മാണിയുടെയും ലീഗിന്റെയും പാപക്കറ കഴുകിപ്പോകില്ല: മാണിയെയും മുസ്ലീംലീഗിനെയും കടുത്തഭാഷയില്‍ വിമര്‍ശിച്ച് സിപിഐ മുഖപത്രം

janayugamതിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം. മാണിയെയും മുസ്‌ലിം ലീഗിനെയും ഒപ്പം കൂട്ടാനുള്ള സിപിഐഎം നീക്കത്തെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് സിപിഐ മുഖപത്രം. ഇടതുപ്രകടന പത്രികയുടെ മേല്‍ ഒരു ചെമ്പരന്തും റാകിപ്പറക്കേണ്ട എന്ന ലേഖനത്തിലാണ് കേരള കോണ്‍ഗ്രസും ലീഗും എല്‍ഡിഎഫില്‍ വേണ്ട എന്ന നിലപാടുമായി ജനയുഗം രംഗത്ത് വന്നത്.

യുഡിഎഫ് വിട്ടുവന്നാല്‍ മാണിയുടേയും മുസ്‌ലിം ലീഗിന്റെയും മേലുള്ള പാപക്കറ കഴുകിപ്പോകില്ലെന്ന് ജനയുഗം ലേഖനത്തില്‍ പറയുന്നു. സ്ത്രീ സുരക്ഷയ്ക്കു ഗോവിന്ദച്ചാമിയെയും അമിറുല്‍ ഇസ്‌ലാമിനെയും ഹിന്ദുവര്‍ഗീയത എന്ന കാന്‍സര്‍ ശസ്ത്രക്രിയയ്ക്കു നരേന്ദ്രമോദിയെയും മോഹന്‍ ഭാഗവതിനെയും വിളിക്കുന്നതുപോലെയാണ് മാണിയോടുള്ള ചില കേന്ദ്രങ്ങളുടെ പൂതി.

തുമ്മിയാല്‍ തെറിക്കുന്ന മൂക്കുപോലെ ആരെങ്കിലും എഴുതുന്ന മുഖപ്രസംഗമോ ലേഖനമോ കൊണ്ട് ഇടതുമുന്നണിയുടെ പ്രകടനപത്രിക ഭേദഗതി ചെയ്യാന്‍ ആരും വെയില്‍കായേണ്ട. അഴിമതിയുടെ അന്ധത ബാധിച്ച മാണി അഴിമതി കൂടാരത്തില്‍ നിന്നു പുറത്ത് വന്നാല്‍ വിശുദ്ധനാകില്ല. വര്‍ഗീയതയ്ക്ക് കുപ്രസിദ്ധി ആര്‍ജ്ജിച്ചതാണ് മുസ്‌ലീം ലീഗ്. ഇവര്‍ ഇങ്ങോട്ട് വന്നാല്‍ മാണിയുടേയും ലീഗിന്റേയും മേലുള്ള പാപക്കറ കഴുകി പോകുന്നത് എങ്ങനെയാണെന്നും ജനയുഗം ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

എവിടെ നന്മയുണ്ടോ അവിടെ ഞാനുണ്ടെന്ന മാണിയുടെ പ്രസ്താവന എവിടെ മന്ത്രിയുണ്ടോ അവിടെ ഞാനുണ്ടെന്നതിന്റെ പാഠഭേദമാണ്. ജനവിരുദ്ധര്‍ക്ക് ഐസ്‌ക്രീം കച്ചവടം നടത്താനും കോടികളുടെ കോഴപ്പണം എണ്ണിത്തിട്ടപ്പെടുത്തുന്ന യന്ത്രം സ്ഥാപിക്കാനുമുള്ള വഴിയമ്പലമല്ല ഇടതുമുന്നണി. അതു ലക്ഷ്യമിട്ടു വരുന്ന ചെമ്പരുന്തുകള്‍ ചരിത്രത്തിന്റ ചവറ്റുകൊട്ടയിലേക്കു ചിറകരിഞ്ഞുവീഴും. മദ്യനയം പൊളിച്ചെഴുതാനുള്ള നീക്കം സ്വാഗതം ചെയ്യുന്നു. പക്ഷേ, സര്‍ക്കാരിനെ ചീത്തയാക്കാന്‍ പൊളിച്ചെഴുത്തുകാര്‍ ചില പൊടിക്കൈകള്‍ പ്രയോഗിക്കുമെന്നും അതുകൊണ്ട് സൂക്ഷ്മതോടെ വേണമെന്നും ലേഖനം ഓര്‍മപ്പെടുത്തുന്നു.

You must be logged in to post a comment Login