മാറ്റിവെച്ച ബി.ടെക് പരീക്ഷ നാളെ മുതല്‍

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല മാറ്റിവെച്ച ബി.ടെക് ഒന്ന്, മൂന്ന് സെമസ്റ്റര്‍ പരീക്ഷ ജനുവരി ആറിന് തുടങ്ങും. സര്‍വകലാശാലയുടെ ഇ ഗവേണന്‍സ് സംവിധാനത്തിലൂടെയാണ് ചോദ്യപേപ്പര്‍ നല്‍കുക. ടെക്‌നോപാര്‍ക്കിലെ സ്റ്റേറ്റ് ഡേറ്റാ സെന്ററിനാണ് സര്‍വകലാശാലയുടെ ഈ സംവിധാനത്തിന്റെ ചുമതല. ഓരോ പരീക്ഷയ്ക്കും ഒന്നിലധികം സെറ്റ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കും. ഇവ അപ്‌ലോഡ് ചെയ്യും.

പരീക്ഷയ്ക്ക് ഒരുമണിക്കൂര്‍മുമ്പ് പരീക്ഷാ കണ്‍ട്രോളറാണ് ഇതില്‍ ഏതുസെറ്റ് ചോദ്യം വേണമെന്ന് തീരുമാനിക്കുക. പാസ്‌വേര്‍ഡ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കും. ഇതുപയോഗിച്ചേ ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യാനാകൂ. വീണ്ടും നല്‍കുന്ന പാസ്‌വേര്‍ഡ് ഉപയോഗിച്ചേ ചോദ്യപേപ്പര്‍ വായിക്കാനാകൂ. തുടര്‍ന്ന്, ഇവയുടെ പ്രിന്റ് എടുത്ത് ഉപയോഗിക്കാം.

സര്‍വകലാശാല നിയോഗിക്കുന്ന നിരീക്ഷകന്റെ സാന്നിധ്യത്തിലാണ് ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുക. ഈ നടപടികളെല്ലാം റെക്കോഡ് ചെയ്യും. സ്വകാര്യ ഏജന്‍സികള്‍ക്ക് പരീക്ഷാ നടത്തിപ്പില്‍ ബന്ധമില്ലെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

ക്രിസ്മസിനുമുമ്പ് പരീക്ഷ നടത്താനാണ് നിശ്ചയിച്ചിരുന്നത്. നടത്തിപ്പില്‍ സ്വകാര്യ ഏജന്‍സിക്ക് പങ്കാളിത്തമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയതോടെയാണ് പരീക്ഷ മാറ്റിയത്.

You must be logged in to post a comment Login