മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കുന്നതില്‍ തീരുമാനം നാളെ മന്ത്രിസഭാ യോഗത്തില്‍; കൂടുതല്‍ സ്‌കൂളുകള്‍ പൂട്ടാതിരിക്കാന്‍ നിയമ ഭേദഗതിക്ക് ശ്രമിക്കുമെന്ന് സി.രവീന്ദ്രനാഥ്

malapparambu

തിരുവനന്തപുരം: മലാപ്പറമ്പ് എയുപി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച് നാളെ മന്ത്രിസഭ തീരുമാനമെടുക്കും. സര്‍ക്കാര്‍ നിലപാട് അഡ്വക്കേറ്റ് ജനറല്‍ നാളെ ഹൈക്കോടതിയെ അറിയിക്കും. ഏറ്റെടുക്കലിനെക്കുറിച്ചുള്ള സാമ്പത്തിക ബാധ്യതയെക്കുറിച്ച് കോഴിക്കോട് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി.

മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കുന്ന കാര്യം പരിശോധിക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചിരുന്നു. ഇതിനായി എല്ലാവശങ്ങളും പരിശോധിക്കണം. കൂടുതല്‍ സ്‌കൂളുകള്‍ പൂട്ടാതിരിക്കാന്‍ നിയമ ഭേദഗതിക്ക് ശ്രമിക്കും. കൂട്ടായ തീരുമാനത്തിലൂടെയാകും നടപടികള്‍ എടുക്കുകയെന്നും മന്ത്രി പറഞ്ഞു.

മലാപ്പറമ്പ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വിദ്യാര്‍ഥി സംഘടനകളായ എസ്എഫ്‌ഐയും കെഎസ്‌യുവും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, പൂട്ടാന്‍ സുപ്രീം കോടതി ഉത്തരവിട്ട കോഴിക്കോട് മലാപ്പറമ്പ് സ്‌കൂളില്‍ പ്രതിഷേധം തുടരുകയാണ്. ജൂണ്‍ എട്ടിനകം സ്‌കൂള്‍ പൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. അതേസമയം എഇഒ സ്‌കൂളില്‍ പ്രവേശിക്കുന്നത് എന്തുവിലകൊടുത്തും തടയുമെന്നാണ് സമരസമിതിയുടെ നിലപാട്.

You must be logged in to post a comment Login