മാധ്യമങ്ങള്‍ വര്‍ഗീയതയ്ക്ക് സമരസപ്പെടുന്നു; ഇവരെ നിയന്ത്രിക്കുന്നത് കുത്തകകള്‍: പിണറായി

മംഗളൂരു: മതനിരപേക്ഷ പക്ഷത്താണ് തങ്ങളെന്ന് മാധ്യമങ്ങള്‍ പറയുന്നുണ്ടെങ്കിലും വര്‍ഗീയതയുമായി മാധ്യമങ്ങള്‍ സമരസപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് മാറ്റാന്‍ തയ്യാറാവണം. വലിയ കുത്തകകളാണ് ഇന്ന് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് വേണ്ടി മാധ്യമങ്ങള്‍ക്ക് ശബ്ദമുയര്‍ത്തേണ്ടിയും വരുന്നുണ്ട്. ഇതില്‍ നിന്നും മാധ്യമങ്ങള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു. മംഗളൂരുവില്‍ വാര്‍ത്താഭാരതി പത്രത്തിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാ മാധ്യമങ്ങള്‍ക്കും അവരുടേതായ പക്ഷമുണ്ടെങ്കിലും അത് നാടിന്റെ നന്മയ്ക്കും പാവപ്പെട്ടവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമാവണം. മാധ്യമങ്ങള്‍ക്ക് ഇന്ന് സമൂഹത്തില്‍ വലിയ സ്വാധീനമുണ്ട്. പക്ഷെ അവര്‍ പിന്തിരിപ്പന്‍ ശക്തികള്‍ക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ തയ്യാറാവണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

വളരെ കുറഞ്ഞ എണ്ണത്തിലുള്ളവര്‍ മാത്രമേ ഇന്ന് രാജ്യത്ത് സാമ്പത്തികമായി മുന്നിട്ട് നില്‍ക്കുന്നുള്ളൂ. പക്ഷെ അവര്‍ക്ക് വേണ്ടി വാദിക്കാനാണ് ഇന്ന് മാധ്യമങ്ങള്‍ തയ്യാറാവുന്നത്. എന്നാല്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന ചെറിയ മാധ്യമങ്ങളും ഇന്ന് രാജ്യത്തുണ്ട്. അവര്‍ക്ക് ജനനന്മയ്ക്ക് വേണ്ടി ഒരു പാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

You must be logged in to post a comment Login