മാലിന്യവിനിയോഗത്തിന് മത്സ്യം

ജൈവ മാലിന്യങ്ങള്‍ ഉല്‍കൃഷ്ടമായ ഉത്പന്നങ്ങളാക്കാവുന്ന സംരംഭമാണ് മത്സ്യക്കൃഷി. ജൈവ വസ്തുക്കള്‍ ചീഞ്ഞളിഞ്ഞുണ്ടാകുന്ന സൂക്ഷ്മ സസ്യങ്ങളും ചെറുപ്രാണികളും ആണ് മത്സ്യങ്ങളുടെ മുഖ്യ ആഹാരം. ജൈവ വസ്തുക്കള്‍ ജീര്‍ണിക്കുമ്പോള്‍ വെള്ളത്തില്‍ ലയിച്ചുചേര്‍ന്നിരിക്കുന്ന പ്രാണവായു കുറയും എന്നതുകൊണ്ട് വളരെ നിശ്ചിതമായ സാന്ദ്രതയില്‍ മാത്രമെ വളര്‍ത്തു മത്സ്യങ്ങളെ സംഭരിച്ച് വളര്‍ത്തിയെടുക്കാനും കഴിയൂ. കുളത്തില്‍ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്ന സൂക്ഷ്മജീവികളെ അരിച്ചെടുത്തു ഭക്ഷണം ആക്കുന്ന മത്സ്യ ഇനങ്ങളാണ് മിക്കതും എന്നതുകൊണ്ട് വലിയ വിസ്തൃതിയുള്ള കുളങ്ങള്‍ തന്നെ വേണം ഇത്തരത്തിലുള്ള കൃഷിക്ക്.
അനുയോജ്യ മീനിനങ്ങള്‍
ജൈവമാലിന്യങ്ങളും അടുക്കള മാലിന്യങ്ങളും മറ്റും നേരിട്ട് ഭക്ഷണമാക്കുന്ന മത്സ്യ ഇനങ്ങള്‍ ഉണ്ട്. പ്രാണവായുവിന്റെ തോത് വെള്ളത്തില്‍ തീരെ കുറഞ്ഞിരുന്നാല്‍ പോലും അതിനെ അതിജീവിച്ച് വളരാന്‍ കഴിയുന്ന മത്സ്യഇനങ്ങള്‍. വെള്ളത്തിലെ വിലയിത പ്രാണവായുവിനെക്കാള്‍ അന്തരീക്ഷത്തിലെ വായു തന്നെ നേരിട്ട് സ്വീകരിക്കാന്‍ കഴിവുള്ള മത്സ്യങ്ങളാണ് അവ. അതുകൊണ്ടു തന്നെ ഉയര്‍ന്ന സാന്ദ്രതയില്‍ ചെറിയ ടാങ്കുകളിലും മറ്റും ഇവയെ വളര്‍ത്തിയെടുക്കാന്‍ കഴിയും. സസ്യജന്യവും മത്സ്യമാംസാദികള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണ അവശിഷ്ടങ്ങള്‍ നേരിട്ട് ആഹരിക്കുന്നതുമായ മത്സ്യങ്ങളാണിവ. മാലിന്യ നിര്‍മാര്‍ജനത്തിനും വിനിയോഗത്തിനും ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കാവുന്ന ഇത്തരം മത്സ്യങ്ങള്‍ ടാങ്ക് ഫിഷ് ഫാമിംഗിന് യോജിച്ച മത്സ്യ ഇനങ്ങള്‍ ആണ്.
നാടനുംമറുനാടനും
പരമ്പരാഗതമായിത്തന്നെ നമ്മുടെ നാട്ടില്‍ ലഭ്യമായ കാരി, കൂരി ഇനത്തിലുള്ള മത്സ്യങ്ങളും എന്നാല്‍ അവയെക്കാള്‍ വേഗത്തില്‍ വളര്‍ച്ച നേടുന്ന മലേഷ്യന്‍ കൂരി, പംഗാസിയസ്, തിലാപിയ തുടങ്ങിയ മത്സ്യ ഇനങ്ങളും ടാങ്ക് മത്സ്യകൃഷിക്ക് ഏറ്റവും യോജിച്ചതാണ്. നമ്മുടെ തനത് മത്സ്യങ്ങളായ മഞ്ഞക്കൂരി, വഴക്കൂരി തുടങ്ങിയ മത്സ്യങ്ങളും മാലിന്യ നിര്‍മാര്‍ജനത്തിന് ഏറ്റവും യോജിച്ച മത്സ്യ ഇനങ്ങള്‍തന്നെ. ജൈവ മാലിന്യങ്ങള്‍ നേരിട്ട് ഭക്ഷണമാക്കുന്നതും ഉയര്‍ന്ന സാന്ദ്രതയില്‍ വളര്‍ത്താന്‍ കഴിയുന്നതുമായ മീനിനങ്ങളാണ് ഇവയൊക്കെ.

You must be logged in to post a comment Login