മാരുതി ബലേനോ ആല്‍ഫ ഓട്ടോമാറ്റിക് ഇന്ത്യയില്‍

വിപണിയില്‍ തരംഗമായി കുതിക്കുന്ന പ്രീമിയം ഹാച്ച്ബാക് ബലേനോയ്ക്ക് പുതിയ ഓട്ടോമാറ്റിക് വകഭേദവുമായി മാരുതി സുസുക്കി. നേരത്തെ ഡെല്‍റ്റ, സീറ്റ വകഭേദങ്ങളിലാണ് ബലേനോയ്ക്ക് ഓട്ടോമാറ്റിക്കുണ്ടായിരുന്നത്. അതുകൂടാതെയാണ് ടോപ് വേരിയന്റായ 1.2 ലീറ്റര്‍ ആല്‍ഫ പെട്രോള്‍ ഓട്ടോമാറ്റിക് അവതരിപ്പിച്ചിരിക്കുന്നത്. 8.34 ലക്ഷം രൂപയാണ് ആല്‍ഫ ഓട്ടോമാറ്റിക്കിന്റെ ന്യൂഡല്‍ഹി എക്‌സ്‌ഷോറൂം വില.

നിരത്തിലെത്തി വെറും 20 മാസത്തില്‍ രണ്ടു ലക്ഷം യൂണിറ്റ് വില്‍പ്പന ബലേനോ സ്വന്തമാക്കിയിരുന്നു. 2015 ഒക്ടോബറില്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ തകര്‍പ്പന്‍ വില്‍പ്പന കൈവരിച്ചാണു ‘ബലേനോ’യുടെ മുന്നേറ്റം. ഏതാനും മാസം മുമ്പ് വിപണിയിലെത്തിയ, ഒരു ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് എന്‍ജിനുള്ള സ്‌പോര്‍ട്ടി പതിപ്പായ ‘ബലേനോ ആര്‍ എസി’ന്റെ വില്‍പ്പന കണക്കിലെടുക്കാതെയാണ് മാരുതി സുസുക്കി ഈ തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയത്.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെയാണ് നിലവിലെ ‘ബലേനോ’ വില്‍പനയ്ക്കുള്ളത്; 1.2 ലിറ്റര്‍, വി വി ടി പെട്രോള്‍, 1.3 ലിറ്റര്‍, ഡി ഡി ഐ എസ് ഡീസല്‍ എന്‍ജിനുകളാണു കാറിന് കരുത്തേകുന്നത്. ‘സ്വിഫ്റ്റി’ലെ പെട്രോള്‍ എന്‍ജിന്റെ ട്യൂണിങ് പരിഷ്‌കരിച്ചു ‘ബലേനോ’യിലെത്തുമ്പോള്‍ പരമാവധി 83 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കുമാണു സൃഷ്ടിക്കുന്നത്. പലതവണ മികവു തെളിയിച്ച 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനാവട്ടെ പരമാവധി 74 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കുമാണു സൃഷ്ടിക്കുക. പെട്രോള്‍ വകഭേദത്തില്‍ മാത്രമാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ളത്. ഡീസല്‍ എന്‍ജിനു കൂട്ട് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രം.

You must be logged in to post a comment Login