന താരരാജാവായി വളരുകയായിരുന്നു. മോഹൻലാലിന്‍റെ പിറന്നാൾ വൻ ആഘോഷമാക്കി തീര്‍ക്കാൻ സോഷ്യൽമീഡിയയിലുള്‍പ്പെടെ ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.

1978ൽ പുറത്തിറങ്ങിയ ‘തിരനോട്ടം’ എന്ന സിനിമയാണ് മോഹൻലാൽ എന്ന മലയാളികളുടെ അഭിമാനമായ താരത്തിന്‍റെ വെള്ളിത്തിരയിലേക്കുള്ള ആദ്യ സിനിമയായി പറയുന്നത്. എന്നാൽ ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതിനാൽ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ മലയാളസിനിമക്ക് കിട്ടിയത് ഒരു നായക നടനെയായിരുന്നു. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിൽ വില്ലൻ്റെ വേഷത്തിലാണ് ലാലേട്ടൻ എത്തിയതെന്നാണ് ശ്രദ്ധേയം.

1980-’90 ദശകങ്ങളിലെ ചലച്ചിത്ര വേഷങ്ങളിലൂടെയാണ്‌ മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. വില്ലനായി വന്ന് മലയാളി പ്രേക്ഷരുടെ മനസ്സിൽ നായകനായ അപൂര്‍വം നടൻമാരിൽ ഒരാൾ കൂടിയാണ് മോഹൻലാൽ. മലയാളസിനിമയുടെ ‘ലൂസിഫറിന്’ ഇന്ന് സിനിമാലോകം ഒട്ടാകെ പിറന്നാളാശംസ നേരുകയാണ്.

രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളടക്കം ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001 ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ഭാരത സർക്കാറും ഈ താരപ്രതിഭയെ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്‍റ് കേണൽ പദവിയും നൽകി. മോഹൻലാലിനെ നായകനാക്കി അണിയറയിൽ ഒരുങ്ങുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, കുഞ്ഞാലി മരയ്ക്കാര്‍, ബിഗ് ബ്രദര്‍ എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകവൃന്ദം. മാത്രമല്ല അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ബാരോസ് എന്ന ചിത്രവും ഈ വര്‍ഷം ഒരുങ്ങുന്നുമുണ്ട്.

You must be logged in to post a comment Login