മഴക്കെടുതി: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മലപ്പുറം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളെജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ഇതിന് പകരം മറ്റൊരു ദിവസം പ്രവൃത്തി ദിനമായിരിക്കും.

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുകയാണ്. ഇടുക്കി മൂലമറ്റം– വാഗമൺ റൂട്ടിൽ ഇലപ്പള്ളി എടാടിനു സമീപം ഉരുൾപൊട്ടി. ആളപായമില്ല. വൻകൃഷി നാശമുണ്ടായി. വണ്ടിപ്പെരിയാറിൽ റോഡ് വെള്ളത്തിനടിയിലായി. വാഹനങ്ങൾ പാതിവഴിയിൽ കുടുങ്ങി. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പലയിടത്തും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 123.5 അടിയായി ഉയർന്നു.

മഴയിൽ മണ്ണാർക്കാട്– അട്ടപ്പാടി ചുരംറേ‍ാഡിൽ പത്താംവളവിൽ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു. റേ‍ാഡ് തടസത്തെ തുടർന്നു നിർത്തിയ വാഹനങ്ങൾക്കു പിന്നിലും മണ്ണിടിഞ്ഞിട്ടുണ്ട്. മണ്ണുനീക്കം ചെയ്യാൻ നടപടി ആരംഭിച്ചു. ഇവിടെ കഴിഞ്ഞമാസവും മണ്ണിടിഞ്ഞിരുന്നു. നെല്ലിയാമ്പതി അയിലൂരിൽ മണ്ണെ‍ാലിച്ചു കൃഷി നാശം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മേട്ടുപ്പാളയം, കോയമ്പത്തൂർ ബസുകളുടെ യാത്ര തടസ്സപ്പെട്ടു. പല ഭാഗങ്ങളിലും വീണ്ടും ചെറിയ രീതിയിൽ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.

കോട്ടയം ഇൗരാറ്റുപേട്ട തലനാട് പഞ്ചായത്തിലെ ചോണമലയിൽ രാത്രി മണ്ണിടിച്ചിലുണ്ടായി. ചോണമല– ഇല്ലിക്കൽക്കല്ല് റോഡ് തകർന്നു. പാലാ കോട്ടമലയില ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്ന് എട്ടു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മീനച്ചിൽ, മണിമല ഉൾപ്പെടെയുള്ള ആറുകൾ കരകവിഞ്ഞൊഴുകുകയാണ്. കോട്ടയം – കുമരകം റൂട്ടിൽ അറുപറയിൽ മരം വീണു.

You must be logged in to post a comment Login