മഴയും കുടയും

ഇരുപത്തിരണ്ട് കൊല്ലത്തിന് ശേഷമുള്ള ശക്തമായ മഴ പെയ്തു കൊണ്ടിരിക്കുമ്പോള്‍ കവിതയുടെ പനിച്ചൂടിനൊപ്പം ഞാന്‍ അവളെ ഓര്‍ത്തു. അന്നും ഇതേ മഴ; പക്ഷേ, മഴ കൊള്ളുന്ന ഇടങ്ങള്‍ മാറി മാറി വന്നു. നന്ദിയംകോട്ടിലെ ഒഴിഞ്ഞ തൊടികളിലും കുന്നിന്‍ പുറങ്ങളിലും നിറഞ്ഞ് നിന്നിരുന്ന പുല്ലാനി പടര്‍പ്പുകളും ഞാവല്‍ മരങ്ങളും മഞ്ഞപ്പാവുട്ട മരങ്ങളും വട്ടയില മരങ്ങളും ചകിരിപ്പഴ തൈകളും കര്‍ലാണിക്കിന്‍ കൂട്ടങ്ങളും ഇന്നെവിടെ? ഇന്നേക്ക് ഇരുപത്തിരണ്ട് വര്‍ഷം മുമ്പ് പെയ്ത മഴയ്‌ക്കൊപ്പം പതിയെ അവയൊക്കെയും വംശമറ്റ് പോയി കാണണം എന്ന് കരുതാനാണെനിക്കിഷ്ടം.
അന്ന് ഒഴിഞ്ഞ തൊടികളില്‍ അങ്ങിങ്ങായ് മേയുന്ന പശുക്കള്‍, പോത്തുകള്‍, എരുമകള്‍, ചാണകം വാരുന്ന തൊപ്പിക്കുട വച്ച കുട്ടികള്‍. തൊപ്പിക്കുടയ്ക്കു മേലെ മഴ ചാറുമ്പോള്‍ മഴയുടെ സ്വരം വേറെയാകുന്നു. തൊപ്പിക്കുടയുണ്ടാക്കുന്നവരാരും ഇന്നിവിടെയില്ല. കരിമ്പനപ്പട്ടയുടെ ഓല, തിളപ്പിച്ച വെള്ളത്തിലിട്ട് വാട്ടിയെടുത്താണ് കുട പണിയുന്നത്. അന്ന് നന്ദിയംകോട്ടില്‍ യഥേഷ്ടം കരിമ്പനകള്‍ തലയുയര്‍ത്തി നിന്നിരുന്നു. ഇന്ന് അവിടൊക്കെയും പുതിയ വീടു വന്നപ്പോള്‍ മുറിഞ്ഞ് പോയി. വലിയ മാറ്റമില്ലാതെ ”ഞങ്ങളാല്‍ച്ചിലരെന്ന്” ഒരു മുത്തശ്ശി വെറ്റില മുറുക്കുന്നതിനിടയില്‍ പറഞ്ഞു ചിരിച്ചു.
ഈ മഴയില്‍ മുറ്റത്തെ വെള്ളകെട്ടിലേയ്ക്ക് നോക്കിയപ്പോള്‍ വീണ്ടും ‘തനി’ എന്ന പെണ്‍കുട്ടിയെ ഓര്‍മ്മ വന്നു.
പാതി ചീമ്പിയ കണ്ണുകളും തുടുത്ത കവിളുകളുമുള്ള മെലിഞ്ഞ പെണ്‍കുട്ടി. ചുകപ്പില്‍ വെളുത്ത പൂക്കളുള്ള കുട ചൂടിയ അവളെ കാണാന്‍ മറ്റെല്ലാവരെക്കാളിലും ചന്തമുണ്ടായിരുന്നു. ‘തനി’ക്ക് മാത്രമായിരുന്നു സ്‌കൂളില്‍ ഇത്രയും ഭംഗിയുള്ള കുടയുണ്ടായിരുന്നത്. ആണ്‍പിള്ളേരിലാണെങ്കില്‍ ചുരുക്കം ചിലര്‍ക്കേ ഒരു കീറകുടയെങ്കിലും ഉണ്ടായിരുന്നുള്ളൂ. എനിക്ക് അന്നുമില്ല ഇന്നുമില്ല സ്വന്തമായൊരു കുട! മറ്റുള്ള സ്വപ്‌നങ്ങള്‍ പോലെ  ഇതും സ്വന്തമാക്കാതെ അവസാനിക്കട്ടെ എന്ന ഒരു വിചാരം മനസ്സില്‍ക്കൊണ്ടു നടക്കുന്നത് കൊണ്ടുള്ള എന്റെയൊരു പ്രശ്‌നമാണിത്. ആഗ്രഹിക്കുന്ന വഴിക്ക് കാര്യങ്ങള്‍ നടക്കുന്നില്ലെങ്കില്‍ നടക്കുന്ന വഴിക്ക് ആഗ്രഹിക്കുക എന്ന ശീലവുമായി. പണി ജീവിതവും കവി ജീവിതവുംമൊക്കെ ആഗ്രഹിക്കാതെ കയറി വന്നതാണ്. അല്ലെങ്കില്‍ ഏതെങ്കിലുമൊരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു പ്യൂണായിട്ടെങ്കിലും ഈ മഴക്കാലം ആസ്വദിക്കുന്നുണ്ടാകും ഞാന്‍.

