മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫ ടൂര്‍ണമെന്റുകളില്‍ വിലക്ക്

മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫ ടൂര്‍ണമെന്റുകളില്‍ നിന്ന് വിലക്ക്. ഇതോടെ ക്ലബ്ബിന് അടുത്ത രണ്ടുവര്‍ഷത്തേക്ക് ചാമ്പ്യന്‍സ് ലീഗില്‍ പങ്കെടുക്കാന്‍ കഴിയില്ല. വിലക്ക് കൂടാതെ മുപ്പത് മില്ല്യണ്‍ യൂറോ പിഴയും അടയ്ക്കണം. ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടി.

അതേസമയം, ഇപ്പോള്‍ നടന്നുവരുന്ന ചാമ്പ്യന്‍സ് ലീഗില്‍ ക്ലബ്ബിന് തുടര്‍ന്നും കളിക്കാം. സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്
സിറ്റിക്കെതിരെ അച്ചടക്ക നടപടി. ഒരു ജര്‍മന്‍ മാസിക സിറ്റിയുടെ ചില ഇമെയിലുകള്‍ പുറത്തുവിട്ടതോടെയാണ് അന്വേഷണം തുടങ്ങിയത്.

എല്ലാ തെളിവുകളും പരിഗണിച്ചാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നടിപടിയെടുത്തത് എന്ന് യുവേഫ ക്ലബ് ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍ ബോഡി അറിയിച്ചു. അന്വേഷണത്തില്‍ 2012 മുതല്‍ 2016 വരെ സമര്‍പ്പിച്ച കണക്കുകളില്‍ കൃത്രിമം കാട്ടിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കടുത്ത നടപടിയെടുത്തത്. അതേസമയം, യുവേഫ തീരുമാനത്തിനെതിരെ രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതിയെ സമീപിക്കാനാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ തീരുമാനം.

You must be logged in to post a comment Login