മഹാത്മാവിന്റെ സന്ദേശം

  • ബെന്‍സി തമ്പി

page.pmd

ഗാന്ധിജി, ജീവിതം കൊണ്ടും കര്‍മ്മം കൊണ്ടും മനുഷ്യരാശിക്കു മാത്യകയാകുകയും ആ ജീവിതം തന്നെയാണ് തന്റെ ദര്‍ശനമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത മനുഷ്യന്‍. കൂടുതല്‍ നന്മയിലേക്ക് എത്തിച്ചേരാനുള്ള പരീക്ഷണശാലയാക്കി ജീവിതത്തെ മാറ്റുകയും അതില്‍ വിജയിക്കുകയും ചെയ്ത മഹാത്മാവ്, പീഢനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും ഉള്‍ക്കരുത്തോടെ അക്രമരാഹിത്യമാണ് എന്റെ മാര്‍ഗ്ഗമെന്ന് കാണിച്ചു തന്ന യോദ്ധാവ്. സഹന സമരത്തിലൂടെ സത്യാന്വേഷണത്തിനിറങ്ങിയ കര്‍മ്മയോഗി. പ്രതികാരം ചെയ്യാതെ സഹനത്തിന്റെ പാതയിലൂടെ മനസ്സുകളെ ഒരുമിപ്പിച്ച് വിപ്ലവം നയിച്ച മനുഷ്യന്‍. ബ്രിട്ടീഷ് സാമ്രാജ്യത്തിന് എന്നല്ല ലോകത്തിനു തന്നെ കേട്ടുകേള്‍വിയില്ലാത്ത ഒരു സമര മാര്‍ഗ്ഗത്തിലൂടെ ഇന്ത്യന്‍ സ്വാതന്ത്ര്യന്റെ നാഥനായി മാറിയ ആള്‍. ഐസ്റ്റീന്‍ വിശേഷിപ്പിച്ചതുപോലെ ഇങ്ങനെ ഇങ്ങനെ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നു എന്ന് വരും തലമുറ ഒരുപക്ഷേ അവിശ്വസിച്ചേക്കാം. ഒന്നേകാല്‍ നൂറ്റാണ്ടായി പഠിച്ചിട്ടും തീരാത്ത പാഠ്യഭാഗമായി ഗാന്ധിയുടെ ജീവിതം മാറിയിരിക്കുന്നു. സത്യവും ത്യാഗവും അഹിംസയും ജീവവായുവായു ആയി കരുതി ജീവിക്കുകയും അത് ജനങ്ങളെ പഠിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഗാന്ധിജി അതിനെ സമരമായി പരിണമിപ്പിക്കുകയായിരുന്നു. സത്യാഗ്രഹം എന്നറിയപ്പെട്ട ആ സമര രൂപത്തെ എങ്ങനെ നേരിടണമെന്നറിയാതെ സാമ്രാജ്യത്വം കുഴങ്ങുന്ന കാഴ്ചയാണ് കണ്ടത്.

ഗാന്ധിയോട് ഏറെ വിയോജിക്കുന്നവര്‍ ഉണ്ടാകാം. വിയോജിപ്പുകളുടെ സാമൂഹ്യവും ആശയപരവുമായ തലങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല, ഈ വിയോജിപ്പുകള്‍ ഉയര്‍ത്തുന്നവര്‍ പോലും അംഗീകരിക്കുന്ന ഒന്നാണ് ഗാന്ധിജിയുടെ സമര ജീവിതം. മനുഷ്യ ചരിത്രത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത സവിശേഷതരമായ പ്രതിരോധ രീതി. ആത്മ സംയമനത്താല്‍ സ്ഫുടം ചെയ്ത മനസ്സിന്റെ ശക്തി മാത്രമായിരുന്നു ആ സമരത്തിന്റെ ആയുധം. ഇതിനു പിന്നില്‍ ഭാരത ജനതയെ അണിനിരത്താനും ആവേശം കൊള്ളിക്കാനും ഈ മനുഷ്യനു കഴിഞ്ഞു എന്നത് അത്ഭുതം തന്നെ. ആയുധ ധാരികളായ ശത്രുക്കള്‍ക്കു മുന്നിലേക്ക് നിരായുധരായി നടന്നടുക്കാന്‍ കഴിയണമെങ്കില്‍ ചാഞ്ചല്യമില്ലാത്ത മനസ്സുണ്ടാവണം. അഹിംസയുടെ മന്ത്രോച്ചാരണം ശത്രുവിന്റെ മനസ്സിലും ചെന്നു പതിക്കണം. അതില്‍ വിജയിച്ച യോദ്ധാവാണ് ഗാന്ധിജി.

