മാണി കാണിച്ചത് രാഷ്ട്രീയ വഞ്ചനെയെന്ന് പി.സി.ജോര്‍ജ്

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം നേടാന്‍ സിപിഐഎം പിന്തുണ സ്വീകരിച്ച കേരള കോണ്‍ഗ്രസ്എം നടപടി രാഷ്ടീയ വഞ്ചനയും കുതികാല്‍വെട്ടലിനും തുല്യമാണെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്രവലിയ രാഷ്ട്രീയ വഞ്ചന ഒരു രാഷ്ട്രീയ പാര്‍ട്ടി ചെയ്യമോ എന്നാണ് ജോര്‍ജ് ചോദിച്ചത്. കോണ്‍ഗ്രസിനെ കാലുവാരിയ ശേഷം കെ.എം.മാണിയും മകന്‍ ജോസ് കെ.മാണിയും ഒളിവില്‍ പോയി. കോട്ടയം ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ പി.ജെ.ജോസഫ് വിഭാഗം നിലപാട് വ്യക്തമാക്കണം. കേരള കോണ്‍ഗ്രസിന്റെ എംഎല്‍എമാരായ മോന്‍സ് ജോസഫും റോഷി അഗസ്റ്റിനും ഉള്‍പ്പടെയുള്ളവര്‍ എല്‍ഡിഎഫിന് പിന്തുണ നല്‍കരുതെന്ന നിലപാടുള്ളവരായിരുന്നു. മാണിയുടെയും മകന്റെയും മാത്രം തീരുമാനമാണ് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

ജനപക്ഷത്തിന് ജില്ലാ പഞ്ചായത്തില്‍ ഒരംഗം മാത്രമാണുള്ളത്. തങ്ങളുടെ പിന്തുണ തേടി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം രാവിലെ സമീപിച്ചിരുന്നു. എന്നാല്‍ ഒരു മുന്നണിയിലും ഉള്‍പ്പെടാതെ നില്‍ക്കുന്ന തങ്ങള്‍ പിന്തുണ നല്‍കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും അതിനാലാണ് വോട്ട് അസാധുവാക്കിയതെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login