മാരുതിയുടെ പുതിയ സ്വിഫ്റ്റ് അടുത്ത ഫെബ്രുവരിയില്‍

മാരുതി സുസുക്കിയുടെ ജനപ്രിയ വാഹനമായ സ്വിഫ്റ്റിന്റെ പുതിയ വകഭേദം അടുത്ത ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെന്ന് സൂചന. 2018 ഫെബ്രുവരി 9 മുതല്‍ 14 വരെ ന്യൂഡല്‍ഹിയില്‍ വച്ച് നടക്കുന്ന ഓട്ടോഎക്‌സ്‌പോയില്‍ വെച്ച് മാരുതി പുതിയ സ്വിഫ്റ്റ് പുറത്തിറക്കും. കഴിഞ്ഞ വര്‍ഷമാദ്യം ജപ്പാനില്‍ പുറത്തിറങ്ങിയ സ്വിഫ്റ്റിന്റെ യൂറോപ്യന്‍ പതിപ്പ് ഏപ്രിലില്‍ പുറത്തിറങ്ങുമെന്നു സുസുക്കി അറിയിച്ചിരുന്നു.

ജപ്പാന്‍, യൂറോപ്പ് പതിപ്പുകളില്‍ നിന്നു ചെറിയ വ്യത്യാസങ്ങളുമായിട്ടായിരിക്കും കാര്‍ ഇന്ത്യയിലെത്തുക. രാജ്യത്തെ സാഹചര്യങ്ങള്‍ക്കും ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്കും അനുസരിച്ചു വാഹനത്തിനു മാറ്റങ്ങള്‍ വരുത്തുമെന്നു കമ്പനി. സുസുക്കിയുടെ പുതിയ ഹാര്‍ടെക്‌സ് പ്ലാറ്റ്‌ഫോമിലാണ് പുതിയ സ്വിഫ്റ്റിന്റെ നിര്‍മാണം. മാരുതിയുടെ പ്രിമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴിയായിരിക്കില്ല പുതിയ സിഫ്റ്റ് വില്‍പ്പനയ്‌ക്കെത്തുക.

ബലേനൊയിലൂടെ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ച 1 ലീറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എന്‍ജിനും പുതിയ സ്വിഫ്റ്റില്‍ ഇടം പിടിച്ചേക്കാം. കൂടാതെ 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും പുതിയ 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനും പുതിയ സ്വിഫ്റ്റിലുണ്ടാകും. മാരുതിയുടെ ഏറ്റവുമധികം വില്‍പ്പനയുള്ള കാറുകളിലൊന്നായ സ്വിഫ്റ്റിന്റെ പുതിയ വകഭേദം കൂടുതല്‍ ജനപ്രിയമാകും എന്നാണു കമ്പനിയുടെ പ്രതീക്ഷ.

You must be logged in to post a comment Login