മഴ പെയ്തു.. പക്ഷെ വേനല്‍ മറക്കാതിരിക്കുക

  • വി.കെ. ശ്രീധരന്‍

എല്ലാവരും വിശ്വസിക്കുന്നതുപോലെ സൂര്യരശ്മിയുടെ വികിരണത്തിന് ചൂട് കൂടിയതിനാലല്ല അന്തരീക്ഷ താപനില ഉയരുന്നത് , മറിച്ച് അത് ഭൂമിയില്‍ പതിച്ച് പ്രതിഫലിക്കുന്നതിന്റെ തീവ്രത കൂടിയതിനാലാണ്. നീര്‍ത്തടങ്ങളും പച്ചമേലിപ്പും ശോഷിക്കുകയും കോണ്‍ഗ്രീറ്റ് സൗധങ്ങളും ടാറിട്ട റോഡുകളും വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ അവയില്‍ തട്ടുന്ന സൂര്യകിരണങ്ങള്‍ അധിക ചൂടോടെ അന്തരീക്ഷത്തിലെത്തുന്നത് ഒരു കാരണം.

climate

ഉത്തര്‍പ്രദേശില്‍ ബുജേല്‍ ഖണ്ഡിലെ വരള്‍ച്ചാ ബാധിത പ്രദേശമായ മഹോബയില്‍ അന്‍പത്തഞ്ചുകാരനായ ഹീരാലാല്‍ യാദവിനെ ജലം മോഷ്ടിച്ചുവെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റു ചെയ്തു. അതിരൂക്ഷമാണ് ഈയാണ്ടിലെ വരള്‍ച്ച. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ബീച്ച് ജില്ലയില്‍ നിന്നും മാര്‍ച്ചുമാസം മുതല്‍ ഇതുവരെ കുടിനീരില്ലാതെ പലായനം ചെയ്തത് രണ്ടുലക്ഷം പേര്‍, വെള്ളത്തിനുവേണ്ടിയുള്ള തിക്കിലും തിരക്കിലും പെട്ട് കുട്ടികള്‍ മൃതിയടഞ്ഞു. കന്നുകാലികള്‍ ചത്തുമലച്ചു.സൂര്യാഘാതം മൂലം എത്രയോ പേര്‍ മരിക്കുന്നു. തെലങ്കാനയില്‍ മാത്രം മുന്നൂര്‍ പേര്‍. ജലസംഭരണികളിലെ ജലം ശോഷിച്ചു. കോടിക്കണക്കിനു രൂപയുടെ വിളനാശത്തോടൊപ്പം കര്‍ഷക ആത്മഹത്യകളും (ഏപ്രില്‍ വരെയുള്ള കണക്കനുസരിച്ച് 360 പേര്‍ കേരളത്തില്‍) .കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 22 അടി കുറഞ്ഞ് 2327. 28 അടി വെള്ളമേ ഇടുക്കി ഡാമിലുള്ളൂ. അതായത് 28 ശതമാനം. പമ്പയില്‍ 38 ശതമാനവും ഇടമലയാറില്‍ 25 ശതമാനവും മാത്രം. വര്‍ദ്ധമാന വൈദ്യുതി ഉപഭോഗം ഏപ്രില്‍ ഇരുപത്താറിലെ കണക്കനുസരിച്ച് കേരളത്തില്‍ ദിനംപ്രതി 78.62 ദശലക്ഷം യൂണിറ്റ്.ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഉത്തരവുമൂലം ജലക്ഷാമത്താല്‍ മഹാരാഷ്ട്രയിലെ ഐ.പി എല്‍ ക്രിക്കറ്റ് മത്സരം മാറ്റാന്‍ നിര്‍ബന്ധിതമായി. ധപേവാഡ അണക്കെട്ട് വറ്റിയതിനാല്‍ മഹാരാഷ്ട്ര തിരോസയിലുള്ള അദാനി പവറിന്റെ 660 മെഗാവാട്ട് ശേഷിയുള്ള നാല് താപോര്‍ജ്ജ യൂണിറ്റുകള്‍ അടച്ചു പൂട്ടി. ലത്തൂരിലേക്ക് നാലുകോടി രൂപ വില നിശ്ചയിച്ച ആറുകോടി ലിറ്റര്‍ വെള്ളമാണ് ജലവണ്ടിയില്‍ കൊണ്ടുവന്നത് മഞ്ഞപ്പിത്തം മൂലം തൃശൂര്‍ എക്‌സൈസ് അക്കാദമിയില്‍ പരിശീലനം നിറുത്തി വെക്കേണ്ടിവന്നു. ഇന്ത്യയിലെ അഞ്ചുലക്ഷം ഗ്രാമങ്ങള്‍ കുടിവെള്ളക്ഷാമത്തിന്റെ പിടിയില്‍. വരള്‍ച്ചാ ബാധിത ഗ്രാമങ്ങളായി പ്രഖ്യാപിച്ചത് 29000 ഗ്രാമങ്ങളെ.

