മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21 ന്

 

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തീയതി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പ്രഖ്യാപിച്ചു. ഇരു സംസ്ഥാനങ്ങളിലും ഒക്ടോബര്‍ 21 നാണ് തെരഞ്ഞെടുപ്പ്. ഒറ്റഘട്ടത്തിലാണ് ഇരു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപിച്ചതോടെ ഇരുസംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഭരണകക്ഷിയായ ബിജെപി ഇരുസംസ്ഥാനങ്ങളിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തെരഞ്ഞടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തത്. മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപി-ശിവസേന സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതേസമയം ബിജെപിയിലേക്കും ശിവസേനയിലേക്കുമുള്ള നേതാക്കളുടെ കൂടുമാറ്റത്തില്‍ ആശങ്കയിലാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് ക്യാമ്പ്.

കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ 288 സീറ്റില്‍ 122 സീറ്റിലും ബിജെപി വിജയിച്ചിരുന്നു. കോണ്‍ഗ്രസ് തട്ടകമായിരുന്ന ഹരിയാന 2014 ലാണ് ബിജെപി പിടിച്ചെടുക്കുന്നത്. 2014 ല്‍ ആകെയുള്ള 90 സീറ്റുകളില്‍ 47 സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു.

 

 

You must be logged in to post a comment Login