മാള്‍ഡയിലേക്കയച്ച ബിജെപിയുടെ വസ്തുതാ പഠന സംഘത്തെ അറസ്റ്റ് ചെയ്ത് തിരിച്ചയച്ചു

മാള്‍ഡയില്‍ നടന്നത് വര്‍ഗീയ കലാപമല്ലെന്നും ബിഎസ്എഫും നാട്ടുകാരും തമ്മിലുളള സംഘര്‍ഷമാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞിരുന്നു. 

malda

കൊല്‍ക്കൊത്ത: മാല്‍ഡ കലാപത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ ബിജെപി നിയോഗിച്ച വസ്തുതാ പഠന സംഘം അറസ്റ്റില്‍. പശ്ചിമ ബംഗാളില്‍ ദിവസങ്ങളായി തുടര്‍ന്നിരുന്ന കലാപത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച മൂന്നംഗ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തു കൊല്‍ക്കത്തയിലേക്ക് തിരിച്ചയച്ചത്.

എം.പിമാരായ എസ്.എസ് അലുവാലിയ, ഭൂപേന്ദ്ര യാദവ്, വിഷ്ണ ദയാല്‍ രാം എന്നിവരും മറ്റ് രണ്ട് പ്രതിനിധികളുമാണ് മാല്‍ഡയിലെത്തിയത്. എന്നാല്‍ 144 പ്രകാരം പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സന്ദര്‍ശനം അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു പോലീസ് നിലപാട്. അധികൃതരുമായി ഇവര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് സ്ഥലത്ത് നേരിയ സംഘര്‍ഷവുമുണ്ടായി. ഇതേതുടര്‍ന്നാണ് ശതാബ്ദ് എക്‌സ്പ്രസില്‍ ഇവരെ കൊല്‍ക്കത്തയിലേക്ക് അയച്ചത്. ഡല്‍ഹിയിലെത്തി ബി.ജെ.പി നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് എം.പിമാരുടെ സംഘം അറിയിച്ചു.

സംഘര്‍ഷമുണ്ടായ കലിയചകിലേക്ക് പോകുന്നതിനായി മാല്‍ഡ സ്‌റ്റേഷനില്‍ ഇറങ്ങിയ ബി.ജെ.പി സംഘത്തെ സ്‌റ്റേഷനില്‍ നിന്നു പുറത്തുകടക്കാന്‍ പോലും ജില്ലാ ഭരണകൂടം അനുവദിച്ചില്ല. സന്ദര്‍ശനം വര്‍ഗീയ സംഘര്‍ഷത്തിന് ഇടയാക്കുമെന്ന് കാണിച്ചായിരുന്നു തടഞ്ഞുവച്ചത്.

ഇക്കഴിഞ്ഞ മൂന്നിന് കലിയചകില്‍ ഒരു മതവിഭാഗം നടത്തിയ പ്രതിഷേധത്തിനിടെ പോലീസ് സ്‌റ്റേഷനും വാഹനങ്ങളും കത്തിച്ചുവെന്നാണ് കേസ്. അതേസമയം മാള്‍ഡയില്‍ നടന്നത് വര്‍ഗീയ കലാപമല്ലെന്നും ബിഎസ്എഫും നാട്ടുകാരും തമ്മിലുളള സംഘര്‍ഷമാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ജനുവരി 18ന് മാള്‍ഡ സന്ദര്‍ശിക്കാനിരിക്കെയാണ് ബിജെപിയുടെ വസ്തുതാ പഠന സംഘത്തെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും അറസ്റ്റ് ചെയ്തിരിക്കുന്നത്.

You must be logged in to post a comment Login