മഴക്കാലരോഗപ്രതിരോധ പ്രവര്‍ത്തനം; 57 ഡോക്ടര്‍മാര്‍ക്ക് വിരമിക്കല്‍ തിയതി നീട്ടി നല്‍കും: ആരോഗ്യമന്ത്രി

shailaja

തിരുവനന്തപുരം: മഴക്കാലരോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിയന്തരക്രമീകരണമൊരുക്കുന്നതിന്റെ ഭാഗമായി മേയ് 31ന് വിരമിക്കേണ്ട 57 ഡോക്ടര്‍മാര്‍ക്ക് വിരമിക്കല്‍ തിയതി നീട്ടി നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആറു മാസത്തേക്കാണ് സര്‍വിസ് കാലയളവ് നീട്ടുന്നത്. എന്നാല്‍, പി.എസ്.സി നിയമനങ്ങളെ ഇതു ബാധിക്കില്ലെന്നും തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസില്‍ മന്ത്രി പറഞ്ഞു.

നീട്ടി നല്‍കുന്നവരില്‍ ആറുപേര്‍ അഡ്മിനിസ്‌ട്രേറ്റിവ് കാഡറിലുള്ളവരാണ്. മഴക്കാല പകര്‍ച്ചവ്യാധികളില്‍ ഇത്തവണ 10 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു സാഹചര്യം നേരിടാന്‍ പരിചയ സമ്പന്നരുടെ ആവശ്യകത പരിഗണിച്ചാണ് കുറച്ച് ഡോക്ടര്‍മാരുടെ സേവന കാലയളവ് നീട്ടുന്നത്. നിയമന സ്തംഭനം ഒഴിവാക്കുന്നതിന് പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരെ പൂര്‍ണമായും നിയമിക്കും. ഇതിനുപുറമേ പി.ജി പൂര്‍ത്തിയാക്കിയിറങ്ങുന്നവരെ സംസ്ഥാനത്തിന്റെ ആരോഗ്യസര്‍വിസ് മേഖലയില്‍ ലഭിക്കത്തക്ക വിധം നിയമനസംവിധാനം ക്രമീകരിക്കും.

അതേസമയം, സര്‍ക്കാര്‍ നിലപാടിനെതിരെ ഡോക്ടര്‍മാര്‍ക്കിടയില്‍തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. ഒരു വിഭാഗം ഡോക്ടര്‍മാരുടെ മാത്രം വിരമിക്കല്‍ തീയതി നീട്ടി നല്‍കിയത് വിവേചനമാണെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

You must be logged in to post a comment Login