മായാത്ത സ്മരണകള്‍…

ഡോ: കെ സി ചാക്കോ


പത്മശ്രീ അഡ്വ.സി കെ മേനോന്‍ ഇനി ഓര്‍മ്മകളില്‍ മാത്രമാണ് എന്ന ദുഃഖാ കുലമായ വിധി കല്പിതത്തെ അഭിമുഖീകരിക്കുമ്പോള്‍ , അദ്ദേഹവുമായി സൗഹൃദപാതയില്‍ നാല് പതിറ്റാണ്ട് സഞ്ചരിച്ചതിന്റെ നിറവാര്‍ന്ന ഓര്‍മ്മകള്‍ ആണ് എന്റെ മനസിലിപ്പോള്‍. ഹൈക്കോടതിയിലെ അഭിഭാഷക വൃത്തിയില്‍ നിന്ന് ഖത്തറിലെത്തിയ അദ്ദേഹം ,ഒരു വ്യവസായ സംരഭകന്‍ എന്ന നിലയിലും പ്രവാസികളുടെ ആശ്രയ കേന്ദ്രമായ തോഴന്‍ എന്ന നിലയിലും സര്‍വോപരി കറതീര്‍ന്ന മനുഷ്യസ്‌നേഹി എന്ന തലത്തിലും മാതൃകാപരമായ ജീവിതം കൊണ്ട് തന്റേതായ മുദ്ര പതിപ്പിക്കുകയായിരുന്നു.

1976 മുതലാണ് അദ്ദേഹവും ഞാനുമായുള്ള ബന്ധം തുടങ്ങുന്നത്. അടുക്കുന്ന ആരുമായും സഹോദര തുല്യമായ ഒരു ഭാവം സൂക്ഷിക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.സുഹൃത്ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഒരു സവിശേഷ സിദ്ധി തന്നെയായിരുന്നു മേനോനുണ്ടായിരുന്നത്. നാലു പതിറ്റാണ്ടിലേറെ നീണ്ട ഞങ്ങളുടെ ബന്ധത്തിനിടയില്‍ ഒട്ടേറെ തവണ ഒന്നിച്ച് ഞങ്ങള്‍ യാത്ര ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും യൂറോപ്യന്‍ രാജ്യങ്ങളില്‍ . ഓരോ രാജ്യങ്ങളിലേയും അദ്ദേഹത്തിന്റെ വിപുലമായ സൗഹൃദങ്ങള്‍ ആരിലും വിസ്മയമുണ്ടാക്കുന്നതാണ്. ഒന്നിച്ചുള്ള ആ യാത്രകള്‍ എനിക്ക് സമ്മാനിച്ച ഹൃദ്യാനുഭവങ്ങള്‍ എന്നെന്നും എന്നിലുണ്ടാകും. തനിക്കു ചുറ്റുമുള്ള മനുഷ്യരുടെ പ്രശ്നങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്ന കാരുണ്യമുള്ള ഒരു മനസിനുടമയായിരുന്നു അദ്ദേഹം . ഇത്ര ദീനാനുകമ്പയും സഹജീവി സ്‌നേഹമുള്ള ഒരു മനുഷ്യ സ്‌നേഹിയെ എന്റെ ദീര്‍ഘമായ പ്രവാസ ജീവിതത്തിനിടയില്‍ ഞാന്‍ കണ്ടിട്ടില്ല. വലിയ വ്യവസായ സാമ്രാജ്യത്തിനുടമയായിരിക്കുമ്പോഴും സ്വന്തം ജീവനക്കാരുടേയും ഒപ്പമുള്ളവരുടേയും ചെറിയ പ്രശ്‌നങ്ങളില്‍ പോലും അദ്ദേഹത്തിന്റെ ശ്രദ്ധ ചെന്നെത്തുമായിരുന്നു. കഠിനാധ്വാനവും ഭാവനാപൂര്‍ണ്ണവും കാര്യക്ഷമവുമായ ആസൂത്രണവും കൊണ്ടാണ് അദ്ദേഹം ഈ വലിയ നിലയില്‍ എത്തിച്ചേര്‍ന്നത്. താന്‍ വളരുന്നതിനൊപ്പം കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ക്ക് കഴിയുന്നത്ര സേവനങ്ങള്‍ ചെയ്യാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. രാജ്യത്തിന്റെ പ്രത്യേകിച്ചും കേരളത്തിന്റെ വികസന വിഷയത്തില്‍ അദ്ദേഹം എന്നും മനസൂന്നിയിരുന്നു. അദ്ദേഹത്തിന്റെ മറ്റൊരു വിശേഷപ്പെട്ട സ്വഭാവഗുണമായിരുന്നു എല്ലാ മതങ്ങളോടും പുലര്‍ത്തിയിരുന്ന സമഭാവ സമീപനം. ക്ഷേത്രങ്ങളുടേയും മോസ്‌കുകളുടേയും പള്ളികളുടേയും എല്ലാം അഭിവൃദ്ധിക്കു വേണ്ടി വിവേചനമില്ലാതെ അദ്ദേഹം നിര്‍ലോഭം സഹകരിക്കുമായിരുന്നു.മേനോന്റെ വിയോഗത്തിലൂടെ കേരളത്തിന്റെ ഒരു കൈത്താങ്ങ് ആണ് നഷ്ടമായിരിക്കുന്നത് എന്നാണ് എനിക്കു തോന്നുന്നത്. അദേഹമായുള്ള സ്‌നേഹ ബന്ധത്തിനു പുറമേ അവസാന കാലത്ത് , ചികിത്സാ സംബന്ധമായ കാര്യങ്ങളിലും ഒരു ഡോക്ടര്‍ എന്ന നിലയില്‍ ഒപ്പം നില്‍ക്കുവാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. രോഗാവസ്ഥയില്‍ ആ പ്രിയപ്പെട്ട സ്‌നേഹിതന്റെ ഒപ്പമുണ്ടാകാന്‍ കഴിഞ്ഞത് ഒരു നിയോഗമായി തന്നെയാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തില്‍ നിന്ന് സമൂഹത്തിന് ഇനിയുമേറെ പ്രതീക്ഷിക്കാനുണ്ടായിരുന്നു. അകാലത്തില്‍ അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു എന്നത് ഏറെ വേദനാ കരമായ ഒന്നാണ്. ആ പുണ്യാത്മാവിന് നിത്യശാന്തി കിട്ടുവാന്‍ പ്രാര്‍ത്ഥിക്കുക മാത്രമല്ലേ നമുക്കു കഴിയൂ.. അതോടൊപ്പം കുടുംബാംഗങ്ങളുടേയും മറ്റുള്ളവരുടേയും ദുഃഖത്തില്‍ ഞാനും പങ്കു ചേരുന്നു.

 

You must be logged in to post a comment Login