മഴക്കാല കേശസംരക്ഷണം

പുത്തന്‍ സ്‌റ്റൈലുകളില്‍ മുടി വെട്ടിയാലും മുട്ടോളം മുടി നീട്ടി വളര്‍ത്തിയാലും മുടിയ്ക്ക് ഉള്ളും ഉറപ്പും അത്യാവശ്യം. ഈ മഴക്കാലത്ത് കേശസംരക്ഷണത്തിനായുള്ള ചില നാട്ടറിവുകള്‍ ഇതാ.
മുടിയുടെ വളര്‍ച്ചയ്ക്ക് പോഷകങ്ങളടങ്ങിയ എണ്ണയുടെ ഉപയോഗം നല്ലതാണ്. മുടി വളരാന്‍ മാത്രമല്ല താരന്‍ കളയാനും മുടി കൊഴിച്ചില്‍ തടയാനും എന്തിന് അകാലനര മാറാന്‍ വരെ പര്യാപ്തമായ എണ്ണകള്‍ നമ്മുടെ കലവറയിലുണ്ട്. ചെറുപ്രായം മുതല്‍ തലയില്‍ ദിവസവും എണ്ണ തേച്ചുപിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കുളിക്കുന്ന ശീലം ഉണ്ടായാല്‍ മുടി നന്നായി വളരാനും അകാലനര ബാധിക്കാതിരിക്കാനും നല്ലതാണ്.
കയ്യൂണ്യം, ചിറ്റമൃത്, കറ്റാര്‍ വാഴ , കറിവേപ്പില, മൈലാഞ്ചി, ഔഷധ ചെത്തി(ഒറ്റയായ പൂവുള്ളത്) എന്നിവ ഇടിച്ച് പിഴിഞ്ഞെടുത്ത നീരും (സ്വരസം) നെല്ലിക്ക, ഇരട്ടിമധുരം എന്നിവ പൊടിച്ചെടുത്തതും (കല്‍ക്കം) വെളിച്ചെണ്ണയില്‍ ചേര്‍ത്ത് എണ്ണ വീട്ടില്‍ തന്നെ കാച്ചിയെടുക്കാം. മുടിയുടെ എല്ലാവിധ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ഈ എണ്ണ.

Funded_level_2_beauty-2-1

കാച്ചിയെടുക്കുന്ന എണ്ണകളുടെ കൊത്ത് ആവശ്യാനുസരണം മെഴുക് പാകത്തിലോ അരക്ക് പാകത്തിലോ ചെളി പാകത്തിലോ മണല്‍ പാകത്തിലോ ആക്കിവേണം എണ്ണ തിളപ്പിക്കല്‍ നിര്‍ത്താന്‍. തലയില്‍ തേയ്ക്കാന്‍ പാകത്തിനുള്ള എണ്ണ മണല്‍ പാകത്തിന് ആകുന്നതാണ് നല്ലത്. ഇത്രയേറെ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് വെളിച്ചെണ്ണയില്‍ ജീരകവും ഉള്ളിയും ചേര്‍ത്ത് മുറുക്കിയോ , ചെമ്പരത്തിമൊട്ടും തുളസിയിലയും കറിവേപ്പിലും ചേര്‍ത്ത് മുറുക്കിയോ ഉപയോഗിക്കാവുന്നതാണ്.

ഏതാവശ്യത്തിന് തയ്യാറാക്കുന്നതാണെങ്കിലും എണ്ണയില്‍ ജലാംശം തീരെയില്ലെന്ന് ഉറപ്പുവരുത്തുക. ഇതിനായി ഒരു തിരി എണ്ണയില്‍ മുക്കി കത്തിച്ച് നോക്കിയാല്‍ മതിയാകും . തിരി നേരിയ ശബ്ദത്തോടെയാണ് കത്തുന്നതെങ്കില്‍ എണ്ണയില്‍ ജലാംശം ഉണ്ടെന്ന് അര്‍ത്ഥം.

നെല്ലിക്ക അടങ്ങിയ ലേഹ്യം കഴിക്കുകയോ നെല്ലിക്ക നേരിട്ട് കഴിക്കുകയോ (ഉപ്പിലിട്ട് കഴിക്കരുത്) ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. അകാലനരയ്ക്ക് ചെറുപയര്‍ പൊടിച്ച് പതിവായി തലയില്‍ തേച്ച് കുളിക്കാം. കരിംജീരകം ഇട്ട് കാച്ചിയ എണ്ണ തലയില്‍ പുരട്ടുന്നതും കറിവേപ്പില അരച്ച് ചേര്‍ത്ത മോര് തലയില്‍ പുരട്ടുന്നതും ഉത്തമമാണ്.

You must be logged in to post a comment Login