മഹാരാഷ്ട്ര സഖ്യസർക്കാർ രൂപീകരണം: അന്തിമ പ്രഖ്യാപനം നാളെ

മഹാരാഷ്ട്രയിൽ സഖ്യസർക്കാർ രൂപീകരണത്തിൽ അവസാന വട്ട ചർച്ചകളുമായി ശിവസേന എൻസിപിയും കോൺഗ്രസും. അന്തിമ പ്രഖ്യാപനം നാളെ ഉണ്ടാകും.

ശിവസേനയുടെ ഹിന്ദുത്വനയങ്ങൾ മറികടക്കാൻ മതേതരത്വം പൊതുമിനിമം പരിപാടിയിൽ ഉൾപെടുത്തണമെന്ന കോൺഗ്രസ് ആവശ്യത്തിൽ ഭിന്നതയുണ്ട്. ശിവസേനക്കും എൻസിപിക്കൊപ്പം സർക്കാർ ഉണ്ടാക്കാനുള്ള കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ ആവശ്യം ഡൽഹിയിൽ ചേർന്ന പ്രവർത്തകസമിതി യോഗം അംഗീകരിച്ചു. പൊതുമിനിമം പരിപാടിയിൽ വിട്ടുവീഴ്ച്ചയുണ്ടാകാൻ പാടില്ലെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. അതിന് പകരം ഭരണ ഘടനയുടെ ആമുഖം ഉൾപ്പെടുത്തിയേക്കും.

എല്ലാവർക്കും മിനിമം വരുമാനം ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതിയും കർഷിക കടം എഴുതി തളളലും പൊതുമിനിമം പരിപാടിയുടെ ഭാഗമാകും. നാളെ മഹാരാഷ്ട്രയിൽ നടക്കുന്ന യോഗത്തിന് ശേഷം സർക്കാർ രൂപീകരണത്തിൽ തീരുമാനമാകും.

അഞ്ച് വർഷവും മുഖ്യമന്ത്രിസ്ഥാനം വേണമെന്ന് ശിവസേന ആവശ്യപ്പെട്ടു. എന്നാൽ രണ്ടരവർഷം വീതം മുഖ്യമന്ത്രിപദം പങ്കുവക്കണമെന്നാണ് എൻസിപിയുടെ വാദം. എൻസിപിയും ശിവസേനയും രണ്ട് വർഷം വീതമെടുത്ത് ഒരു വർഷം കോൺഗ്രസിനും അവസരം നൽകണമെന്ന ആവശ്യവുമുണ്ട്

You must be logged in to post a comment Login