മഴ എത്തി….പൈനാപ്പിളന്റെ ഡിമാന്റ ഇടിഞ്ഞു

മൂവാറ്റുപുഴ: മഴക്കാലമെത്തിയതോടെ പൈനാപ്പിളിന് വിലയിടിഞ്ഞു. എ ഗ്രേഡ് പഴത്തിന് തോട്ടത്തില്‍ പരമാവധി 13 രൂപയാണ് ബുധനാഴ്ചത്തെ വിപണി വില. പച്ചയ്ക്ക് 19 രൂപയും സ്‌പെഷല്‍ ഗ്രേഡ് പച്ചയ്ക്ക് 20 രൂപയുമാണ് വില. മെയ് 14ന് പഴത്തിനും പച്ചയ്ക്കും 25 രൂപ വില നിന്ന സാഹചര്യത്തില്‍ നിന്നാണ് ഒറ്റ ആഴ്ച കൊണ്ട് 10 രൂപ വരെ കുറഞ്ഞത്.

മെയ് ഏഴിന് പഴത്തിന് 32 രൂപയും പച്ചയ്ക്ക് 25 രൂപയും വിലയുണ്ടായിരുന്നു. മെയ് ഒന്നിന് 3036 എന്ന തോതിലായിരുന്നു വില. മൂന്ന് ആഴ്ച കൊണ്ട് പഴം പൈനാപ്പിളിന്റെ വില മൂന്നിലൊന്നായി. ഏപ്രില്‍ ആദ്യവാരം അവസാനിക്കുമ്പോള്‍ 32 രൂപയായിരുന്നു പഴം വില. പച്ചയ്ക്ക് 27 രൂപയും.

സ്വാഭാവികമായുള്ള ഉല്പാദന വര്‍ധന, രണ്ടാഴ്ച മുമ്പുണ്ടായ കനത്ത മഴ എന്നിവയാണ് വിലയിടിയാന്‍ കാരണമെന്ന് പൈനാപ്പിള്‍ ഗ്രോവേഴ്‌സ് കമ്പനി ഡയറക്ടര്‍ ബേബി ജോണ്‍ പേടിക്കാട്ടുകുന്നേല്‍ പറഞ്ഞു.

ബുധനാഴ്ച വൈകീട്ടോടെ വാഴക്കുളം മാര്‍ക്കറ്റില്‍ പഴത്തിന് 10 രൂപ വരെ വില താണു. പച്ചയ്ക്ക് കാര്യമായി വില വ്യത്യാസം വന്നില്ല. പഴത്തിന് വിലയിടിവുണ്ടായതാണ് മൊത്തത്തില്‍ പച്ചയേയും ബാധിച്ചത്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിപണിക്ക് വലിയ ഇടിവ് വന്നിട്ടില്ല. മാമ്പഴ വിപണി ഉഷാറായി നില്‍ക്കുന്നതുകൊണ്ടുള്ള നേരിയ താത്പര്യക്കുറവു മാത്രമേ അവിടെയുള്ളൂ. ഇത് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

വിലയിടിഞ്ഞ സാഹചര്യത്തില്‍ പൈനാപ്പിള്‍ സംഭരിക്കാന്‍ നടുക്കര അഗ്രോ പ്രോസസിങ് ഫാക്ടറി തീരുമാനിച്ചു. എ ഗ്രേഡ് പൈനാപ്പിള്‍ 15 രൂപയ്ക്കും ബി ഗ്രേഡ് പൈനാപ്പിള്‍ 7.50നും ആണ് സംഭരിക്കുക എന്ന് എം.ഡി. വി.വി. പുഷ്പാംഗദന്‍ അറിയിച്ചു. കര്‍ഷകര്‍ ഫാക്ടറിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9387473134, 04852261547, 2261451.

You must be logged in to post a comment Login