മാണി വാളെടുക്കുന്നു; ജോര്‍ജ് പുകഞ്ഞ കൊള്ളിയാകുമോ?

പാലം കുലങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന അവസ്ഥയില്‍നിന്ന് തത്കാലം മാണി സാര്‍ പിന്‍വാങ്ങുന്നു. തന്റെ രണ്ടില പാര്‍ട്ടിക്ക് സെക്യുലര്‍ ഭാവം നല്‍കാനെത്തിയ പൂഞ്ഞാര്‍ ജോര്‍ജ് തന്റെയും മകന്റെയും അടിവേര് വെട്ടുമെന്ന് ഉറപ്പായതോടെ കടിഞ്ഞാണിടാന്‍ കെ എം മാണി തയ്യാറെടുക്കുന്നു.

ചീഫ് വിപ്പ് സ്ഥാനത്തുനിന്നും പി സി ജോര്‍ജിനെ മാറ്റുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ബുധനാഴ്ച കേരള കോണ്‍ഗ്രസ് യോഗം ചേരും. ഈ യോഗത്തില്‍ ജോര്‍ജിനോട് സ്ഥാനമൊഴിയാന്‍ മാണി നേരിട്ട് ആവശ്യപ്പെടുമെന്നാണ് സൂചന. നടപടി ശക്തമായ താക്കീതില്‍ ഒതുക്കി കുറച്ചുകാലത്തേക്ക് ജോര്‍ജിനെ നിരീക്ഷണത്തില്‍ വിടാനും മാണി ആലോചിക്കുന്നതായി അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ സൂചന നല്‍കുന്നു.

ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പെട്ടെന്ന് മാറ്റുന്നത് ബുദ്ധിയല്ലെന്ന ഉപദേശമാണ് ചില യു ഡി എഫ് നേതാക്കള്‍ നല്‍കുന്നത്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന് സാഹചര്യമൊരുക്കിയതും മന്ത്രിമാരടക്കമുള്ള മുതിര്‍ന്ന യു ഡി എഫ് നേതാക്കളുടെ പിന്നാമ്പുറ കഥകള്‍ ജോര്‍ജിന് അറിയാവുന്നതുമാണ് പെട്ടൊന്നൊരു നടപടിയില്‍നിന്ന് പിന്‍വലിയാന്‍ പ്രേരിപ്പിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്ക് ജോര്‍ജിനോടുള്ള പ്രത്യേക താല്പര്യവും ഇതിന് പിന്നിലുണ്ട്. ജോര്‍ജിനെ പ്രകോപിപ്പിക്കരുതെന്ന സൂചന ആര്‍ ബാലകൃഷ്ണപിള്ളതന്നെ നല്‍കി കഴിഞ്ഞു.
കോണ്‍ഗ്രസിനും യു ഡി എഫിനും മന്ത്രിസഭക്കുമെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന ജോര്‍ജിനെ നീക്കം ചെയ്യണമെന്ന് കഴിഞ്ഞ മൂന്നുവര്‍ഷത്തിലേറെയായി ആവശ്യമുയരുന്നുണ്ടെങ്കിലും മാണി ഇക്കാര്യം വേണ്ടത്ര ഗൗനിച്ചിരുന്നില്ല. ഒടുവില്‍ ജോര്‍ജിന്റെ പണി തനിക്കും കുടുംബത്തിനും നേരെ ആണെന്ന് കോട്ടയത്തെ കോണ്‍ഗ്രസുകാരും ചവറയിലെ മന്ത്രി ഷിബുവും പരസ്യമായി വ്യക്തമാക്കിയതോടെയാണ് മാണി സാര്‍ പുനര്‍ചിന്തനത്തിന് തയ്യാറായത്.
കോണ്‍ഗ്രസ് നേതൃത്വവും മന്ത്രിമാരും യു ഡി എഫ് നേതാക്കളും ഒരുപോലെ ആവശ്യപ്പെട്ടിട്ടും ഇന്നുവരെ ജോര്‍ജിനെതിരെ നാവനക്കാന്‍ പാര്‍ട്ടി യോഗങ്ങളില്‍പോലും മാണി തയ്യാറായിരുന്നില്ല. പല കേ.കോ യോഗങ്ങളിലും പഴയ ജോസഫ് ഗ്രൂപ്പുകാര്‍ പി സി ജോര്‍ജിനെതിരായ നടപടി ആവശ്യപ്പെടുമായിരുന്നെങ്കിലും അദ്ദേഹം ചിരിച്ചുതള്ളുമായിരുന്നു. ഒടുവില്‍ കോട്ടയത്തെ കോണ്‍ഗ്രസുകാരും ഷിബു മന്ത്രിയും സത്യാവസ്ഥ മാണിസാറിനെ പഠിപ്പിച്ചതോടെയാണ് കളിമാറുന്നത്.

