മലിനീകരണം: പരിശോധന വിജയിക്കാന്‍ സോഫ്റ്റ്‌വെയര്‍ സഹായം കാട്ടിയിട്ടില്ലെന്നു റെനോ

കഴിഞ്ഞ വര്‍ഷത്തെ പോലെ 2016ലും വാഹന വില്‍പ്പനയില്‍ അഞ്ചു ശതമാനം വളര്‍ച്ച നേടനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

reno
കാറുകളിലെ മലിനീകരണ നിയന്ത്രണ സാങ്കേതികവിദ്യയില്‍ കൃത്രിമം കാട്ടിയിട്ടില്ലെന്ന് ഫ്രഞ്ച് ജാപ്പനീസ് വാഹന നിര്‍മാണ സഖ്യമായ റെനോ നിസ്സാന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കാര്‍ലോസ് ഘോസ്ന്‍. യൂറോപ്പില്‍ വിറ്റ 15,000 കാറുകള്‍ പരിസ്ഥിതി മലിനീകരണം അമിതമായതിന്റെ പേരില്‍ തിരിച്ചുവിളിക്കേണ്ടി വന്ന പശ്ചാത്തലത്തിലാണു റെനോ നിസ്സാന്റെ വിശദീകരണം.

അമിത മലിനീകരണം അനുവദിക്കുകയായിരുന്നില്ല കമ്പനിയുടെ ഉദ്ദേശ്യമെന്ന് റെനോ നിസ്സാന്‍ മേധാവി കാര്‍ലോസ് ഘോസ്ന്‍ വ്യക്തമാക്കി. ഹ്രസ്വകാലാടിസ്ഥാനത്തില്‍ മാറ്റമൊന്നും സംഭവിക്കില്ലെന്നു വിശദീകരിച്ച ഘോസ്ന്‍ ഇത്തരം പ്രശ്‌നങ്ങള്‍ റെനോ നിസ്സാന്റെ ഭാവി വികസന പദ്ധതികളെ ബാധിക്കില്ലെന്നും വ്യക്തമാക്കി.കഴിഞ്ഞ വര്‍ഷത്തെ പോലെ 2016ലും വാഹന വില്‍പ്പനയില്‍ അഞ്ചു ശതമാനം വളര്‍ച്ച നേടനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

യു എസിലെ മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാന്‍ സോഫ്റ്റ്‌വെയര്‍ സഹായം തേടിയെന്നു കഴിഞ്ഞ സെപ്റ്റംബറില്‍ ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗന്‍ കുറ്റസമ്മതം നടത്തിയിരുന്നു. റെനോയില്‍ റെയ്ഡ് നടത്തിയതായി ഫ്രഞ്ച് അധികൃതര്‍ വെളിപ്പെടുത്തിയതാണു കമ്പനിക്കു തിരിച്ചടിയായത്. ദിവസങ്ങള്‍ക്കുള്ളിലാണ് അമിത മലിനീകരണം സൃഷ്ടിക്കുന്ന ഫില്‍റ്ററുമായി ബന്ധപ്പെട്ട തകരാര്‍ പരിഹരിക്കാന്‍ 15,000 കാറുകള്‍ തിരിച്ചുവിളിക്കുമെന്നു റെനോ പ്രഖ്യാപിച്ചത്.

അതിനിടെ ഇറാനെതിരെ നിലനിന്ന ഉപരോധം പിന്‍വലിച്ചതും റെനോയ്ക്കു പ്രത്യാശയേകുന്നുണ്ട്. വരുന്ന ആഴ്ചകള്‍ക്കിടെ ഇറാനെതിരെ അവശേഷിക്കുന്ന വിലക്കുകള്‍ കൂടി നീങ്ങുന്നതോടെ ആ വിപണിയിലേക്കുള്ള റെനോയുടെ മടക്കം സംബന്ധിച്ചു തീരുമാനമുണ്ടാവുമെന്നും ഘോസ്ന്‍ സൂചിപ്പിച്ചു.

You must be logged in to post a comment Login