മാര്‍പാപ്പയുടെ യുഎഇയിലെ പൊതുപരിപാടി ഇന്ന്; സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയം മനുഷ്യക്കടലാവും

അബുദാബി: യുഎഇയിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊതുപരിപാടി ഇന്ന്. സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് പരിപാടി. മാര്‍പാപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കും പൊതു പരിപാടിക്കുമായി വിവിധ എമിറേറ്റുകളില്‍നിന്നും ലോകത്തിന്റെ പല കോണുകളില്‍നിന്നുമുള്ള 1.35 ലക്ഷം ആളുകളാണ് എത്തുന്നത്. ഇവരില്‍ 1.20 ലക്ഷം ആളുകള്‍ സ്റ്റേഡിയത്തിനകത്തും പതിനയ്യായിരത്തോളം ആളുകള്‍ സ്റ്റേഡിയത്തിന് പുറത്തുനിന്നും കുര്‍ബാന സ്വീകരിക്കും.

യുഎഇയിലെ ആറ്് കത്തോലിക്കാ ഇടവകകളില്‍നിന്നുള്ള ഇരുന്നൂറോളം വൈദികര്‍ മാര്‍പാപ്പയ്‌ക്കൊപ്പം കുര്‍ബാനയില്‍ പങ്കെടുക്കും. ഇവരില്‍ അമ്പതോളം വൈദികര്‍ മലയാളികളാണെന്ന പ്രത്യേകതകൂടിയുണ്ട്. 45,000 ഇരിപ്പിടങ്ങളാണ് സ്റ്റേഡിയത്തിലെ ഗ്യാലറിയിലുള്ളത്. ബാക്കിയുള്ള 75,000 ആളുകള്‍ക്ക് ഗ്രൗണ്ടടക്കമുള്ള സ്ഥലങ്ങളില്‍ പ്രത്യേകസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍പാപ്പ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തുന്ന പ്രാര്‍ഥനയുടെയും പ്രഭാഷണത്തിന്റെയും ഇംഗ്ലീഷ് വിവര്‍ത്തനം തത്സമയം വിശ്വാസികള്‍ക്ക് ലഭ്യമാക്കും.

സ്റ്റേഡിയത്തിന് പുറത്ത് സ്ഥാപിച്ച പടുകൂറ്റന്‍ സ്‌ക്രീനുകളിലും പരിപാടിയുടെ തത്സമയ സംപ്രേക്ഷണമുണ്ട്. സ്റ്റേഡിയത്തിലേക്ക് ഭക്ഷണ പദാര്‍ഥങ്ങളും പാനീയങ്ങളും കൊണ്ടുപോകുന്നതിന് വിലക്കുണ്ട്. എന്നാല്‍ കുട്ടികളെയും രോഗികളെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിനകത്ത് കുടിവെള്ളം കിട്ടും. പത്തരയ്ക്ക് നടക്കുന്ന പരിപാടികള്‍ക്കായി പുലര്‍ച്ചെ അഞ്ച് മണിയോടെ ഗേറ്റുകള്‍തുറക്കും.

You must be logged in to post a comment Login