മഴ പെയ്തിറങ്ങുന്ന സംഗീതം

ഷാഹുല്‍ ഹമീദ് ടി. കോഡൂര്‍

ഓരോ വര്‍ഷത്തിന്റെ നിനവിലും കനവിലും അവള്‍ ഏറെ ആര്‍ദ്രതയോടെ ആടയാഭരണങ്ങളണിഞ്ഞ് വേഷഭൂഷിതയായി ജാലകത്തിനു പുറത്ത് തിമിര്‍ത്തുപെയ്യുന്നു. ഇലച്ചാര്‍ത്തുകളില്‍ വീണ പളുങ്കുമണികള്‍ പോലെ വീണുചിതറുന്ന കനത്ത മഴതുള്ളികളിലേക്കു നോക്കി തണുത്തു മരവിച്ചിരിക്കുമ്പോള്‍ ഉള്ളിലേക്ക് ഇരമ്പിവരുന്ന ഓര്‍മ്മകളുടെ മറ്റൊരു പെരുമഴക്കാലം.
ഇവിടെ മഴ വറ്റാത്ത ഒരനുഭൂതിയാണ്. മലയാളിക്ക് പ്രത്യേകിച്ചും, മഴക്കാലത്തിന്റെ ദശാസന്ധികളും കൂട്ടിയോജിപ്പിക്കുന്ന കണ്ണിയാവുകയാണ്. അതുകൊണ്ട് നമ്മള്‍ മഴയെ ഹൃദയത്തില്‍ സ്‌നേഹത്തോടെ ഏറ്റുവാങ്ങുന്നു. മഴനൂഴിലകളുടെ മായക്കാഴ്ചയില്‍ മുങ്ങി നിവരുന്നതിനിടെ ഓരോ മനസ്സും ഗതകാലങ്ങളിലേക്ക് പായും.
ഇതുപോലൊരു പെരുമഴക്കാലത്തല്ലേ നമ്മുടെ നഫീസതാത്തയുടെ പേരക്കുട്ടി സുബൈദ കിഴക്കേ പരേകുണ്ടിലെ കുളത്തില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് മുങ്ങിമരിച്ചത്. കോരിച്ചൊരിയുന്ന നില്‍ക്കാതെ പെയ്യുന്ന രുദ്രഭാവമുള്ള മഴയില്‍ ആ പൊന്നും കുഞ്ഞിനെ നഷ്ടപ്പെടത് ആ ഗ്രാമീണരെ വീണ്ടും ഓര്‍മ്മപ്പെടുത്തുന്ന മറ്റൊരു പെരുമഴക്കാലം.
പണ്ട് ഇടവപ്പാതിക്കാലത്ത് സ്‌കൂളിലേക്കുള്ള നടത്തം പണ്ട് അവാച്യമായൊരനുഭവം. മഴകൊള്ളുന്നതും ചേമ്പിലയും ഓലക്കുടയും ചൂടുന്നതും ഇന്നത്തേ പിള്ളേര്‍ക്കെന്തിങ്കിലും മറിയോ? ഇന്ന് മാജിക് കുടയുടെ കാലമല്ലേ? നാണിയമ്മയ്ക്കു സങ്കടം. ഇത് അവരുടെ ഒരു പഴയകാല ചിത്രം.
കാലത്തിന്റെ അനുസ്യൂതമായ പ്രാവഹത്തിനിടെ നാടും നാട്ടുകാരും ഏറെ മാറിയയെങ്കിലും മഴ സ്മരണകള്‍ക്കു മങ്ങലില്ല. സാന്ത്വനവും ആനന്ദവും പ്രണയവും വിരഹവും സംഗീതവുമൊക്കെയായി അതങ്ങനെ വന്നു നിറയുകയാണ്.
ചേമ്പിലയിലെ മുത്തുമണി വെള്ളം തട്ടി, കറുകപ്പുല്‍തുമ്പിലെ മഴതുള്ളിയാല്‍ അഞ്ജനമെഴുതി അങ്ങിനെ…അങ്ങിനെ… മഴസ്മരണകളെയുണര്‍ത്തുന്ന ഗസല്‍ സംഗീതം കാതുകളില്‍ മുഴങ്ങുന്ന നാദധാരയായ്…മഴ പെയ്തിറങ്ങുമ്പോള്‍ അനുഭവിക്കുന്ന അനുഭൂതിജന്യമാം നിമിഷങ്ങള്‍ അവാച്യം.
