മാധ്യമങ്ങളെ അധിക്ഷേപിച്ച് മുഖ്യമന്ത്രി; കരിങ്കൊടി കാട്ടിയത് ചാനലുകള്‍ വാടകയ്‌ക്കെടുത്തവര്‍

Pinarayi-Vijayan-Cabinet

തിരുവനന്തപുരം: കരിങ്കൊടി കാട്ടിയതു ചാനലുകള്‍ വാടകയ്ക്ക് എടുത്തവരെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ഗസ്റ്റ് ഹൗസിനു പുറത്തുവച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി നിലപാട് ആവര്‍ത്തിച്ചത്. ചിലര്‍ ഇത്തരം കാര്യങ്ങള്‍ മുന്‍പും ചെയ്തിട്ടുണ്ട്. അങ്ങനെ ആളെയും കൂട്ടിപ്പോയി ചെയ്യുന്നവരല്ലേ നിങ്ങളെന്നു മുഖ്യമന്ത്രി മാധ്യമങ്ങളോടു ചോദിച്ചു. കണ്ട കാര്യമാണ് പറഞ്ഞത്. പോസ്റ്റര്‍ ഒട്ടിക്കും, അതു നിങ്ങള്‍ത്തന്നെ വാര്‍ത്തയാക്കുന്നു. നിരാഹാരം തുടങ്ങിയവര്‍ത്തന്നെ അതു അവസാനിപ്പിക്കേണ്ടിവരും, മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വാശ്രയ പ്രശ്‌നത്തില്‍ മാധ്യമങ്ങള്‍ക്കു വേണ്ടി വാടകയ്‌ക്കെടുത്തവരാണ് തനിക്കെതിരെ കരിങ്കൊടി കാണിച്ചതെന്നു പിണറായി വിജയന്‍ നിയമസഭയ്ക്കുള്ളില്‍വച്ച് ആരോപിച്ചിരുന്നു.

യൂത്ത് കോണ്‍ഗ്രസിനെ അപമാനിക്കാനായിരുന്നില്ല പരാമര്‍ശമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അവരാരും ഇങ്ങനെയൊരു സംഭവത്തിനു മുതിരുമെന്നു തോന്നുന്നില്ല. യൂത്ത് കോണ്‍ഗ്രസിനെ അപമാനിക്കാന്‍ വേണ്ടിയല്ല പ്രസ്താവനയെങ്കില്‍ അതു മാധ്യമങ്ങളെ ഉദ്ദേശിച്ചാണോ എന്ന ചോദ്യത്തിന് കേരളത്തിലെ മാധ്യമങ്ങള്‍ക്ക് അങ്ങനെയൊരു ചരിത്രമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വാശ്രയ പ്രശ്‌നത്തില്‍ നിയമസഭയ്ക്കകത്തും പുറത്തുമുള്ള പ്രതിപക്ഷ പ്രതിഷേധത്തെ കടുത്ത പരിഹാസത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടത്. മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം നടുത്തളത്തിലെത്തിയിരുന്നു.

You must be logged in to post a comment Login