മാക്‌സ് വെല്ലിനും സെഞ്ച്വറി; റാഞ്ചിയില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്

റാഞ്ചി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്. രണ്ടാം ദിനം മത്സരം പുരോഗമിക്കുമ്പോള്‍ ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 400 റണ്‍സ് പിന്നിട്ടു. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിക്ക് പിന്നാലെ ഗ്ലെന്‍ മാക്‌സ്‌വെല്ലും ശതകം പൂര്‍ത്തിയാക്കി. ടെസ്റ്റ് കരിയറില്‍ മാക്‌സ്‌വെല്ലിന്റെ ആദ്യ സെഞ്ചുറിയാണിത്.

185 പന്തില്‍ 104 റണ്‍സ് നേടി മാക്‌സ്‌വെല്‍ പുറത്തായപ്പോള്‍ 153 റണ്‍സുമായി സ്മിത്ത് ക്രീസിലുണ്ട്. ആദ്യ ദിനം പരമ്പരയിലെ തന്റെ രണ്ടാം സെഞ്ചുറി പൂര്‍ത്തിയാക്കിയ സ്മിത്ത് ടെസ്റ്റ് കരിയറില്‍ 19ാം സെഞ്ചുറിയും നേടി.

ഒപ്പം തന്റെ 97ാം ഇന്നിങ്‌സില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കിയ സ്മിത്ത് മറ്റൊരു റെക്കോര്‍ഡ് കൂടി സൃഷ്ടിച്ചു. ഏറ്റവും കുറഞ്ഞ ഇന്നിങ്‌സില്‍ 5000 റണ്‍സിലെത്തുന്ന മൂന്നാമത്തെ ഓസീസ് ബാറ്റ്‌സ്മാനാണ് സ്മിത്ത്. ഡോണ്‍ ബ്രാഡ്മാനും മാത്യു ഹെയ്ഡനുമാണ് ഇക്കാര്യത്തില്‍ സ്മിത്തിന് മുന്നിലുള്ളത്.

രണ്ടാം ദിനം നാല് വിക്കറ്റിന് 299 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഓസീസിന് 32 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയിലാണ് മാക്‌സ്‌വെല്ലിനെ നഷ്ടമായത്. സെഞ്ചുറി നേട്ടത്തിന് പിന്നാലെ രവീന്ദ്ര ജഡേജയുടെ പന്തില്‍ വൃദ്ധിമാന്‍ സാഹക്ക് ക്യാച്ച് നല്‍കി മാക്‌സ്‌വെല്‍ പുറത്താകുകയായിരുന്നു. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും ഉമേഷ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളിലും ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ടീമാണ് ജയിച്ചത്. നാലു മത്സരങ്ങളുള്ള പരമ്പരയില്‍ ഇരുടീമുകളും സമനിലയിലാണ്.

You must be logged in to post a comment Login