മലയോരത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; രണ്ട് പേരെ തിരിച്ചറിഞ്ഞു

മലയോരത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻ പുഴയിലാണ് കഴിഞ്ഞ ദിവസം രാത്രി ആയുധ ധാരികളായ മൂന്നുപേർ അടക്കുന്ന മാവോയിസ്റ്റുകൾ എത്തിയത്. ഇതിൽ രണ്ടുപേരെ പൊലീസ് തിരിച്ചറിഞ്ഞു. സോമൻ, സന്തോഷ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

തുറക്കൽ ജോജോയുടെ വീട്ടിൽ രാത്രി 8.30 ഓടെ എത്തിയ സംഘം തങ്ങൾ മാവോയിസ്റ്റുകളാണെന്ന് സ്വയം പരിചയപ്പെടുത്തുകയായിരുന്നു. വീട്ടിൽ നിന്ന് ഭക്ഷണം ഉണ്ടാക്കിക്കഴിച്ച സംഘം ഭക്ഷണ സാധനങ്ങളും ശേഖരിച്ച് രാത്രി 10.30 ഓടെ കാട്ടിലേക്ക് തന്നെ മടങ്ങി. മലയാളം സംസാരിക്കുന്ന ആയുധധാരികളായ 3 അംഗ സംഘമാണ് ഇവിടെ എത്തിയത്. വീട്ടുകാർക്ക് ലഘുലേഖകളും വിതരണം ചെയ്തിട്ടുണ്ട്. കനൽപാത സിപിഐ മാവോയിസ്റ്റ് എന്ന തലക്കെട്ടോട് കൂടിയ ലഘുലേഖയാണ് വിതരണം ചെയ്തത്. സംസ്ഥാന സർക്കാരിനും സിപിഐഎമ്മിനുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് നോട്ടീസിൽ ഉള്ളത്.

കഴിഞ്ഞ മാസം കൂടരഞ്ഞി പൂവാറംതോടിലും അതിന് മുൻപ് തിരുവമ്പാടി പൊന്നാങ്കയത്തും മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. തുടർച്ചയായി മാവോയിസ്റ്റുകൾ എത്തുന്ന സാഹചര്യത്തിൽ മലയോര ജനത വലിയ ഭീതിയിലാണ്.

You must be logged in to post a comment Login