മഴക്കെടുതിയില്‍ സംസ്ഥാനത്താകെ 164 പേര്‍ മരിച്ചു;1568 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; കൂടുതല്‍ കേന്ദ്രസഹായം തേടി; കേന്ദ്രത്തിന് അനുകൂല മനോഭാവമെന്നും മുഖ്യമന്ത്രി

 

തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്താകെ 9 ദിവസത്തിനിടെ 164 പേര്‍ മരിച്ചു. കൂടുതല്‍ കേന്ദ്രസഹായം തേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രത്തിന് അനുകൂല മനോഭാവമാണ്. പ്രശ്‌നത്തിന്റെ ഗൗരവം കേന്ദ്രസര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്നുണ്ട്. സംസ്ഥാനത്താകെ 1568 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് ആയിരത്തിലധികം പേരാണ്. 4000 പേരെ എന്‍ഡിആര്‍എഫ് രക്ഷപ്പെടുത്തി. ജില്ല തിരിച്ച് കണക്കെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് തന്നെ എല്ലാവരെയും പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നത്.

മുല്ലപ്പെരിയാറിന് സുരക്ഷാ ഭീഷണി ഉള്ളതായി റിപ്പോര്‍ട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ ഇന്ന് തന്നെ രക്ഷപ്പെടുത്താനുള്ള പരമാവധി സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒറ്റപ്പെട്ട് കഴിയുന്നവർക്ക് ഉടൻ തന്നെ ഭക്ഷണവും അടിയന്തര സഹായവുമെത്തിക്കും. തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഴക്കെടുതിയിൽ പെട്ട് 52,856 കുടുംബങ്ങളിൽ പെട്ട 2,23,000 പേർ 1568 ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നുണ്ട്. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഒത്തൊരുമിച്ചാണ് പ്രവർത്തിക്കുന്നത്. കേന്ദ്രസർക്കാരിൽ നിന്നും കൂടുതൽ സഹായം തേടിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ദുരിതം മനസിലാക്കിയ കേന്ദ്രസർക്കാർ അനുഭാവ പൂർണമായാണ് പ്രവർത്തിക്കുന്നത്. പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ കേന്ദ്രസർക്കാർ മനസിലാക്കുന്നുണ്ട്. എന്നാൽ മുല്ലപ്പെരിയാറിന് ബലക്ഷയമുണ്ടെന്ന രീതിയിൽ റിപ്പോർട്ടുകളൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന് ആശ്വാസം; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കും; തമ്മിലടിക്കേണ്ട സമയമല്ല ഇതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറച്ച് 139 അടിയാക്കും. മുല്ലപ്പെരിയാര്‍ സമിതി സുപ്രീംകോടതിയെ തീരുമാനം അറിയിച്ചു. തമ്മിലടിക്കേണ്ട സമയമല്ല ഇതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഘട്ടം ഘട്ടമായി ജലം തുറന്നുവിടുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഡാമിന്റെ സുരക്ഷയാണ് പ്രധാമെന്നും കേന്ദ്രം വ്യക്തമാക്കി.

തല്‍സമയ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് :

മഴ ശക്തമായി തുടരുകയാണ്. രാവിലെ പ്രധാനമന്ത്രിയുമായും പ്രതിരോധമന്ത്രിയുമായും സംസാരിച്ചിരുന്നു.

കേന്ദ്രസേനയുടെയും സംസ്ഥാന ഉദ്യോഗസ്ഥരുടെയും യോജിച്ചുള്ള പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടക്കുന്നത്. സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണവുമുണ്ട്.

ഓഗസ്റ്റ് എട്ടുമുതല്‍ 164 പേര്‍ക്ക് മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായി.

ഒറ്റപ്പെട്ടു കഴിയുന്നവരെ രക്ഷപ്പെടുത്താന്‍ ഹെലികോപ്ടറുകള്‍ എത്തിയിട്ടുണ്ട്. ചാലക്കുടിയില്‍ മൂന്ന്, എറണാകുളത്ത് അഞ്ച്, പത്തനംതിട്ടയില്‍ ഒന്ന്, ആലപ്പുഴയില്‍ ഒരു ഹെലികോപ്ടറും ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.

പത്തനംതിട്ടയിലേക്കും ആലപ്പുഴയിലേക്കും രണ്ടു ഹെലികോപ്ടറുകള്‍ വീതം എത്തും.

