മാരുതി കാറിനായി ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ 1.5 ലക്ഷത്തോളം പേര്‍

 

മാരുതി സുസുക്കി ഇന്ത്യയില്‍ നിന്നുള്ള കാറുകള്‍ ബുക്ക് ചെയ്തു കാത്തിരിക്കുന്നത് ഒന്നര ലക്ഷത്തോളം പേര്‍. പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനോ’, കോംപാക്ട് എസ്‌യുവിയായ ‘വിറ്റാര ബ്രെസ’, എന്‍ട്രി ലവല്‍ സെഡാനായ ‘ഡിസയര്‍’ എന്നിവയ്ക്കു മാത്രമാണ് ഇത്രയേറെ പേര്‍ കാത്തിരിക്കുന്നത്. ഉല്‍പ്പാദനം ഗണ്യമായി ഉയര്‍ത്തിയെങ്കിലും പുത്തന്‍ ‘ബലേനോ’ ലഭിക്കണമെങ്കില്‍ 16 ആഴ്ച വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ആവശ്യപ്പെടുന്നതു ‘വിറ്റാര ബ്രെസ’യെങ്കില്‍ കാത്തിരിപ്പ്കാലം 22 ആഴ്ച വരെ ഉയരുമെന്നു കമ്പനി മാനേജ്‌മെന്റ് വ്യക്തമാക്കുന്നു.

വിപണിയുടെ ആവശ്യത്തിനൊത്ത് പല കാറുകളും ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്നില്ലെങ്കിലും അടുത്ത മാര്‍ച്ചിനകം ചില പുത്തന്‍ മോഡലുകള്‍ അവതരിപ്പിക്കാന്‍ മാരുതി സുസുക്കി തയാറെടുക്കുന്നുണ്ട്. എസ്‌യു വിയായ ‘എസ് ക്രോസി’ന്റെ പുത്തന്‍ വകഭേദം, പുതിയ ‘സ്വിഫ്റ്റ്’, ‘വിറ്റാര ബ്രെസ’യുടെ പെട്രോള്‍ പതിപ്പ് തുടങ്ങിയവയാണു കമ്പനി വരുംമാസങ്ങളില്‍ പുറത്തിറക്കുക. നേരത്തെ ‘ബലേനോ ആര്‍ എസ്’, ‘ഡിസയര്‍’ എന്നിവ മാരുതി സുസുക്കി അവതരിപ്പിച്ചിരുന്നു.

പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ യാത്രാവാഹന വിഭാഗത്തില്‍ മാരുതി സുസുക്കിയുടെ വിപണി വിഹിതം 50.50% ആയി ഉയര്‍ന്നിരുന്നു. 2016 – 17ന്റെ ആദ്യ പാദത്തില്‍ 46.2% ആയിരുന്നു കമ്പനിയുടെ വിപണി വിഹിതം. ‘വിറ്റാര ബ്രെസ’യുടെ തകര്‍പ്പന്‍ പ്രകടനം പിന്‍ബലം കൊടുത്തതോടെ യൂട്ടിലിറ്റി വാഹന വിപണിയിലും നേതൃസ്ഥാനം സ്വന്തമാക്കാന്‍ മാരുതി സുസുക്കിക്കു കഴിഞ്ഞിട്ടുണ്ട്.

ഗുജറാത്തിലെ പുതിയ ശാലയില്‍ നിന്നു കഴിഞ്ഞ ഏപ്രില്‍ – ജൂണ്‍ ത്രൈമാസത്തില്‍ 24,000 കാറുകളും മാരുതി സുസുക്കി ഉല്‍പ്പാദിപ്പിച്ചു. വരുന്ന മാര്‍ച്ചോടെ ഈ ശാലയില്‍ നിന്നു പൂര്‍ണതോതിലുള്ള ഉല്‍പ്പാദനം സാധ്യമാവുമെന്നാണു മാരുതി സുസുക്കിയുടെ പ്രതീക്ഷ. ഇതോടെ ‘ബലേനോ’യുടെയും ‘വിറ്റാര ബ്രെസ’യുടെയും ഉല്‍പ്പാദനത്തിലെ പോരായ്മകള്‍ മറികടക്കാനും ഇരു മോഡലുകളുടെയും ലഭ്യത മെച്ചപ്പെടുത്താനും കഴിയുമെന്നും കമ്പനി കണക്കുകൂട്ടുന്നു. 2019ല്‍ തന്നെ ഗുജറാത്ത് ശാലയിലെ രണ്ടാമത് അസംബ്ലി ലൈന്‍ പ്രവര്‍ത്തനസജ്ജമാക്കാനും മാരുതി സുസുക്കി ലക്ഷ്യമിടുന്നുണ്ട്.

You must be logged in to post a comment Login