മാറാത്ത തലവേദനയ്ക്കും മരുന്നുണ്ട്

nktm0152193

പല രീതിയില്‍ അനുഭവപ്പെടുന്ന അസ്വസ്ഥയേറിയ ഒരു വേദനാവസ്ഥയാണ് തലവേദന. വിങ്ങിയുള്ള വേദന, കുത്തിയുള്ള വേദന, കഴപ്പ്, വെട്ടിപ്പൊളിയുന്നതു പോലെയുള്ള വേദന എന്നിങ്ങനെ പലതരത്തിലുണ്ട് തലവേദന. വേദനയുടെ തോതും രീതിയുമനുസരിച്ച് തലവേദനയുടെ കാരണങ്ങള്‍ പലതാണ്.

ക്ഷീണം, ഉറക്കക്കുറവ്, ജോലിയുടെ സമ്മര്‍ദ്ദം, പൊതുവേയുള്ള ടെന്‍ഷന്‍ എന്നിവ സാധാരണ തലവേദനയ്ക്ക് കാരണമാകാറുണ്ട്. എന്നാല്‍ പനി, ജലദോഷം, സൈനസൈറ്റിസ്, മൈഗ്രെയിന്‍, ചില മരുന്നുകളുടെ അമിതോപയോഗം, പല്ല്, മോണ തുടങ്ങിയവയിലെ പ്രശ്‌നങ്ങള്‍, തലയിലെ അണുബാധ, അധികമായ രക്തസമ്മര്‍ദ്ദം, തലയിലേറ്റ ആഘാതം, തലയിലെ ട്യൂമര്‍ എന്നിവ പലപ്പോഴും ഗുരുതരമായ തലവേദനയ്ക്ക് കാരണമാകാറുണ്ട് . ഇവയിലെല്ലാം തലവേദനയുടെ സ്വഭാവവും അളവും പലതായിരിക്കും. എണ്‍പത് ശതമാനം തലവേദനയും വലിയ പ്രശ്‌നക്കാരല്ല. എന്നാല്‍, ബാക്കി ഇരുപതുശതമാനം ഗുരുതരമായ പല അസുഖങ്ങളുടെയും ലക്ഷണമായിരിക്കാം. അതിനാല്‍ അവയെ അവഗണിക്കരുത്. വിട്ടുമാറാത്ത കഠിനമായ തലവേദനയുള്ളവര്‍ തീര്‍ച്ചയായും വൈദ്യസഹായം തേടേണ്ടതാണ

ടെന്‍ഷന്റെ തലവേദന
ചെറിയ കാര്യങ്ങള്‍ക്കുപോലും ടെന്‍ഷനടിക്കുന്നവര്‍ക്ക് സാധാരണയായി തലവേദന വരാറുണ്ട്. അര മണിക്കൂറോ ചിലപ്പോള്‍ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കുന്ന തീവ്രത കുറഞ്ഞ വേദന ആയിരിക്കും അത്. തലയ്ക്ക് ചുറ്റും കഴയ്ക്കുന്ന തരത്തിലുള്ള വേദനയായിരിക്കും ഇത്. വെളിച്ചത്തിനോടും ശബ്ദത്തിനോടും അതൃപ്തി കാണിക്കാന്‍ സാദ്ധ്യതയില്ല.
പനിയും ജലദോഷവും
വിട്ടുമാറാത്തപനിയും ജലദോഷവും, തണുത്ത സാഹചര്യങ്ങള്‍, പൊടിയുമായുള്ള നിരന്തരം സമ്പര്‍ക്കം എന്നിവ കാരണം രോഗിയുടെ സൈനസ് അറകളില്‍ (നെറ്റി,കണ്ണിന് ചുറ്റും മൂക്കിന് ചുറ്റും) അണുബാധ ഉണ്ടായി പഴുപ്പ് ഉണ്ടാക്കുന്നു. ഇത് തലവേദനയായി മാറുന്നു. മേല്‍പറഞ്ഞ ഭാഗങ്ങളില്‍ അധികമായി മര്‍ദ്ദം ചെലുത്തിയാല്‍ രോഗിക്ക് അസഹനീയമായ വേദന അനുഭവപ്പെടും. മൂക്കടപ്പ്, ഗന്ധമറിയാതിരിക്കുക, മഞ്ഞനിറത്തിലുള്ള കഫം സ്രവിക്കുക, ശ്വാസത്തില്‍ ദുര്‍ഗന്ധം ഉണ്ടാകുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