അകലെനിന്ന് ആര്‍ത്തിരമ്പുന്ന പെരുമഴ അടുത്തെത്തും മുമ്പേ കുട നിവര്‍ത്താന്‍ അന്നു നടത്തിയിരുന്ന ശ്രമം പാഴായത് ഓര്‍ക്കുന്നില്ലേ? പക്ഷേ എത്ര ധൃതിവെച്ചാലും മഴ കുസൃതികാട്ടും. കുട നിവരും മുമ്പേ ആദ്യ തുള്ളികള്‍ വന്നു പതിക്കും. അപ്പോഴുണ്ടാകുന്ന നിര്‍വൃതി പറഞ്ഞറിയിക്കാന്‍ വയ്യ. ചിലപ്പോഴൊക്കെ കാക്കയുടേയോ, താത്തയുടേയോ വാത്സല്യ ചൂടേറ്റ് കുടയില്‍ പാതി നനഞ്ഞും പാതി നനയാതെയും വീട്ടിലെത്തിയ ദിനങ്ങള്‍…മഴ നനയുമ്പോള്‍ കുഞ്ഞനിയന്‍ നനയരുതെന്നോര്‍ത്ത് താത്ത കുട ചരിച്ചുപിടിച്ച് നനഞ്ഞു കുതിര്‍ത്ത് മനുഷ്യത്വത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത് എങ്ങിനെ വിസ്മരിക്കും.
മഴയുടെ പെയ്ത്ത് സംഗീതമാണെങ്കില്‍ അതിന്റെ ബീജിയമാണ് മാമരങ്ങളുടെ പെയ്ത്ത്. ഇടവഴികളിലൂടെ നടക്കുമ്പോള്‍ എത്രതവണ മരംപെയ്ത് പുസ്തകത്താളുകളും ഉടുപ്പും നനച്ചിരിക്കുന്നു. മഴപെയ്തുവെള്ളം പുളഞ്ഞുകിടക്കുന്ന പാടത്തോ പറമ്പിലോ ഒഴുക്കിവിട്ട കടലാസുതോണി ആരുടെ ബാല്യകാലസ്മരണകളിലാണ് ഗൃഹാതുരത്വമുണര്‍ത്താത്തത്. നടത്തമില്ലാത്ത സ്‌കൂള്‍ ബസ്സിലും ചെറുവണ്ടികളിലുമായി ഒതുങ്ങിക്കൂടി ഇന്നു ക്ലാസിലെത്തുന്ന പുത്തന്‍ പരിഷ്‌കാര തലമുറയ്ക്ക് അന്യം നിന്ന സ്മരണകള്‍.
ബാല്യം കടന്ന് കൗമാരത്തിലും യൗവ്വനത്തിലുമെത്തുമ്പോഴാണ് മഴ പ്രണയാര്‍ദ്രമായ സാന്നിധ്യമാകുന്നത്. പുറത്തു തോരാതെ പെയ്യുന്ന മഴ പ്രണയിതാക്കളില്‍ മധുരസ്മരണകളുണര്‍ത്തുന്നു. ദീപ്തമായ എത്രയോ വിരഹരാവുകളാണ് മണ്‍സൂണ്‍കാലം. കോരിച്ചൊരിയുന്ന മഴയെ മറപിടിച്ച് പ്രണയവസന്തമഴ പൊഴിയുന്ന സിനിമാരംഗങ്ങള്‍ മിക്ക സിനിമകളുടെയും വികാര തീവ്രമായ സന്നിവേശമാണ്.
ഒരു ഗ്രാമം വരള്‍ച്ച നിമിത്തം മഴ ലഭിക്കാതെ വലഞ്ഞപ്പോള്‍ മഴയ്ക്കായി ഋശ്യശൃംഗനെ വരുത്താന്‍ വൈശാലി എന്ന ദേവദാസിപുത്രിയെയയച്ച് മഴപെയ്യിക്കുന്ന രംഗം വൈശാലി എന്ന ചിത്രത്തില്‍ ധുംധുഭിനാദം നാദം തുടങ്ങി, ഷാജി എന്‍ കരുണിന്റെ പിറവിയിലും മഴ ഭാവസാന്ദ്രമായ സാന്നിധ്യമാണ്. കവിതയിലും മഴ വികാരതീവ്രമായ അനുഭൂതി നിമിഷങ്ങള്‍ സമ്മാനിക്കുന്നു. സുഗതകുമാരിയുടെ ‘തുലാവര്‍ഷപച്ച’ എന്ന കവിതയില്‍ ആകാശത്തിലെ അയയില്‍ തൂക്കിയിട്ടിരിക്കുന്ന പായക്കെട്ടുകള്‍ നിവരുന്നപ്പോലെ മഴ പെയ്യുന്നു. കറുത്തിരുണ്ട് വിങ്ങിനില്‍ക്കുന്ന മാനത്തുനിന്ന് ആദ്യമഴത്തുള്ളി ഭൂമിയിലേക്ക് വീഴുമ്പോള്‍ വല്ലാത്തൊരു ഭാവമുണ്ട് പ്രകൃതിക്ക്. പിന്നെ എത്ര എത്ര രൂപ പരിണാമങ്ങളിലൂടെയാണ് മഴപെയ്ത് തിമിര്‍ക്കുന്നത്. അതെ മഴയൊരു ദൃശ്യവിസ്മയമാണ്.
