മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം രൂപീകരിച്ചു; കേരളത്തിന് പ്രത്യേകമായ അടിയന്തര ധനസഹായം ഉടന്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല

കേരളത്തിലെ മഴക്കെടുതി വിലയിരുത്തുന്നതിന് കേന്ദ്ര സംഘം രൂപീകരിച്ചു. സംഘം ഒരാഴ്ചക്കുള്ളില്‍ കേരളത്തിലെത്തി റിപ്പോര്‍ട്ട് തയ്യാറാക്കും. ഈ റിപ്പോര്‍ട്ടിനനുസരിച്ച് ധനസഹായം അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ലോക്‌സഭയില്‍ പറഞ്ഞു. കേരളത്തിന് പ്രത്യേകമായ അടിയന്തര ധനസഹായം ഉടന്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല.

രാജ്യത്തെ മഴക്കെടുതി സംബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു. മഴക്കെടുതി വിലയിരുത്താന്‍ ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംഘം രൂപീകരിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനാത്തില്‍ ഉചിതമായ ധനസഹായം നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.

എന്നാല്‍ അത് പോരെന്നും മാനദണ്ഡങ്ങള്‍ മാറ്റിവച്ച് കേരളത്തിലെ ദയനീയ സ്ഥിതി പ്രത്യേകമായി പരിഗണക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. ഓഖി ചുഴലിക്കാറ്റ്, മഴക്കെടുതി എന്നീ രണ്ട് ദുരന്തങ്ങള്‍ 6 മാസത്തിനിടെയാണ് ഉണ്ടായതെന്നും എംപിമാര്‍ ചൂണ്ടിക്കാട്ടി.

ഈ ആവശ്യത്തോട് പക്ഷേ കിരണ്‍ റിജ്ജു അനുകൂലമായി പ്രതികരിച്ചില്ല. മോദി സര്‍ക്കാര്‍ കാലത്ത് ദുരന്ത നിവാരണ ഫണ്ട് വിനിയോഗം ഇരട്ടിയായെന്ന് പിന്നീട് കൃഷിവകുപ്പ് സഹമന്ത്രി ഗജേന്ദ്ര സിംഗ് ശഖാവത്ത് പറഞ്ഞു. മന്ത്രിമാരുടെ മറുപടിയില്‍ അതൃപ്തി രേഖപ്പെടുത്തി കേരളത്തിലെ എംപിമാര്‍ അല്‍പനേരം ബഹളം വെച്ചു.

You must be logged in to post a comment Login