11 ഹെലികോപ്ടറുകള്‍ കൂടി എയര്‍ ഫോഴ്‌സിനന്റെ കൈവശമുണ്ട്. അത് ആവശ്യാനുസരണം വേണ്ടയിടത്തേക്ക് എത്തിക്കും. പ്രതിരോധമന്ത്രിയുമായി സംസാരിച്ചപ്പോള്‍ കൂടുതല്‍ ഹെലികോപ്ടറുകള്‍ വേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയിരുന്നു. മറ്റ് സജ്ജീകരണങ്ങളെ കുറിച്ചും പറഞ്ഞിട്ടുണ്ട്.

ഇന്നലത്തെ യോഗ തീരുമാനപ്രകാരം തൃശ്ശൂര്‍, ചാലക്കുടി, ആലുവ, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ബോട്ടുകളെത്താന്‍ സാധിച്ചിട്ടുണ്ട്. പത്തനംതിട്ടയുടെ വിവിധഭാഗങ്ങളിലേക്കും കൂടുതല്‍ ബോട്ടുകള്‍ എത്തിച്ചിട്ടുണ്ട്.

ചെങ്ങന്നൂര്‍, ചാലക്കുടി മേഖലകളിലെ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ടു പോയവരെ ബോട്ടുവഴി രക്ഷപ്പെടുത്തുക പ്രയാസമാണ്. അവരെ ഹെലി കോപ്ടര്‍ ഉപയോഗിച്ചേ രക്ഷപ്പെടുത്താനാവൂ. അത്തരം സ്ഥലങ്ങള്‍ ഏതെന്ന് കണ്ടെത്തിയിട്ടുണ്ട്. അത് അനുസരിച്ചാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

സൈന്യത്തിന്റെ 16 ടീമുകള്‍ രംഗത്തുണ്ട്. നാവികസേനയുടെ 13 ടീമുകള്‍ തൃശ്ശൂരിലുണ്ട്. വയനാട്ടില്‍ 10 ടീമും ചെങ്ങന്നൂരില്‍ നാലു ടീമും ആലുവയില്‍ 12 ടീമും പത്തനംതിട്ടയില്‍ മൂന്നു ടീമും പ്രവര്‍ത്തിക്കുന്നുണ്ട്. നാവികസേനയുടെ മൂന്ന് ഹെലികോപ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

28 കേന്ദ്രങ്ങളില്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡിന് രണ്ട് ഹെലികോപ്ടറുകളുമുണ്ട്.

എന്‍ ഡി ആര്‍ എഫിന്റെ 39 ടീമുകള്‍ രംഗത്തുണ്ട്. 14 ടീമുകള്‍ ഉടന്‍ തന്നെയെത്തും. ഇതിനോടകം 4000 പേരെ എന്‍ ഡി ആര്‍ എഫ് രക്ഷപ്പെടുത്തിയിട്ടുണ്ട്. നാവികസേന550 പേരെയും രക്ഷരപ്പെടുത്തി.
കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം വയനാടും ഇടുക്കിയും മഴ കുറഞ്ഞിട്ടുണ്ട്. റാന്നി, കോഴഞ്ചേരി മേഖലയില്‍ വെള്ളം താഴുന്നുണ്ട്. ചെങ്ങന്നൂര്‍, തിരുവല്ല പ്രദേശങ്ങളില്‍ വെള്ളം ശക്തമായി ഒഴുകുകയാണ്. പെരിയാറില്‍ ജലനിരപ്പ് കുറഞ്ഞിട്ടില്ല. ചാലക്കുടിയിലും ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നു.

ഹെലികോപ്ടര്‍ മാര്‍ഗം ഭക്ഷണവും വെള്ളവുമെത്തിക്കുന്നുണ്ട്. വിതരണം ചെയ്യാന്‍ ആവശ്യമായ ഭക്ഷണപ്പാക്കറ്റുകള്‍ സംഭരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യസംസ്‌കരണ വിഭാഗം ഒരു ലക്ഷം ഭക്ഷണപാക്കറ്റുകളാണ് എത്തിക്കുക.

കേന്ദ്ര സര്‍ക്കാരിന്റെ ഡി ആര്‍ ഡി ഒയും ഭക്ഷണപാക്കറ്റുകള്‍ നല്‍കുന്നുണ്ട്. ഭക്ഷണവും വെള്ളവും ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് അവലോകനം നടത്താന്‍ വൈകീട്ട് വീണ്ടും യോഗം ചേരും. ഓരോ മേഖലയ്ക്കും പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെള്ളപ്പൊക്കമുണ്ടാകാനിടയുള്ള പ്രദേശത്തുനിന്ന് മാറിത്താമസിക്കണമെന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിക്കണം.

You must be logged in to post a comment Login