പണ്ട് മഴ പലര്‍ക്കും ഇഷ്ടമെങ്കിലും മഴക്കാലം സങ്കടകാലമാണ്. ചോര്‍ന്നൊലിക്കുന്ന മണ്‍വീട്ടില്‍ കഴിച്ചുകൂട്ടേണ്ടിവരുമ്പോഴുണ്ടാകുന്ന ആശങ്ക, നനയാതൊന്നു കിടന്നുറങ്ങാനുള്ള തത്രപ്പാട്. എങ്കിലും മഴയോടുള്ള പ്രിയം നിമിത്തം വെള്ളം തരുന്ന മഴയെ സര്‍വ്വതാ സ്തുതിക്കുന്നു.
മഴ കാത്തിരിക്കാനും മഴകൊള്ളാനും ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. മഴതരുന്ന കാഴ്ച അത് പല ഭാവത്തിലും രൂപത്തിലും പെയ്യുകയും പെയ്തിറങ്ങുകയും നമ്മുടെ മനസ്സിലൂടെ ചില്ലോടിട്ട പ്രവേശന കവാടത്തിലൂടെയും വടക്കിനിയുടെ മൂലോടിലൂടെയും പെയ്തിറങ്ങുമ്പോള്‍ കുളിര്‍മയുള്ള ഓരോ മഴക്കാലവും പുത്തന്‍മഴയനുഭവങ്ങള്‍ ബാക്കിവെച്ചാണ് പടിയിറങ്ങുന്നത്.
രൗദ്രഭാവം പൂണ്ട പെഴുമഴയും പിന്നാലെ വീടുവിട്ടുപോകേണ്ടിവരുന്നതും ഗതികേടാണ്. ഇടവപ്പാതിയടുക്കുമ്പോഴേ തുടങ്ങുന്നതാണ് അവരുടെ ഉള്ളിലെ വേവലാതിയുടെ മഴ. വെള്ളം പൊങ്ങിക്കഴിഞ്ഞാല്‍ പിന്നെ സ്‌കൂള്‍ വരാന്തയില്‍ നിന്നോ കടത്തിണ്ണയില്‍ നിന്നോ ഇവരുടെ ആവലാതിയും ഉയരുന്നു.
കേരളീയര്‍ക്കു മഴ സമൃദ്ധിയാണ്. വര്‍ഷംതോറും കയ്യയച്ചുതന്ന ഭാഗ്യം എങ്കിലും ഋതുചക്രം ഇപ്പോള്‍ തെറ്റിതുടങ്ങിയിട്ടുണ്ട്. ‘ആഗോളതാപനം’ എന്ന വില്ലന്‍ കാലാവസ്ഥ മാറ്റിമറിക്കുന്നു. മഴ ശുഷ്‌കമായൊരു കാലത്തേക്കു പോകാന്‍ നമുക്കു മനസ്സില്ല. നാട്ടില്‍ മഴ പെയ്യാഞ്ഞാല്‍ രാജാവിന്റെ പ്രജാക്ഷേമമാറ്റ് കുറയുമെന്ന് സങ്കല്‍പ്പമുള്ള നാടാണ് നമ്മുടേത്. ഒ.എന്‍.വി കുറുപ്പിന്റെ ‘ഭൂമിയ്‌ക്കൊരു ചരമഗീതം’ എന്ന കവിതയില്‍ ഭൂമിയുടെ സന്നിഗ്ദാവസ്ഥയെക്കുറിച്ചു ആശങ്കപ്പെടുന്നു.
ആറുകളും കുടിനീരും വറ്റാത്തൊരു കാലം കാത്തുസൂക്ഷിക്കേണ്ടതായിട്ടുണ്ട്. മഴ പെയ്യട്ടെ, ലോകത്തിന്റെ ഏത് കോണിലായിരുന്നാലും മലയാളിയുടെ മനതാരില്‍ ഇടവപ്പാതിയും മഴക്കിനാക്കളും മാഞ്ഞുപോകാതെ ഒളിമങ്ങാതെ അവശേഷിക്കട്ടെ.

 

You must be logged in to post a comment Login