പി സി ജോര്‍ജിനെ ഇനി ഇങ്ങനെ മേയ്ക്കാന്‍ വിട്ടാല്‍ കോട്ടയത്തെ പാര്‍ലമെന്റ് സീറ്റില്‍ ആസനം ഉറപ്പിക്കാന്‍ മകന്‍ ജോസ് കെ മാണിക്ക് ഭാവിയുണ്ടാകില്ലെന്ന ബോധ്യം മാണിസാര്‍ വൈകിയെങ്കിലും തിരിച്ചറിയുന്നു. പി സി ജോര്‍ജിന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നോ, ഒടുവില്‍ ക്ഷമകെടുമ്പോള്‍ പി സി ജോര്‍ജിന്റെ അഭിപ്രായം പാര്‍ട്ടിയുടെ അഭിപ്രായമല്ലാ എന്നൊക്കെയാണ് മാണി നേരത്തെ മാധ്യമങ്ങളുടെ മുന്നില്‍ മുരടനക്കിയിരുന്നത്. മാണിയുടെ ഉറച്ചപിന്തുണയോടെ ആയിരുന്നു ജോര്‍ജിന്റെ വാചക കസര്‍ത്തുകളെല്ലാം. പക്ഷേ ചോറുതന്ന കൈക്ക് തന്നെ പൂഞ്ഞാറുകാരന്‍ കൊത്തുമെന്ന് ബോധ്യപ്പെട്ടതോടെയാണ് മാണിയുടെ പുതിയ നീക്കം. ജോസ് കെ മാണിയോടുള്ള പി സി ജോര്‍ജിന്റെ ശത്രുത കേരള കോണ്‍ഗ്രസുകാര്‍ക്കിടയില്‍ നേരത്തെതന്നെ സംസാരവിഷയമാണ്.

കേരള കോണ്‍ഗ്രസില്‍ മാണിക്ക് പിന്നില്‍ രണ്ടാമനാകാനാണ് പി സി ജോര്‍ജിന്റെ ശ്രമം. ഇതിനായി പി ജെ ജോസഫിനെയും സി എഫ് തോമസിനെയും വെട്ടിനിരത്താനും ജോസ് കെ മാണിയെ ഒതുക്കാനും ആവുന്നത്ര ശ്രമിച്ചുവരികയാണ് പി സി ജോര്‍ജ്. പണ്ടും കുഞ്ഞുമോന്‍ മാണിക്ക് പണികൊടുക്കാന്‍വേണ്ടി ബി ജെ പിക്കാരനായിരുന്ന പി സി തോമസിനെ ജയിപ്പിക്കാന്‍ കൂട്ടുനിന്ന പാരമ്പര്യമാണ് ജോര്‍ജിനുള്ളത്. കോണ്‍ഗ്രസുകാരെ ഡയലോഗടിപ്പിച്ച് ചൊടിപ്പിച്ചാല്‍ ജോസ് മോന് കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ പണി പാലുംവെള്ളത്തില്‍ കൊടുത്തോളുമെന്ന് ജോര്‍ജിന് നന്നായി അറിയാം. അതേസമയം കോണ്‍ഗ്രസിനെ പിണക്കിയാല്‍ കോട്ടയത്ത് പോയിട്ട് പാലായില്‍ പോലും രണ്ടില പോയിട്ട് വേരുപോലും കിളിര്‍ക്കില്ലെന്ന് മാണിയും മനസിലാക്കി തുടങ്ങി.

കാര്യങ്ങള്‍ എന്തായാലും പി സി ജോര്‍ജ് എന്ന മഹാ അജണ്ട ചര്‍ച്ചചെയ്യാന്‍ ബുധനാഴ്ച തിരുവനന്തപുരത്ത് മാണി സാര്‍ അടിയന്തിര കേരള കോണ്‍ഗ്രസ് യോഗം വിളിച്ചിരിക്കുകയാണ്. കളിച്ചുകളിച്ച് തന്റെ അടിവേരിനിട്ട് വെട്ടാന്‍ നില്‍ക്കുന്ന പി സി ജോര്‍ജിനോട് ഇനി ചീഫ് വി(ഴു)പ്പ് ഭാണ്ഡം ചുമക്കേണ്ടന്ന് മാണി ആവശ്യപ്പെടും. ഒന്നുകില്‍ സാധാരണ ഒരു എം എല്‍ എ ആയി തുടരുക. അല്ലെങ്കില്‍ പാര്‍ട്ടിവിട്ട് സ്വതന്ത്രനായി തുടരുക. ഇതാണ് മാണി സാര്‍ ജോര്‍ജിനുവേണ്ടി കരുതി വച്ചിരിക്കുന്ന സാരോപദേശം. മുതിര്‍ന്ന നേതാവും വാഴൂര്‍ എം എല്‍ എയുമായ പ്രൊഫ.എന്‍ ജയരാജിന് ചീഫ് വിപ്പ് സ്ഥാനം നല്‍കാനാണ് പാര്‍ട്ടിയില്‍ ഭൂരിപക്ഷ തീരുമാനം.

You must be logged in to post a comment Login