young pretty girl umbrella rain srinking copyഇരുപത്തിരണ്ട് കൊല്ലം മുമ്പത്തെ ആ മഴക്കാലത്ത് ഏഴാം ക്ലാസ്സുകാരനായ എനിക്ക് സ്‌കുളിന്റെ വലിയ മൈതാനത്തിലൂടെ ‘തനി’ യുടെ കുട ചൂടി കൊണ്ട് നടക്കണം എന്നൊരു പൂതിയുദിച്ചു. അവളോട് ചോദിച്ചാല്‍ തരില്ലെന്ന് ഉറപ്പാണ്. അങ്ങനെ രണ്ടും കല്‍പ്പിച്ച് ചോദിച്ചു നോക്കി. ”ന്റെ അച്ഛന്‍ ഗള്‍ഫീന്ന് കൊണ്ടന്ന കുടയാ, ഇദാര്‍ക്കും തര്ല്ല്യാ”. ഇന്റര്‍വെല്‍ സമയമാണ്, മഴ ചാറുന്നുണ്ട്, ഒന്ന് മൂത്രമൊഴിക്കാന്‍ പോയിവരാനാണെന്ന് എന്നൊക്കെ പറഞ്ഞിട്ടും അവള്‍ വഴങ്ങിയില്ല. പിന്നെ ഞാനൊന്നും നോക്കിയില്ല അവളുടെ കയ്യിലെ കുട ഒറ്റവലി എന്നിട്ട് മൈതാനത്തിലേക്കിറങ്ങി. ആദ്യമായി സ്വിച്ച് അമര്‍ത്തിയാല്‍ വിടരുന്ന കുടയുടെ ബട്ടണില്‍ വിരല്‍ അമര്‍ത്തി എനിക്ക് മേലേ ആയിരം വെളുത്ത പൂക്കള്‍. പുക്കള്‍ക്കു മേലേ പവിത്രമായ മഴ പെയ്യുന്നു. എനിക്ക് വേണ്ടി മാത്രമാണീ മഴയെന്ന് ഞാന്‍ അഹങ്കരിച്ചു. ഇടവേള കഴിയും വരെയും ഞാന്‍ പാറി പറന്ന് നടന്നു. ബെല്ലടിച്ചപ്പോല്‍ ക്ലാസ്സില്‍ കയറി കുട മടക്കി ‘തനി’യെ ഏല്‍പ്പിക്കുമ്പോള്‍ നടും പുറത്ത് അടി വീണു. ചുവന്ന കണ്ണുകളും കയ്യില്‍ ചൂരലുമായി തങ്കപ്പന്‍ മാഷ്. മാഷുടെ വെളുത്ത കൊമ്പന്‍ മീശ വിറച്ചു. വിറയ്ക്കുന്ന തണുപ്പിലും ചൂരലിന്റെ ചൂട് ഞാനറിഞ്ഞു. പിന്നെ പിന്നെ കണ്ണില്‍ ഇരുട്ട് കയറി തുടങ്ങി…
ഇപ്പോള്‍ ഈ മഴക്കാലത്ത് തനി എവിടെയാണ്. അവളിപ്പോഴും വര്‍ണ്ണാഭമായ കുടയാകുമോ ഉപയോഗിക്കുന്നത്? അവള്‍ക്കിപ്പോള്‍ മുപ്പത്തിമൂന്ന് വയസ്സ് കഴിഞ്ഞിട്ടുണ്ടാകണം. ഇടയ്‌ക്കൊക്കെ ആലോചിക്കും. ഫേസ്ബുക്കില്‍ ഠവമിശ എന്ന് ടൈപ്പ് ചെയ്താല്‍ അവളെ കിട്ടുമോ? ഭാര്യ എപ്പോഴും കുട വാങ്ങുമ്പോള്‍ വര്‍ണ്ണാഭമായ പുളളിക്കുട ചൂണ്ടുമ്പോള്‍ വേണ്ട എന്ന് പിന്തിരിപ്പിക്കാറാണ് പതിവ്. മഴ നിര്‍ത്താതെ പെയ്യുകയാണ്. ഭൂമിയുടെ ഏതെങ്കിലും ഇടങ്ങളിലിരുന്ന് തനിയിത് വായിക്കുമെന്നും ഇവിടെ പെയ്യുന്ന മഴ അവിടെയും ഉണ്ടാകുമെന്നും പ്രത്യാശിക്കട്ടെ.

You must be logged in to post a comment Login