മാതാപിതാക്കള്‍ വനത്തില്‍ ഇറക്കിവിട്ട ബാലനെ 5 ദിവസത്തിന് ശേഷം കണ്ടെത്തി; ഇറക്കിവിടാന്‍ കാരണം മകന്റെ കുസൃതി

സൈന്യം ഉള്‍പ്പെടെ 180 ലധികം പേര്‍ അടങ്ങിയ സംഘം അഞ്ചുദിവസമായി നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

boy-1

ടോക്കിയോ: വികൃതി കാട്ടിയതിന് മാതാപിതാക്കള്‍ കാട്ടിലുപേക്ഷിച്ച് പോയ ജപ്പാന്‍ ബാലനെ അഞ്ചുദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി. ഹൊക്കൈഡോയിലെ ഏഴുവയസുകാരനായ യാമാറ്റോ തനൂക്കയെയാണ് തിരച്ചിലിനൊതുവില്‍ കണ്ടെത്തിയത്. അനുസരണക്കേട് കാട്ടിയതിനാണ് മാതാപിതാക്കള്‍ കുട്ടിയെ കാടിനു സമീപമുള്ള റോഡില്‍ ഒറ്റയ്ക്ക് നിര്‍ത്തിയശേഷം പോയത്. അല്‍പ്പസമയത്തിന് ശേഷം തിരിച്ചെത്തിയെങ്കിലും കുട്ടിയെ കാണുന്നുണ്ടായിരുന്നില്ല.

ഇതേ തുടര്‍ന്ന് സൈന്യം ഉള്‍പ്പെടെ 180 ലധികം പേര്‍ അടങ്ങിയ സംഘം അഞ്ചുദിവസമായി നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. സൈനികര്‍ വ്യായാമം ചെയ്യുന്ന സ്ഥലത്തുള്ള ഒരു കുടിലില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒറ്റയ്ക്കായപ്പോള്‍ ഭയന്നുപോയ കുട്ടി അഞ്ച് കിലോമീറ്ററോളം നടന്ന് കുടിലില്‍ അഭയം തേടുകയായിരുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെ കുട്ടി അവശനിലയിലായിരുന്ന കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

ധാരാളം വന്യമൃഗങ്ങളുള്ള കാടായതിനാല്‍ കുട്ടിയെ ജിവനോടെ കണ്ടെത്താനാകുമോ എന്ന ആശങ്കയുയര്‍ന്നിരുന്നു. കുട്ടിയുടെ പിതാവ് മകനോടും രക്ഷാപ്രവര്‍ത്തകരോടും മാപ്പുപറയുകയും രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി പറയുകയും ചെയ്തു.

കുട്ടിയെ വനത്തിലുപേക്ഷിച്ച മാതാപിതാക്കള്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന പൊലീസ് അറിയിച്ചു.

You must be logged in to post a comment Login