സന്യാസ തുല്യമായ ആ ജീവിതചര്യയെ ഏതെങ്കിലുമൊരു കള്ളിയിലൊതുക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ വിലയിരുത്തലുകള്‍ക്കപ്പുറത്തേക്ക് അത് കുതറിമാറിക്കൊണ്ടേയിരിക്കുന്നു. മനുഷ്യ മനസ്സുകളുടെ മാസ്മരിക ശക്തി പീരങ്കികളേക്കാള്‍ കരുത്താര്‍ജ്ജിക്കുന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നാം കണ്ടതാണ്. അത് ലോകത്തോടു വിളിച്ചു പറയുന്നത് ഒരു പേരു മാത്രമാണ്. അതാണ് മഹാത്മഗാന്ധി. 1906-ല്‍ ദക്ഷിണാഫ്രിക്കയിലാണ് അദ്ദേഹം സത്യാഗ്രത്തിനു ആരംഭം കുറിച്ചത്. തനിക്ക് പൗരത്വമില്ലാത്ത ഒരു രാജ്യത്തിന്റെ കൂടി രാഷ്ട്രപിതാവ് ആയി മാറ്റപ്പെടുന്ന വിധം ദക്ഷിണാഫ്രിക്ക അദ്ദേഹത്തെ ഇന്നും നെഞ്ചേറ്റുന്നു. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനും ജോഹന്നാസ്ബര്‍ഗ്ഗും പീറ്റര്‍മാരിട്‌സ്ബര്‍ഗ്ഗുമെല്ലാം ലോകത്തോട് ഈ ചരിത്രം ഇന്നും വിളിച്ചു പറയുന്നു. ദേശ സ്‌നേഹത്തിന് പുതിയ മാനവികത കല്പിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കയില്‍ നടത്തിയ സത്യാഗ്ര സമരം ആധുനിക സമൂഹത്തിന് സങ്കല്പിക്കാനാവില്ല. സ്വന്തം ദേശത്തെ പ്രകീര്‍ത്തിക്കുന്നവരായി മാത്രം സമൂഹം മാറുമ്പോള്‍ ആഫ്രിക്കയിലെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു പൗരത്വത്തിനുംവേണ്ടി പോരാട്ടം നയിച്ച ഗാന്ധിജിയുടെ ദേശീയതയെ നാം എന്തു പേരിട്ടു വിളിക്കും
ഗാന്ധിജിയുടെ ആദ്യ നിരാഹാര സമരം ഒരു പരാജയമായിരുന്നു. ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇന്ത്യന്‍ വംശജര്‍ മടങ്ങിപ്പോവുകയോ 25 പവന്‍ നികുതി ഒടുക്കുകയോ ചെയ്യണമെന്ന് വെള്ളക്കാരുടെ സര്‍ക്കാര്‍ നിയമം പാസാക്കി. അതിനെതിരായി ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് സത്യാഗ്രഹ സമരം നടത്തി. നിയമം റദ്ദുചെയ്യാമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ സത്യാഗ്രഹ സമരം പിന്‍വലിച്ചു. എന്നാല്‍ സര്‍ക്കാര്‍ വാക്കു പാലിച്ചില്ല. ഇത് ആദ്യ സഹനസമരത്തിന്റെ പരാജയമായിരുന്നു. 1908 ആഗസ്റ്റ് 16ന് വീണ്ടും സത്യാഗ്രഹ സമരം ആരംഭിച്ചു. 1913-ല്‍ ട്രാന്‍സ്‌വാള്‍ അതിര്‍ത്തിയില്‍നിന്ന് നേറ്റാള്‍ അതിര്‍ത്തിയിലേക്ക് ഗാന്ധിജി സത്യാഗ്രഹ യാത്ര നടത്തി. അറസ്റ്റ് വരിച്ചു. ഗാന്ധി തുടങ്ങിയ സത്യാഗ്രഹ സമരം വിജയകരമായി പര്യവസാനിക്കാന്‍ ഏതാണ്ട് എട്ടുവര്‍ഷത്തോളം വേണ്ടിവന്നു.

1915 ജനുവരി 9നാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി പൂര്‍ണ്ണമായി ഇന്ത്യയിലേക്ക് മടങ്ങിയത്. ഓരോ സത്യാഗ്രഹ സമരങ്ങളും ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചുകൊണ്ടിരുന്നു. ഇന്ന് ആധുനിക ലോകത്ത് ദാരിദ്രരായും പൗരത്വം ഇല്ലാതെയും പലായനം ചെയ്യപ്പെടേണ്ടി വരുന്ന ജനസമൂഹം. ഗാന്ധിയന്‍ സത്യാഗ്രഹ സമരത്തിന് ഇനിയും പ്രസ്‌ക്തിയുണ്ട്. വര്‍ഗ്ഗീയത്ക്കും ദേശീയതയ്ക്കും അതീതമായി ഒരു ആഗോള പൗരത്വം സ്യഷ്ടിക്കപ്പെടാന്‍ കഴിയുന്ന ഒരു ലോകത്തിന്റെ പ്രതീക്ഷാകേന്ദ്രമായി മാറാന്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്കു മാത്രമേ ഇനി കഴിയൂ.

You must be logged in to post a comment Login