മാരുതി ന്യൂജെൻ ഡിസയറുകളെ തിരിച്ച് വിളിക്കുന്നു

മാരുതി പുത്തൻ തലമുറ ഡിസയർ കോമ്പാക്ട് സെഡാനുകളെ തിരിച്ച് വിളിക്കുന്നു. റിയർ വീൽ ഹബ്ബിലുണ്ടായ നിർമ്മാണ പിഴവിനെ തുടർന്നാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 23നും ജൂലായ് 10നും ഇടയ്ക്ക് നിർമാണം നടത്തിയ 21,494 യൂണിറ്റുകളിലാണ് പിഴവ് കണ്ടെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മാരുതി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഓക്ടോബർ മുതൽ പ്രശ്ന സാധ്യതയുള്ള ഡിസയർ ഉപഭോക്താക്കളെ ഡീലർഷിപ്പുകാർ ബന്ധപ്പെട്ട് വരികയാണെന്നാണ് വെബ്സൈറ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. പിഴവുകളുള്ള ഡിസയറുകളെ തിരിച്ച് വിളിച്ച് റിയൽ വീൽ ഹബ്ബ് മാറ്റി നൽകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് സമീപത്തുള്ള മാരുതി സർവീസ് സെന്‍ററിൽ നിന്നും കാർ പരിശോധിപ്പിക്കാവുന്നതാണ്.

പിഴവ് കണ്ടെത്തുന്ന പക്ഷം സൗജന്യമായി തന്നെ സർവീസ് സെന്‍ററിൽ നിന്നും റിയൽ വീൽ ഹബ്ബ് മാറ്റി നൽകുന്നതായിരിക്കും. മാരുതിയുടെ വെബ്സൈറ്റ് വഴി കാറിന്‍റെ വെഹിക്കിൾ ഐഡന്‍റിഫിക്കേഷണ നമ്പർ അതായത് MA3 യ്ക്ക് ശേഷമുള്ള 14 അക്ക നമ്പർ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് തന്നെ നിർമാണ പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.

കോമ്പാക്ട് സെഡാൻ സെഗ്മെന്‍റിൽ മാരുതിയുടെ പെരുമ വർധിപ്പിച്ചൊരു മോഡലായിരുന്നു ന്യൂജെൻ ഡിസയർ. നിരത്തിലെത്തി അഞ്ച് മാസങ്ങൾക്കുള്ളിൽ തന്നെ വില്പന ഒരു ലക്ഷം യൂണിറ്റുകൾ പിന്നിട്ടിരുന്നു. ഇന്‍റീരിയറിലും എക്സ്റ്റീരിയറിലും ഒരുപോലെ പരിഷ്കാരങ്ങൾ വരുത്തി അവതരിച്ച ഡിസയറിന് വിപണിയിൽ വർധിച്ച ഡിമാന്‍റായിരുന്നു ഉണ്ടായിരുന്നത്.

You must be logged in to post a comment Login