ചൂട് കുറയുന്നതുവരെ വിദ്യാലയങ്ങള്‍ തുറക്കരുതെന്ന് ജില്ലാ കളക്ടര്‍മാരും ബാലാവകാശ കമ്മീക്ഷനും. ചെങ്കണ്ണ് രോഗം ഉണ്ടാകാനിടയുണ്ടെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകുന്നതിനാല്‍ സമുദ്രജലനിരപ്പുയര്‍ന്ന് 2010 ല്‍ ദ്വീപുസമൂഹങ്ങളിലെ പത്തുശതമാനവും മുങ്ങിപ്പോയതായി റിപ്പോര്‍ട്ട്. ഭൂജല വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ആകെയുള്ള 60 ലക്ഷം കിണറുകളില്‍ 42 ലക്ഷം കിണറുകള്‍ വറ്റി. സംസ്ഥാനത്തുള്ളത് രണ്ടുലക്ഷത്തോളം കുഴല്‍ കിണറുകള്‍. 2016 ഏറ്റവും ചൂടേറിയ വര്‍ഷമാകുമെന്ന് ഐക്യരാഷ്ട്ര സഭയുടെ നാഷണല്‍ ഒഷ്യാനിക് ആന്റ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്റെയും കേന്ദ്രകാലാവസ്ഥ വകുപ്പിന്റെയും സൂചന. കഴിഞ്ഞ 4000 വര്‍ഷത്തെ അപേക്ഷിച്ച് ചൂട് ഉയരുന്നത് വളരെ കുത്തനെ. ഹിമയുഗത്തിന് മുമ്പ് കടും ചൂടായിരുന്നു. ആ അവസ്ഥയിലേക്ക് പോകുമോ എന്ന് ശാസ്ത്രലോകത്തെ ചിലര്‍ ആശങ്കപ്പെടുന്നു. താപനില ഉയര്‍ന്നത് ശരാശരി 50 സെല്‍ഷ്യസ്. ഹരിതഗൃഹവാതകങ്ങള്‍ 56 ശതമാനത്തോളം കൂടിയേക്കാമെന്നും പ്രവചിക്കപ്പെടുന്നു. ചൂട് കാലാവസ്ഥയില്‍ ജീവിക്കുന്ന ചില പക്ഷികള്‍ കേരളത്തില്‍ വന്നുതുടങ്ങി.ഈ നില തുടര്‍ന്നാല്‍ 2050 ല്‍ വര്‍ഷം തോറും, ഒരു നൂറ്റാണ്ടില്‍ മാത്രം സംഭവിക്കുന്ന കാട്ടുതീ, പ്രളയം, കൊടുങ്കാറ്റ് തുടങ്ങിയവ യുറോപ്പിലെ ചില പ്രദേശങ്ങളില്‍ ഉണ്ടാകുമത്രെ. മധ്യധരണ്യാഴി പ്രദേശങ്ങൡ പ്രധാനമായി കടുത്ത വരള്‍ച്ച, സമുദ്ര പ്രളയം, ഉഷ്ണ തരംഗം എന്നിവ എല്ലാ വര്‍ഷവും ഉണ്ടായേക്കാം. വ്യവസായ വിപ്ലവത്തിന് മുന്‍പുണ്ടായിരുന്നതിനേക്കാള്‍ ഭൗമോപരിതലത്തിന്റെ ചൂട് 2 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിക്കും. ഉത്തരേന്ത്യയിലേതു പോലുള്ള ഉഷ്ണതരംഗം കേരളത്തില്‍ ഉണ്ടായേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഉണ്ടാകില്ലെന്നറിയിച്ചു ഏപ്രില്‍ 23 ന് നാഗ്പൂരില്‍ 45 ഡിഗ്രി സെല്‍ഷ്യല്‍സ് രേഖപ്പെടുത്തി.കേരളത്തില്‍ കൂടിയ ചൂട് മലമ്പുഴയിലും 41.9 ഡിഗ്രി. മെയ് 19 ന് ഉത്തര്‍പ്രദേശില്‍ 47.2 ഉം ദില്ലിയില്‍ 46. 4 ഉം ഡിഗ്രി സെല്‍ഷ്യസ് ആയി കത്തിനില്‍ക്കുന്നു.

