മഹാദേവന്‍ വധം:പ്രതി 19 വര്‍ഷത്തിനു ശേഷം പിടിയില്‍

പത്തൊമ്പതുവര്‍ഷം മുമ്പു ചങ്ങനാശേരി മധുമൂലയില്‍നിന്നു കാണാതായ 13 വയസുകാരന്‍ കൊല്ലപ്പെട്ടതാണെന്നു െ്രെകംബ്രാഞ്ച് കണ്ടെത്തി. കേസിലെ മുഖ്യപ്രതിയെ അറസ്റ്റില്‍. മധുമൂലയിലെ ഉദയാ സ്‌റ്റോഴ്‌സ് ഉടമയായിരുന്ന വിശ്വനാഥന്റെ മകന്‍ മഹാദേവനാണു കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചത്. കേസിലെ മുഖ്യപ്രതി ചങ്ങനാശേരി വാഴപ്പിള്ളി മഞ്ചാടിക്കര ഇളമുറിയില്‍ ഉണ്ണി എന്ന ഹരികുമാറിനെ(41)യാണു െ്രെകംബ്രാഞ്ച് എസ്.പി: കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനു സഹായിച്ച രണ്ടാംപ്രതി കോനാരി സലി ഒളിവിലാണ്. മൂന്നാം പ്രതിയും ഹരികുമാറിന്റെ ബന്ധുവുമായ കണ്ണന്‍ എന്ന പ്രമോദ് കഴിഞ്ഞവര്‍ഷം മരിച്ചു.

സംഭവം നടക്കുന്ന സമയത്തു മധുമൂല ജംഗ്ഷനില്‍ സൈക്കിള്‍കട നടത്തുകയായിരുന്നു ഹരികുമാര്‍. മദ്യപാനിയും സ്ഥിരം ലോട്ടറി ടിക്കറ്റ് എടുക്കുന്നയാളുമായ ഹരികുമാര്‍ പണം കണ്ടെത്താന്‍ മഹാദേവന്റെ കഴുത്തിലെ സ്വര്‍ണമാല തട്ടിയെടുക്കാന്‍ വേണ്ടി കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.

മുമ്പ് ഒരുതവണ വീട് വിട്ടുപോയിട്ടുള്ള മഹാദേവനെ കാണാതായാല്‍ നാടുവിട്ടുപോയതാണെന്നു വീട്ടുകാര്‍ കരുതുമെന്ന ധാരണയിലാണ് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവദിവസം കടയില്‍ സൈക്കിള്‍ റിപ്പയര്‍ ചെയ്യിക്കാന്‍ എത്തിയ കുട്ടിയെ തന്ത്രപൂര്‍വം കടയ്ക്കുള്ളില്‍ വിളിച്ചുകയറ്റി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം സലി, ഉണ്ണിയുടെ അളിയനായ കണ്ണന്‍ എന്നിവരുടെ സഹായത്തോടെ ഓട്ടോറിക്ഷയില്‍ കയറ്റി വെള്ളക്കുഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ആറുമാസമായി ഉണ്ണിയെ നിരീക്ഷിച്ചുവരികയായിരുന്നെന്നു പോലീസ് പറഞ്ഞു. ബുധനാഴ്ചയാണ് ഇയാളെ ചങ്ങനാശേരിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. 1995 സെപ്റ്റംബര്‍ ഏഴിനാണു മഹാദേവന്‍െ കാണാതായത്. അച്ഛന്‍ വിശ്വനാഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചങ്ങനാശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പലരും പല സ്ഥലത്തുവച്ചും മഹാദേവനെ കണ്ടെന്ന് അവകാശപ്പെങ്കെിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കുട്ടി തങ്ങളുടെ കൈവശമുണ്ടെന്നു വ്യക്തമാക്കുന്ന അജ്ഞാത ഫോണ്‍കോളുകളിലൂടെ വിശ്വനാഥനില്‍നിന്നു പണവും മറ്റും പ്രതികള്‍ വസൂലാക്കുകയും ചെയ്തു.

ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു കാട്ടി വിശ്വനാഥന്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കി. 96 ല്‍ കേസ് െ്രെകംബ്രാഞ്ച് ഏറ്റെടുത്തു. എന്നാല്‍ ഒരു തുമ്പും കിട്ടാതെ 2001ല്‍ അവര്‍ അന്വേഷണം അവസാനിപ്പിച്ച് ചങ്ങനാശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മഹാദേവന്റെ പിതാവ് ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് െ്രെകംബ്രാഞ്ച് വീണ്ടും അന്വേഷണം നടത്തിവരികയായിരുന്നു.അന്വേഷണം നടക്കുന്നതിനിടെയില്‍ മഹാദേവന്റെ അച്ഛനും അമ്മയും മരിച്ചു. പ്രതിയെ ഇന്നു ചങ്ങനാശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. എ.ഡി.ജി.പി. വിന്‍സന്‍ എം പോളിന്റെ മേല്‍നോട്ടത്തില്‍ െ്രെകംബ്രാഞ്ച് എസ്.പി: കെ.ജി സൈമണാണ് കേസിന്റെ അന്വേഷണം നടത്തിയത്. എസ്.ഐമാരായ കെ.എഫ്. ജോബ്, എ.ബി പൊന്നപ്പന്‍, എഎസ്.ഐ തങ്കരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

You must be logged in to post a comment Login