മൈഗ്രെയിന്‍
ചെന്നിക്കുത്ത് എന്ന് നാട്ടിന്‍പുറങ്ങളില്‍ അറിയപ്പെടുന്ന ഈ തലവേദന ചില സമയങ്ങളില്‍ മാത്രമേ രോഗികളെ ബുദ്ധിമുട്ടിക്കാറുള്ളൂ. ഓക്കാനം, ഛര്‍ദ്ദി എന്നിവയും ഉണ്ടാകാം. സമയത്തിന് ഭക്ഷണം കഴിക്കാതെ വിശന്നിരിക്കുന്നവരില്‍ ഇത്തരം വേദന കൂടുതലായി കാണാറുണ്ട്.രക്തസമ്മര്‍ദ്ദം

പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്റെ സാധാരണ രക്തസമ്മര്‍ദ്ദനില 120/80 എംഎം എച്ച്ജി ആണ് 120 എന്നുള്ളത് നൂറ്റിനാല്‍പ്പതോ അതിലധികമോ ആയാല്‍, എണ്‍പത് തൊണ്ണൂറോ അതില്‍ അതിലധികമോ ആയാല്‍ ആ വ്യക്തിക്ക് ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ട് എന്നര്‍ത്ഥം. ഇത്തരം ആള്‍ക്കാരില്‍ രക്തക്കുഴലുകളിലെ മര്‍ദ്ദം കൂടുതലായതിനാല്‍ തലവേദന ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ബി.പി ക്രമാതീതമായി വര്‍ദ്ധിച്ചാല്‍ തലയിലെ ചെറിയ രക്തക്കുഴലുകള്‍ പൊട്ടുന്നതിനും അതുവഴി സ്‌ട്രോക്ക് ഉണ്ടാകുന്നതിനും സാദ്ധ്യതയുണ്ട്. പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുമില്ലാതെ പെട്ടെന്നുണ്ടാകുന്ന അസഹനീയമായ തലവേദനയാണ് ഇതിന്റെ പ്രാരംഭലക്ഷണം. മിക്കവാറും തലയുടെ ഒരു വശത്തായിരിക്കും കുത്തിയുള്ള വേദന അനുഭവപ്പെടാറുള്ളത്.

മെനഞ്ചൈറ്റിസ്
തലയിലെ അണുബാധകൊണ്ടും തലവേദന ഉണ്ടാകാം. ബോധമില്ലാതെ പെരുമാറുക, തലചുറ്റിവീഴുക, പനി എന്നിവയാണ് മെനഞ്ചൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങള്‍. പല്ല്‌വേദന, മോണ വേദന തുടങ്ങിയവയില്‍ തുടങ്ങി തലയിലേക്ക് വ്യാപിക്കുന്നതു കാരണം തലയില്‍ പെരുപ്പും അനുഭവപ്പെടാറുണ്ട്.

കാരണങ്ങള്‍ അറിഞ്ഞുള്ള ചികിത്സയാണ് വേണ്ടത്. ശരിയായ രോഗനിര്‍ണ്ണയ രീതിയിലൂടെ കൃത്യമായി കാരണങ്ങള്‍ മനസിലാക്കണം. ഉറക്കക്കുറവാണ് കാരണമെങ്കില്‍ അവ ഒഴിവാക്കാന്‍ ശ്രമിക്കണം. അണുബാധ, രക്തസമ്മര്‍ദ്ദം തുടങ്ങിയ അവസ്ഥയില്‍ ചികിത്സ വേണ്ടിവരും. പനി, ജലദോഷം, സൈനസൈറ്റിസ്, മൈഗ്രെയിന്‍ തുടങ്ങിയ രോഗാവസ്ഥകളില്‍ നസ്യം ചെയ്യുന്നത് വളരെ ഫലപ്രദമാണ്. വളരെ നാളായുള്ള പഴകിയ കഫത്തെ പുറത്ത് കളയാന്‍ വമനം (ഛര്‍ദ്ദിപ്പിക്കല്‍) ചെയ്യുന്നതും നല്ലതാണ്. ഉചിതമായ മരുന്നുകള്‍ അരച്ചുണ്ടാക്കിയ ലേപനം നെറ്റയില്‍ തേച്ചിടാവുന്നതാണ്. കണ്ണുകള്‍ക്ക് വേണ്ടി അക്ഷിതര്‍പ്പണവും ചെയ്യാം

You must be logged in to post a comment Login