എല്ലാവരും വിശ്വസിക്കുന്നതുപോലെ സൂര്യരശ്മിയുടെ വികിരണത്തിന് ചൂട് കൂടിയതിനാലല്ല അന്തരീക്ഷ താപനില ഉയരുന്നത് , മറിച്ച് അത് ഭൂമിയില്‍ പതിച്ച് പ്രതിഫലിക്കുന്നതിന്റെ തീവ്രത കൂടിയതിനാലാണ്. നീര്‍ത്തടങ്ങളും പച്ചമേലിപ്പും ശോഷിക്കുകയും കോണ്‍ഗ്രീറ്റ് സൗധങ്ങളും ടാറിട്ട റോഡുകളും വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ അവയില്‍ തട്ടുന്ന സൂര്യകിരണങ്ങള്‍ അധിക ചൂടോടെ അന്തരീക്ഷത്തിലെത്തുന്നത് ഒരു കാരണം. മറ്റൊന്ന് വേനല്‍മഴ ഇക്കുറി 53 ശതമാനമായി കുറഞ്ഞത് കേരളത്തില്‍ വടക്കു പടിഞ്ഞാറന്‍ വരണ്ട കാറ്റ് അടിച്ചുകൊണ്ടിരുന്നതിനാല്‍ അറബിക്കടലില്‍ നിന്നുള്ള തണുത്ത കാറ്റ് ഇല്ലാതായി. 1760 മുതലാണ് ഹരിതഗൃഹ വാതകങ്ങള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയത്. വിവിധ ഉടമ്പടികളിലൂടെ ഇത്തരം വാതകങ്ങള്‍ പടി പടിയായി കുറച്ചുകൊണ്ടുവരാനുള്ള ശ്രമമുണ്ടായെങ്കിലും നടന്നില്ല. ഏറ്റവും അവസാനത്തേതാണ് പാരീസിലെ ഭൗമ ഉച്ചകോടി. ഇതുപ്രകാരം കാര്‍ബണ്‍ഡയോക്‌സൈഡിന്റെയും മറ്റും വിസര്‍ജനം 1990 ലെ നിലയിലേക്ക് കൊണ്ടുവരണമെന്നാണ് തീരുമാനം. 2020 ല്‍ ലോകരാഷ്ട്രങ്ങള്‍ ഇതിനായി കരാര്‍ വെക്കണമെന്നും 2013 ല്‍ പരിശോധന നടത്തണമെന്നും നിര്‍ദ്ദേശമുണ്ടായി. എന്നാല്‍ ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തില്‍ 79 ശതമാനത്തിനും ഉത്തരവാദികള്‍ അമേരിക്ക അടക്കമുള്ള ഒന്‍പത് രാജ്യങ്ങളാണ്. ബാക്കി വരുന്ന കാരണക്കാര്‍ 210 ഓളം വരുന്ന രാഷ്ട്രങ്ങളും അതുകൊണ്ടുതന്നെ 1992 ലെ ക്വോട്യോ ഉച്ചകോടി മുതലുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കപ്പെടുന്നില്ല. വരള്‍ച്ചയില്‍ ജനങ്ങളെ വലക്കരുതെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി.

തൊഴിലുറപ്പു പദ്ധതിയില്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ഫണ്ടു നല്‍കാനും വരള്‍ച്ചാ മേഖലകളിലെ കര്‍ഷകര്‍ക്ക് കൂലി നല്‍കാന്‍ വൈകുന്നതിന് നഷ്ടപരിഹാരം കൊടുക്കണമെന്നും പരമോന്നത കോടതി ഉത്തരവിട്ടു. വരള്‍ച്ച മുന്നില്‍ കണ്ട് യാഥാര്‍ത്ഥ്യബോധമുള്ള ബജറ്റ്് സംസ്ഥാനങ്ങള്‍ തയ്യാറാകണം. ഇതു സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും അനാവശ്യ വിവാദം പാടില്ല. വരള്‍ച്ചാ ബാധിതമോ ബാധ്യതയോ ഉള്ള സംസ്ഥാനങ്ങള്‍ കുടുംബങ്ങള്‍ക്ക് അര്‍ഹത നോക്കാതെ തന്നെ പ്രതിമാസം ഭക്ഷ്യധാന്യങ്ങള്‍ നല്കണം. ആസുരതയുടെ ഇനിയൊരുകാലം വരാതിരിക്കാന്‍ പ്രഥമവും പ്രധാനവുമാണ് വൃക്ഷവല്‍ക്കരണം. വയലും കായലും പുഴയും കടലും സംരക്ഷിക്കേണ്ടത് അനിവാര്യം. സുസ്ഥിര വികസനം സുസാധ്യമാക്കാവുന്ന തരത്തില്‍ അത്യാര്‍ത്തി വെടിഞ്ഞ് മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.

നിര്‍മ്മിതികള്‍ പ്രകൃതി- സൗഹൃദ പരമാകട്ടെ. ശാസ്ത്രസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുകയും പ്രതിസന്ധികള്‍ മുന്‍കൂട്ടി അറിയിക്കുകയും ദുരന്ത നിവാരണ മാര്‍ഗങ്ങള്‍ കൃത്യതയോടെ ആസൂത്രണം ചെയ്യുകയും വേണം. ലളിത ജീവിതമാണ് സ്ഥായിയായ പരിഹാരം. മഴക്കാലം ആരംഭിച്ചു കഴിയുമ്പോള്‍ ഇന്നലെ വരെ അനുഭവിച്ച വേനലിന്റെ കാഠിന്യത്തെ മറന്നുപോകാതിരിക്കുകയും ഭാവിയിലേക്കുള്ള പാരിസ്ഥിതിക കരുതലുകള്‍ പുലര്‍ത്തുകയും ചെയ്യേണ്ടതുണ്ട്.

You must be logged in to post a comment Login